ഒരു ചടങ്ങിൽ പങ്കെടുക്കാൻ കോഴിക്കോട്ടേക്കുള്ള വിമാനയാത്രയ്ക്കായി വിമാനത്തിൽ കയറിയിരുന്നു ഉമ്മൻചാണ്ടി. ടേക്കോഫിന് മുമ്പായി ടാക്‌സിബേയിലൂടെ മുന്നോട്ട് നീങ്ങിത്തുടങ്ങിയിരുന്നു വിമാനം. പൈലറ്റ് വിമാനം നിർത്തി മുഖ്യമന്ത്രിയുടെ അടുത്തെത്തി. കെ.ആർ. നാരായണന്റെ മരണ വാർത്ത അറിയിച്ചു.
ഉമ്മൻചാണ്ടി ഉടൻ ഡൽഹിയുമായി ബന്ധപ്പെട്ടു. അപ്പോഴാണ് കെ.ആർ. നാരായണൻ മരിച്ചിട്ടില്ലെന്നറിയുന്നത്. കെ.എം. മാണി ഇതിനോടകം അനുശോചന സന്ദേശം അറിയിച്ചുകഴിഞ്ഞിരുന്നു.
2005 പകുതിയോടെ സി.പി.എമ്മിൽ അച്യുതാനന്ദന്റേയും പിണറായി വിജയന്റേയും ചേരികൾ തമ്മിൽ കടുത്തപോര് അതിന്റെ പാരമ്യത്തിലേക്കു നീങ്ങുകയാണ്. അതിലെ സുപ്രധാന ആയുധം എസ്.എൻ.സി. ലാവ്‌ലിൻ വിഷയം തന്നെ.
എന്താണീ എസ്.എൻ.സി. ലാവ്‌ലിൻ കേസ്
കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്.എൻ.സി. ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന് നിദാനം. ഈ കരാർവഴി ലാവ്‌ലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താല്പര്യം എടുത്തതിനാൽ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട് എന്നാണ് ലാവ്‌ലിൻ കേസിലെ പ്രധാന ആരോപണം.
1995 ഓഗസ്റ്റ് 10ന് കോൺഗ്രസ് നേതൃത്വം വഹിച്ചിരുന്ന അന്നത്തെ ഐക്യജനാധിപത്യ മുന്നണി സർക്കാരിലെ വൈദ്യുത മന്ത്രി ആയിരുന്ന ജി. കാർത്തികേയനാണ് എസ്.എൻ.സി. ലാവ്‌ലിനുമായിട്ടുള്ള ആദ്യ ധാരണാപത്രം ഒപ്പ് വയ്ക്കുന്നത്. പിന്നീട് എസ്.എൻ.സി. ലാവ്‌ലിനെ പദ്ധതി നടത്തിപ്പിന് കൺസൾട്ടന്റായി നിയമിച്ചു കൊണ്ടുള്ള കരാർ 1996 ഫെബ്രുവരി 24ന് ഒപ്പിടുന്നതും ജി. കാർത്തികേയൻ വൈദ്യുത വകുപ്പ് മന്ത്രി ആയിരിക്കുന്ന കാലയളവിലാണ്. ലാവ്‌ലിൻ കമ്പനിയുമായി അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ. നായനാർ മന്ത്രിസഭയിലെ വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.
2001 മെയ് മാസത്തിൽ തിരികെ അധികാരത്തിൽ വന്ന എ.കെ. ആന്റണി നേതൃത്വം നൽകിയ ഐക്യജനാധിപത്യ മുന്നണി മന്ത്രിസഭയുടെ കാലത്താണ് കരാർ പ്രകാരം നിർമ്മാണ ജോലികൾ പൂർത്തിയാക്കപ്പെട്ടത്. കടവൂർ ശിവദാസനായിരുന്നു അന്ന് വൈദ്യുത മന്ത്രി. പിന്നീട് ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരിക്കുന്ന അവസരത്തിലാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള തുക പൂർണ്ണമായും അടച്ചു തീർത്തത്. കരാറുകൾ വിഭാവനം ചെയ്യുന്നത് മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ നാല് മന്ത്രിസഭകളിലായി അഞ്ച് മന്ത്രിമാർ വൈദ്യുത വകുപ്പ് ഭരിക്കുകയുണ്ടായി.
ഇക്കാലയളവിൽ മലബാർ കാൻസർ സെന്ററിന് വേണ്ടി കനേഡിയൻ സർക്കാർ ഏജൻസികൾ നൽകുമായിരുന്ന 98 കോടി രൂപയിൽ ആകെ 12 കോടി രൂപ മാത്രമാണ് ധാരണാ പത്രം പുതുക്കാത്തത് മൂലം ലഭിച്ചതത്രെ..! 2001 ജൂണിലാണ് പി.എസ്.പി പദ്ധതിയിൽ അഴിമതിയുണ്ടെന്ന ആദ്യ ആരോപണം ഉയർന്നത്. ഇതിനെ തുടർന്ന് 36 യു.ഡി.എഫ്. എം.എൽ.ഏമാർ ഇതിന്മേൽ അന്വേഷണം വേണമെന്ന് നിയമസഭയിൽ ആവശ്യപ്പെടുകയും, നിയമസഭ അത് സബ്ജക്റ്റ് കമ്മിറ്റിക്ക് വിടുകയും ചെയ്തു. 2003 മാർച്ചിൽ എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. മന്ത്രിസഭ ലാവ്‌ലിൻ കേസിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ ഇന്നും അവസാനിക്കാതെ ആ കേസ് തുടരുകയാണെന്നത് വേറേ കാര്യം.
സി.പി.എമ്മിലെ
ഉൾപ്പാർട്ടി പോരാട്ടങ്ങളിൽ വി.എസ്. അച്യുതാനന്ദൻ എന്നും ഒളിഞ്ഞും തെളിഞ്ഞും
ആയുധമാക്കിയിരുന്ന വസ്തുതകളിൽ പ്രധാനപ്പെട്ടത് ലാവ്‌ലിൻ കേസായിരുന്നു.
പിണറായി വിജയനെ ഈ കേസിൽ എങ്ങിനേയും കുരുക്കാനായി അച്യുതാനന്ദൻ
കച്ചമുറുക്കിയിറങ്ങി. ജനകീയ മുഖമുള്ള പ്രതിപക്ഷനേതാവ് വി.എസ്. ലാവ്‌ലിൻ
കേസ് സി.ബി.ഐയ്ക്ക് വിടണമെന്നു പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടി
അദ്ദേഹത്തെ ആശ്വസിപ്പിക്കാനാണ് ശ്രമിച്ചത്. പ്രതിപക്ഷം കൊണ്ടുവന്ന ഓരോ
അഴിമതിയാരോപണത്തിനും കൃത്യമായി മറുപടി പറഞ്ഞു ഉമ്മൻചാണ്ടി സർക്കാർ. സഭ
അവിശ്വാസ പ്രമേയം തള്ളി.
താൻ സി.എ.ജി റിപ്പോർട്ടിനെ വിശ്വസിക്കുന്നു
എന്ന് പറഞ്ഞ് പിണറായി വിജയനെ പ്രതിരോധത്തിലാക്കിയപ്പോൾ പാർട്ടി ദേശീയ
നേതൃത്വം പിണറായി വിജയനൊപ്പം നിലകൊണ്ടുവെന്നുള്ളതാണ് യാഥാർത്ഥ്യം.
ഇതിനിടെ രാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണൻ 2005 നവംമ്പർ ഒമ്പതിന് അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ന്യൂഡൽഹിയിലെ ആർമി ആശുപത്രിയിലായിരുന്നു. വൃക്കകൾ തകരാറിലായതിനെത്തുടർന്നാണ് അന്ത്യം. രാഷ്ട്രപതി പദവി ഒഴിഞ്ഞതിനുശേഷം പ്യഥ്വിരാജ് റോഡിലെ 34-ാം നമ്പർ ബംഗ്ലാവിലായിരുന്നു താമസം.ഒരു ചടങ്ങിൽ പങ്കെടുക്കാൻ കോഴിക്കോട്ടേക്കുള്ള വിമാനയാത്രയ്ക്കായി വിമാനത്തിൽ കയറിയിരുന്നു ഉമ്മൻചാണ്ടി. ടേക്കോഫിന് മുമ്പായി ടാക്‌സിബേയിലൂടെ മുന്നോട്ട് നീങ്ങിത്തുടങ്ങിയിരുന്നു വിമാനം. പൈലറ്റ് വിമാനം നിർത്തി മുഖ്യമന്ത്രിയുടെ അടുത്തെത്തി. കെ.ആർ. നാരായണന്റെ മരണ വാർത്ത അറിയിച്ചു. വിമാനത്തിലെ പൈലറ്റിനു കിട്ടിയ വാർത്തയായിരുന്നു അത്. പരിപാടിയിൽ മാറ്റമുണ്ടോ എന്ന് പൈലറ്റ് ചോദിച്ചു:
ഇറങ്ങുകയാണെന്നറിയിച്ചു ഉമ്മൻചാണ്ടി.
യാന്ത്രീകമായി അദ്ദേഹം വിമാനത്തിൽ നിന്നുമിറങ്ങി. കാറിൽ കയറി. അപ്പോൾ
ഉമ്മൻചാണ്ടിയുടെ ചിന്ത കെ.ആർ. നാരായണനിലേക്ക് തിരിഞ്ഞു.
രാഷ്ട്രപതിയെന്ന
വരേണ്യതയെ മറികടന്ന്, ആ അത്യുന്നത പദവിയെ തന്നെ കീഴാളവൽക്കരിക്കാൻ
കഴിഞ്ഞതാണ് കെ.ആർ. നാരായണനെ മുൻ ഗാമികളിൽ നിന്നും വ്യത്യസ്തനാക്കുന്നതെന്ന്
ഉമ്മൻ ചാണ്ടിക്ക് പലപ്പോഴും തോന്നിയിരുന്നു. ഭരണകൂട മേധാവികൾ
എഴുതിക്കൊടുക്കുന്ന പ്രഖ്യാപനങ്ങളിലും വാഗ്ദാനങ്ങളിലും കൈയൊപ്പ്
ചാർത്തിക്കൊടുക്കാൻ നിർബന്ധിതനായപ്പോൾ തന്നെ ജനതയുടെ ജീവിതാവസ്ഥയുടെ
നേർക്കാഴ്ചകൾ ഉൾക്കൊള്ളാനും അദ്ദേഹത്തിനു കഴിഞ്ഞു.
തന്മൂലമാണ്, ഭരണനിർവഹണത്തിന്റെ ദൂരക്കാഴ്ചകൾക്കപ്പുറമുള്ള ദളിതുകൾ, ആദിവാസികൾ, ചേരിനിവാസികൾ, സ്ത്രീകൾ, പ്രാന്തവൽകൃതർ എന്നിങ്ങനെയുള്ളവരുടേയും, പ്രശനങ്ങളിൽ ഇടപെടാൻ കഴിഞ്ഞത്.
ചിന്തകൾ ഇങ്ങനെ തള്ളിക്കയറിവരുന്നതിനിടയിൽ കാർ മുഖ്യമന്ത്രിയുടെ ഓഫീസിനുമുന്നിലെത്തി. പത്രക്കാർ പ്രതികരണത്തിനായി എത്തി. പിന്നീട് സംസാരിക്കാമെന്നു പറഞ്ഞ് ഉമ്മൻചാണ്ടി ഉടൻ ഡൽഹിയുമായി ബന്ധപ്പെട്ടു. അപ്പോഴാണ് കെ.ആർ. നാരായണൻ മരിച്ചിട്ടില്ലെന്നറിയുന്നത്. കെ..എം മാണി ഇതിനോടകം അനുശോചന സന്ദേശം അറിയിച്ചുകഴിഞ്ഞിരുന്നു.
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1