പഠിച്ചു റിപ്പോർട്ട് ചെയ്യാൻ ഒരു കമ്മീഷനെ വയ്ക്കുക എന്നതാണല്ലോ നാട്ടു നടപ്പ് ഇവിടെ. അങ്ങനെ ഏറ്റവും കൂടുതൽ കമ്മീഷനുകൾ ഉണ്ടായിട്ടുള്ളത് വിദ്യാഭ്യാസം പരിഷ്‌കരിക്കാൻ ആണ്. സ്വാതന്ത്ര്യത്തിനുശേഷം ഇത്രയും കാലം ആയിട്ട് ഏറ്റവും ചുരുങ്ങിയത് ഒരു മൂന്ന് ഡസൻ എങ്കിലും കാണും! എല്ലാം ഇരുമ്പ് അലമാരകളിൽ ഉറങ്ങുന്നു.
ഏതോ ഒരാളുടെ കഥ പറഞ്ഞ പോലെ വിദ്യാഭ്യാസം ഇപ്പോഴും ഏതോ ഇരിക്കപ്പൊതി ഇല്ലാത്ത ഇടത്തു തന്നെ!
പഠിപ്പിക്കാൻ ആയിരക്കണക്കിന് കോടികൾ ചെലവാകുന്നു, പക്ഷേ, ആരും ഒന്നും പഠിക്കുന്നില്ല!
അപ്പോൾ ഇനി എങ്കിലും നല്ലത് നാളെ എല്ലാ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരുമിച്ച് അടച്ചുപൂട്ടുകയാണ്. കുറച്ചുകാലമായി എന്റെ മനസ്സിൽ ഊറി കൂടിയ ഒരു ചിന്തയാണ് ഇത്.
ഒന്ന് ആലോചിച്ചു നോക്കൂ: അങ്ങനെ ചെയ്താൽ എന്ത് അപകടമാണ് വരാൻ പോകുന്നത്? കുട്ടികൾക്ക് അത്രയും മെച്ചം. നാടിന് അത്രയും ലാഭം!!
ആകെയുള്ളത് ചില്ലറ പ്രയാസങ്ങളാണ്. ചെറിയ കുട്ടികളെ തനിച്ച് വീട്ടിൽ ഇരുത്താൻ പ്രയാസം. അതിനു വഴിയുണ്ട്. അവരെ മയക്കുമരുന്ന് വിൽക്കുന്നവർക്കും മറ്റും കയ്യാളുകളായി നൽകുക. ഭിക്ഷാടന മാഫിയക്ക് വാടകയ്ക്ക് കൊടുക്കുകയും ആവാം!
അധ്യാപകർക്ക് വെറുതെയിരുന്ന് ശമ്പളം വാങ്ങാൻ വേറെ എന്തെങ്കിലും ഏർപ്പാട് ഉണ്ടാക്കിയാൽ മതിയല്ലോ. ഒരു പഠിപ്പിക്കൽ ഉറപ്പ് പദ്ധതി ധാരാളം മതിയാവും. കുട്ടികൾ തന്നെ വേണമെന്നില്ലല്ലോ മുന്നിൽ ഇരുന്ന് പഠിക്കാൻ.
അധ്യാപകരെ നിയമിച്ച് കോടിക്കണക്കിന് കോഴ വാങ്ങുന്ന ആളുകൾക്ക് ഇത്രയും അധ്യാപകർക്കുള്ള ശമ്പളം അങ്ങ് കൊടുത്താൽ പോരേ? (മിനിസ്ട്രിയിലെ വിഹിതനിരക്കും നിശ്ചയിക്കാം)
ഇല്ലെങ്കിൽ സർക്കാർ പറയട്ടെ, ഇപ്പോഴുള്ള പൊതു വിദ്യാലയങ്ങളിൽ നൂറിൽ ഒന്നെങ്കിലും മര്യാദയ്ക്ക് വല്ലതും ചെയ്യുന്നുണ്ടോ?
ഒരു കാര്യത്തിന് മാത്രമാണ് ഇപ്പോൾ ഇവയുടെ പ്രയോജനം. വിദ്യാഭ്യാസ മന്ത്രിക്ക് ഇടയ്ക്കിടെ ഓരോ വാർത്താ ബോംബ് പൊട്ടിക്കാം. വിദ്യാലയങ്ങളോട് ബന്ധപ്പെട്ട ദുരന്തങ്ങളിൽ മരിക്കുന്ന കുട്ടികളും വാർത്ത തന്നെ വേണമെന്നുണ്ടോ?
ബോംബ് പൊട്ടിയും ഷോക്കടിച്ചും കെട്ടിടം ഇടിഞ്ഞുവീണുമൊക്കെ മരണം ഉണ്ടല്ലോ! ആളുകളുടെ ശ്രദ്ധ തിരിക്കാൻ വേറെയും വാർത്തയ്ക്ക് പ്രയാസം ഉണ്ടാകാറില്ല.
ഒന്നും ഇല്ലാതിരിക്കെ ഇപ്പോൾ ഇതാ ഒരു അവധിക്കാല പ്രശ്‌നം. വേനൽക്കാലം വേണോ മഴക്കാലം വേണോ അവധിക്കാല മാക്കാൻ എന്നതാണ് ഇപ്പോഴത്തെ ജീവൻ മരണ പ്രശ്‌നം. വടക്കേ ഇന്ത്യക്കാർക്ക് വേനൽക്കാലം മതി. നമുക്ക് വർഷകാലം തന്നെ വേണം. അപ്പോൾ പരീക്ഷ എന്ന് നടത്തും?
ഒരിക്കലും യോജിപ്പുണ്ടാവില്ല. അത് രാഷ്ട്രീയമായി ഉപയോഗിക്കാം. (വടക്കായാലും തെക്കായാലും ചോദ്യങ്ങൾ നേരത്തെ വില കൊടുത്തു വാങ്ങാൻ സൗകര്യം ഉണ്ടാകുന്ന കാര്യത്തിൽ തർക്കം പാടില്ല!)
ഒരു കാര്യം മാത്രം ചോദിക്കരുത്: ഇവിടെ ഏത് കുട്ടി ഏത് സ്‌കൂളിൽ പഠിക്കുന്ന ഏത് കാര്യമാണ് അവന് അവൾക്കോ ഒരു ജീവിതം ഉണ്ടാകാനും അതിനൊരു തൊഴിൽ ചെയ്യാൻ അഭ്യസിക്കാനും മതിയാവുന്നത്?
ഒരു പഴയ ചൊല്ലുണ്ട്: ഏത് ഗുരുത്വം കെട്ടവൻ പട്ടിക്കാട്ടം ചവിട്ടിയാലും മൂന്നിടത്തെങ്കിലും നാറും എന്ന്. കാല് നാറും, അത് എന്താണെന്ന് വിരല് കൊണ്ട് തൊട്ടുനോക്കുമ്പോൾ വിരൽ നാറും, ആ വിരൽത്തുമ്പ് വേറെ എവിടെയെങ്കിലും തുടയ്ക്കുമ്പോൾ അവിടെയൊക്കെ നാറും!
ഇങ്ങനെയാണ് ഇപ്പോൾ നാടുമുഴുക്കെ നാറുന്നതും നീറുന്നതും!
ഇനി ഒട്ടും അമാന്തിക്കരുത് എല്ലാം അടച്ചു പൂട്ടുക!!
ശുഭം, മംഗളം!
സി. രാധാകൃഷ്ണൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1