'ക്ലീൻ കേരള' മിഷൻ ടോപ് ഗിയറിലേക്ക്

AUGUST 6, 2025, 12:27 PM

അനന്തകാലത്തേക്കും ഇഴയാനാണു 'മാലിന്യമുക്ത കേരളം' പദ്ധതിയുടെ യോഗമെന്ന നിരീക്ഷണം ജനങ്ങൾ ഭേദഗതി ചെയ്തു തുടങ്ങിയിരിക്കുന്നു. 'വലിച്ചെറിയൽ വിരുദ്ധ' ആഹ്വാനങ്ങൾ സമ്മിശ്ര ഫലമാണുളവാക്കിയതെങ്കിലും അനുബന്ധ നടപടികൾ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകുന്നു സർക്കാരും മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും. അതിന്റെ ഫലം പൊതുവേ അനുഭവപ്പെട്ടുതുടങ്ങിയതായാണ് സ്വച്ഛകേരള സ്വപ്‌നം എങ്ങുമെത്താത്തതിലുള്ള നിരാശ പങ്കുവച്ചുപോന്ന നിരീക്ഷകർ ഇപ്പോൾ പറയുന്നത്. ബ്രഹ്മപുരത്തെ മാലിന്യ നിർമ്മാർജ്ജന പദ്ധതിയുടെ പുരോഗതി അവർ സാഹ്ലാദം ചൂണ്ടിക്കാട്ടുന്നു. 

വലിച്ചെറിയൽ വിരുദ്ധ ആശയം പ്രാവർത്തികമാക്കാനാവശ്യമായ സംവിധാനങ്ങൾ കുറച്ചൊക്കെ നിലവിൽ വന്നു. പൊതുനിരത്തിലും കവലകളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനാവശ്യമായ ബിന്നുകൾ സ്ഥാപിച്ചു. എന്നാൽ, പൊതുനിരത്തുകളുടെ വശങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രവണതയ്ക്ക് അറുതിയായില്ല. മാലിന്യമുക്ത കേരളത്തിന്റെ സൃഷ്ടി ലക്ഷ്യം വെച്ച് രൂപവത്കരിക്കപ്പെട്ട ഹരിത കർമ സേനയുടെ പ്രവർത്തനം തന്നെ പരാതിക്കിടയാക്കുന്നുണ്ട്. ഹരിത സേന വീടുകളിൽ നിന്ന് 50 രൂപ വാങ്ങി ശേഖരിക്കുന്ന മാലിന്യങ്ങൾ ഏതെങ്കിലും പൊതുസ്ഥലത്ത് നിക്ഷേപിക്കുകയാണ് ചെയ്യുക. ആഴ്ചകൾ അവിടെ കിടന്ന ശേഷമായിരിക്കും മാലിന്യച്ചാക്കുകൾ നീക്കം ചെയ്യുന്നത്.

അത്രയും നാൾ അവ സൃഷ്ടിക്കുന്ന ദുർഗന്ധവും പാരിസ്ഥിതിക പ്രശ്‌നങ്ങളും പൊതുജനം സഹിക്കണം. ബ്രഹ്മപുരത്തേതുപോലെ മാലിന്യ സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിച്ച് ഈ പ്രശ്‌നം പരിഹരിക്കാനുള്ള നീക്കം ഇപ്പോൾ മുന്നേറുന്നു.  വീടുകൾ, കച്ചവട സ്ഥാപനങ്ങൾ, ആശുപത്രികൾ, ഹോട്ടലുകൾ, മാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങളിൽ നിന്നുണ്ടാകുന്ന മാലിന്യങ്ങൾ പൊതുവെ വലിച്ചെറിയുന്നത് നിരത്തുകളുടെ വശങ്ങളിലും പൊതുയിടങ്ങളിലും ജലാശയങ്ങളിലുമാണ്. സമൂഹത്തോടുള്ള വെല്ലുവിളിയും ഗുരുതര നിയമലംഘനവുമാണിതെന്ന കാര്യം ഏവർക്കുമറിയാമെങ്കിലും 'പഠിച്ചതേ പാടൂ' എന്ന അവസ്ഥ മാറുന്നില്ല.

vachakam
vachakam
vachakam

വ്യക്തിപരമായ ശുചീകരണത്തിലും വീടുകൾ വൃത്തിയായി സൂക്ഷിക്കുന്നതിലും ശ്രദ്ധാലുക്കളാണെങ്കിലും സാമൂഹിക ശുചിത്വത്തിൽ പിന്നോക്കമാണ് പല വ്യക്തികളും കുടുംബങ്ങളും സ്ഥാപനങ്ങളും. ഒരു ഉത്പന്നം വാങ്ങിയാൽ അത് പരമാവധി ഉപയോഗിച്ച്, കഴിയുമെങ്കിൽ പുനരുപയോഗിച്ച് മാലിന്യങ്ങൾ യഥാവിധി സംസ്‌കരിക്കുകയെന്നതായിരുന്നു പഴയ തലമുറയുടെ സംസ്‌കാരം. ആവശ്യം കഴിയുമ്പോൾ വസ്തുക്കൾ അതീവ ലാഘവത്തോടെ എവിടെയെങ്കിലും വലിച്ചെറിയുന്നതായി പിന്നീട് ഉരുത്തിരിഞ്ഞ സംസ്‌കാരം.

ജലാശയങ്ങളിലും ജലസ്രോതസ്സുകളിലും മാലിന്യങ്ങളും വിസർജ്യങ്ങളും വലിച്ചെറിഞ്ഞാൽ 10,000 മുതൽ 50,000 രൂപ വരെ പിഴ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വന്നില്ല. ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻ ഗുനിയ തുടങ്ങിയ മാരക രോഗങ്ങൾ പടർന്നു പിടിച്ചിട്ടും ജനങ്ങൾക്കു ബോധം വന്നില്ല. സംസ്ഥാനത്തെ ജലാശയങ്ങളിലെങ്ങും വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ദൃശ്യമാണ്. മദ്യക്കുപ്പികളാണ് ഗണ്യഭാഗവും. തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ഒരു ശുചീകരണ തൊഴിലാളി മരിച്ച അത്യാഹിതത്തെ തുടർന്ന് തോട്ടിലെ മാലിന്യം നീക്കിയപ്പോൾ അതിലേറെയും മദ്യക്കുപ്പികളായിരുന്നു. ഒഴിഞ്ഞ കുപ്പികൾ റോഡരികിലും ജലാശയങ്ങളിലുമാണ്  മദ്യപന്മാർ വലിച്ചെറിയുന്നത്. ഇതു മനസിലാക്കിയുള്ള തിരുത്തൽ തന്ത്രം ഇനി ബെവ്‌കോ വഴി നടപ്പാക്കാനാകുമെന്നാണ് സർക്കാരന്റെ പ്രതീക്ഷ.

കുപ്പിക്കു ജാമ്യത്തുക

vachakam
vachakam
vachakam

പ്ലാസ്റ്റിക്് കുപ്പികളിലെ മദ്യം വാങ്ങുമ്പോൾ കുപ്പി ഒന്നിന് ഇരുപതു രൂപ ഡെപ്പോസിറ്റ് തുകയായി ഈടാക്കും. ഈ കുപ്പി ബെവ്‌കോ ഔട്ട്‌ലെറ്റിൽ തിരികെ നൽകിയാൽ ആ ഇരുപതു രൂപ തിരിച്ചുകിട്ടും. പ്ലാസ്റ്റിക്ക് മാലിന്യം കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നതെന്ന് എക്‌സൈസ് മന്ത്രി എം.ബി. രജേഷ് വ്യക്തമാക്കി. ക്ലീൻ കേരളം പദ്ധതിയുമായി ചേർന്ന് ഇതിന്റെ പൈലറ്റ് പദ്ധതി സെപ്തംബറിൽ തിരുവനന്തപുരത്ത് ആരംഭിക്കും. എവിടെനിന്നണോ മദ്യം വാങ്ങിയത് ആ ഔട്ട്‌ലെറ്റിൽ തന്നെ കുപ്പി തിരികെ ഏൽപ്പിച്ചാൽ മാത്രമേ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കൂ. കുപ്പികൾ ഏത് ഔട്ട്‌ലെറ്റിൽ ഏൽപ്പിച്ചാലും ഡെപ്പോസിറ്റ് തുക തിരികെക്കിട്ടുന്ന രീതി നടപ്പാക്കുന്നതിനെക്കുറിച്ച് പിന്നീടു പരിശോധിക്കുമെന്നും മന്ത്രി പറയുന്നു. കുപ്പിയിലെ സ്റ്റിക്കർ നഷ്ടപ്പെട്ടാതെ നോക്കാനുള്ള ജാഗ്രത കാട്ടണം 'കുടിയൻ'. അല്ലെങ്കിൽ പണം തിരികെ കിട്ടില്ല.

ഇരുപതു രൂപ ഡെപ്പോസിറ്റ് തുക സംസ്‌കരണ ഇനത്തിലുള്ള ചെലവിലേക്കാണ്. പ്രതിവർഷം 70 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിക്കുന്നത്. ഇതിൽ കൂടുതലും പ്ലാസ്റ്റിക്ക് കുപ്പികളിലാണ്. പലയിടങ്ങളിലും മദ്യപർ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. തമിഴ്‌നാട്ടിലെ മാതൃക പഠിച്ചാണ് കേരളത്തിലും പുത്തൻ പദ്ധതി നടപ്പാക്കുന്നത്. ബെവ്‌കോ, ക്ലീൻ കേരളം കമ്പനി, എക്‌സൈസ്, ശുചിത്വമിഷൻ എന്നിവ സംയുക്തമായാണ് തമിഴ്‌നാടിന്റെ രീതി വിശകലനം ചെയ്ത് അനുകൂല നടപടിക്കു സന്നദ്ധമായത്. 800 രൂപയ്ക്ക് മുകളിലുള്ള മദ്യം ഇനി മുതൽ ചില്ലുകുപ്പികളിൽ വിതരണം ചെയ്യും.
കേരളത്തെ മാലിന്യമുക്തമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട് കാലമേറെയായി. മാറിമാറി വന്ന സർക്കാരുകൾ ഈ ലക്ഷ്യത്തിൽ പല പദ്ധതികളും ആസൂത്രണം ചെയ്ത് മുന്നോട്ടുകൊണ്ടുപോയി.

പക്ഷേ, ഒന്നും ലക്ഷ്യത്തിലെത്തിയില്ലെന്നതായിരുന്നു അനുഭവം. ജനങ്ങളിൽ നിന്ന് മതിയായ സഹകരണം ലഭിച്ചില്ലെന്നത് തന്നെ പ്രധാന കാരണം. കോടതിയും ആവർത്തിച്ചു തന്നെ പ്രശ്‌നത്തിൽ ഇടപെട്ടു. മാലിന്യമുക്ത കേരളം ഉറപ്പാക്കുന്നതിന് 2016 ലെ ഖരമാലിന്യ പരിപാലന ചട്ടപ്രകാരം സമഗ്രമായ കർമപദ്ധതി തയ്യാറാക്കി സമയബന്ധിതമായി നടപ്പാക്കാൻ ഹൈക്കോടതി നിർദേശം നൽകി. തുടർന്നു സർക്കാർ പദ്ധതി ആവിഷ്‌കരിച്ചു.ജൈവ, അജൈവ മാലിന്യങ്ങൾ 100 ശതമാനം ഉറവിടത്തിൽ തന്നെ വേർതിരിക്കൽ, അജൈവ മാലിന്യങ്ങളുടെ 100 ശതമാന വാതിൽപടി ശേഖരണം, ജൈവമാലിന്യം 100 ശതമാനവും ഉറവിടത്തിൽ ശാസ്ത്രീയമായി സംസ്‌കരിക്കുക,

vachakam
vachakam
vachakam

പൊതുയിടങ്ങൾ പൂർണമായും മാലിന്യമുക്തമാക്കൽ, എല്ലാ ജലാശയങ്ങളിലെയും ഖരമാലിന്യം നീക്കം ചെയ്ത് നീരൊഴുക്ക് ഉറപ്പാക്കുക, പൊതുപരിപാടികളിലും ആഘോഷങ്ങളിലും ഉത്സവങ്ങളിലും ഹരിത പ്രോട്ടോകോൾ നടപ്പാക്കി പൊതുസ്ഥലങ്ങളിലേക്ക് മാലിന്യങ്ങൾ വരുന്നത് തടയുക, മികച്ച രീതിയിൽ മാലിന്യ സംസ്‌കരണം നടത്തുന്ന വാണിജ്യ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും പുരസ്‌കാരം തുടങ്ങിയവയായിരുന്നു ഇതിന്റെ ഭാഗമായുള്ള പരിപാടികൾ. പദ്ധതി സമയബന്ധിതമായി നടപ്പാക്കി 2023 ജനുവരി അഞ്ചോടെ സംസ്ഥാനത്തെ എല്ലാ സ്വയംഭരണ സ്ഥാപനങ്ങളും വലിച്ചെറിയൽ മുക്തമാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്‌തെങ്കിലും കാര്യങ്ങൾക്കു പിന്നീട് മാന്ദ്യം വന്നു. 

കൊച്ചി മുന്നിൽ

കേന്ദ്ര മന്ത്രാലയ പാർപ്പിട നഗരകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവേയായ സ്വച്ഛ് സർവേക്ഷണിൽ ദേശീയതലത്തിൽ കൊച്ചി കോർപ്പറേഷൻ അൻപതാം റാങ്കിലേക്കു കയറി. റാങ്കിങ്ങിൽ കേരളത്തിൽ ഏറ്റവും മുന്നിൽ കൊച്ചിയാണ്. 2023 ലെ സർവേ പ്രകാരം ദേശീയതലത്തിൽ 416-ാം സ്ഥാനത്തായിരുന്നു കൊച്ചി. ആദ്യമായാണ് കേരളത്തിലെ ഒരു നഗരം, ദേശീയതലത്തിൽ 50-ാം സ്ഥാനത്തെത്തുന്നത്. നഗര ശുചിത്വ സർവേയുടെ ഒൻപതാം പതിപ്പായ സ്വച്ഛ് സർവേക്ഷൺ നാഷണൽ 2024 പ്രകാരമാണ് റാങ്കിങ്. ഖരമാലിന്യ സംസ്‌കരണത്തിന്റെ കാര്യക്ഷമത, ശാസ്ത്രീയമായ ശേഖരണവും തരംതിരിക്കലും, പുനരുപയോഗവും സംസ്‌കരണ സംവിധാനങ്ങളും, പൊതുജന പങ്കാളിത്തം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ജിഎഫ്‌സി സ്റ്റാർ റേറ്റിങ് നിശ്ചയിച്ചത്.

ന്യൂഡൽഹിയിലെ വിജ്ഞാൻഭവനിൽ നടന്ന ചടങ്ങിൽ സ്വച്ഛ് സർവേക്ഷൻ ഒൻപതാം പതിപ്പിന്റെ ഫലപ്രഖ്യാപനം രാഷ്ട്രപതി ദ്രൗപദി മുർമുവാണു നിർവഹിച്ചത്. പൊതുജനാഭിപ്രായം, സേവനതല മികവ്, സർട്ടിഫിക്കേഷൻ എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു റാങ്കിങ് നിർണയം. ദേശീയ സ്വച്ഛ് സർവേക്ഷൻ 2024, ഗാർബേജ് ഫ്രീ സിറ്റി റേറ്റിങ്, ഒഡിഎഫ് റേറ്റിങ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനാണ് കൊച്ചി നഗരസഭയ്ക്ക് റാങ്ക് ലഭിച്ചത്. മൂന്നുലക്ഷം മുതൽ പത്തുലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിലാണ് കൊച്ചി ദേശീയതലത്തിൽ അൻപതാം സ്ഥാനം കരസ്ഥമാക്കിയത്. കേരളത്തിൽനിന്ന് 94 നഗരങ്ങൾ ഉൾപ്പെടെ കണ്ണൂർ കന്റോൺമെന്റും സർവേക്ഷനിൽ പങ്കെടുത്തിരുന്നു. ഗാർബേജ് ഫ്രീ സിറ്റി റേറ്റിങ്ങിൽ കൊച്ചിക്ക് വൺ സ്റ്റാർ റേറ്റിങ്ങും ലഭിച്ചു. ഗാർബേജ് ഫ്രീ സിറ്റി റേറ്റിങ് ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ നഗരസഭകളിൽ ഒന്നാണ് കൊച്ചി.

ബ്രഹ്മപുരം പ്ലാന്റ് 

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ പുതിയ കംപ്രസ്ഡ് ബയോഗ്യാസ് (സി.ബി.ജി) പ്ലാന്റ് ഏതാനും ആഴ്ചകൾക്കകം പ്രവർത്തനസജ്ജമാകുമെന്നാണ് സർക്കാർ ഈയിടെ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. ബി.പി.സി.എൽ. സഹകരണത്തോടെയുള്ള പ്ലാന്റിന്റെ ട്രയൽ റൺ നടക്കുന്നു. പൂർണ സജ്ജമായാൽ ദിവസം 150 ടൺ മാലിന്യം സംസ്‌കരിക്കാൻ കഴിയുമിവിടെ. ബ്രഹ്മപുരത്ത് കെട്ടിക്കിടന്ന മാലിന്യത്തിൽ 90 ശതമാനവും സംസ്‌കരിച്ചതായി കോർപ്പറേഷൻ കോടതിയെ അറിയിച്ചു. ഇടറോഡുകൾ സജ്ജമാണെന്നും ബ്ലാക്ക് സോൾജിയർ ഫ്‌ളൈ പദ്ധതി കാര്യക്ഷമമാണെന്നും കോർപ്പറേഷൻ വ്യക്തമാക്കി.

സി.ബി.ജി പ്ലാന്റ് പ്രവർത്തിച്ചു തുടങ്ങിയതിനുശേഷം നിരത്തിൽ മാലിന്യക്കൂമ്പാരം കണ്ടാൽ കൊച്ചി കോർപ്പറേഷന് ഒഴിവുകഴിവുകൾ പറയാനാകില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഓർമ്മിപ്പിച്ചിരുന്നു. ബ്രഹ്മപുരത്തെ കരാറുകാർ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന റിപ്പോർട്ടും കോടതിക്ക് മുമ്പിലുണ്ടെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. പണം കൈമാറാൻ വൈകുന്നതിന്റെ പേരിൽ മാലിന്യം കുമിഞ്ഞുകൂടാൻ ഇടവരരുതെന്നും പ്രശ്‌നപരിഹാരം ഉറപ്പാക്കണമെന്നും അധികൃതരോട് നിർദ്ദേശിച്ചു. ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരങ്ങൾ കത്തി പല തവണ വിഷപ്പുക ശ്വസിച്ചു വിഷമിച്ച കൊച്ചി നഗരവാസികൾക്ക് വലിയ ആശ്വാസമേകുന്ന വാർത്തയാണിത്. നഗര പ്രദേശത്ത് മാലിന്യം കൃത്യമായി നീക്കം ചെയ്യപ്പെടുമെന്ന പ്രതീക്ഷയും ഒപ്പം ഉണരുന്നു.

ഭക്ഷ്യമാലിന്യ സംസ്‌കരണത്തിനുള്ളതാണ് സി.ബി.ജി പ്ലാന്റ്. മുതൽ മുടക്ക് 110 കോടി രൂപ. സമീപം പ്രവർത്തിക്കുന്ന ബി.പി.സി.എല്ലിനു പൈപ്പ് വഴി കംപ്രസ്ഡ് ബയോഗ്യാസ് നൽകുന്നതിലൂടെ പ്രതിവർഷ വില്പന ലക്ഷ്യം 14 കോടി. മാലിന്യസംസ്‌കരണച്ചെലവിൽ കോർപ്പറേഷന് വർഷം 20 കോടി ലാഭിക്കാനാകുമെന്നാണു കണക്ക്. രണ്ട് ബയോ ഡൈജസ്റ്ററുകൾ ആണ് പ്രധാന ഘടകം. ആദ്യം 75 ടണ്ണിൽ ആരംഭിച്ച് 150 ടൺ വരെ ഘട്ടങ്ങളായി ശേഷി ഉയർത്തും.

ആറു ടൺ വരെ സി.ബി.ജിയും 25 ടൺ ജൈവവളവും പ്രതിദിനം ലഭിക്കും. പഞ്ചാബിലെ സെന്റർ ഫോർ ഓൺട്രപ്രണർഷിപ്പ് ആൻഡ് ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ആണ് കരാറുകാർ. പ്രതിവർഷ പ്രവർത്തനച്ചെലവ് 10 കോടി. ബ്രഹ്മപുരം പ്ലാന്റ് പോലുള്ള പദ്ധതികൾ കേരളത്തിൽ പലയിടത്തും നടപ്പാക്കുന്നതു ദൂരവ്യാപക ഫലമുളവാക്കുമെന്നാണു വിലയിരുത്തൽ.

ബാബു കദളിക്കാട്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam