ലക്ഷക്കണക്കിന് ജനങ്ങളുടെ മരണത്തിന് കാരണമായ അണു ബോംബിന്റെ പരീക്ഷണ വിജയത്തിനൊടുവില്‍ ഭഗവത് ഗീതയെ ഉദ്ധരിച്ച് അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ റോബര്‍ട്ട് ഓപ്പണ്‍ഹൈമര്‍ ഇങ്ങനെ പറഞ്ഞു- 'ഞാനാകുന്നു മരണം, ലോകത്തെ നശിപ്പിക്കുന്നവനാകുന്നു'. ആയിരം സൂര്യന്മാര്‍ ഒരുമിച്ചുദിക്കുന്ന ഭയാനകമായ പ്രകാശത്തില്‍ ആ നഗരം കത്തിയെരിഞ്ഞു. രണ്ടാം ലോക മഹായുദ്ധം അവസാനിക്കാന്‍ ജര്‍മ്മനിയുടെ കീഴടങ്ങലിന് ശേഷം ജപ്പാനും അമേരിക്കയ്ക്ക് മുന്നില്‍ കീഴടങ്ങണമായിരുന്നു. എന്നാല്‍ അച്ചുതണ്ട് ശക്തികളിലൊന്നായ ജപ്പാന്‍ കീഴടങ്ങലിന് തയ്യാറായിരുന്നില്ല. തുടര്‍ന്ന് ജപ്പാന്റെ ചെറു നഗരങ്ങളായ ഹിരോഷിമയേയും നാഗസാക്കിയേയും ലക്ഷ്യംവച്ച് 1945 ഓഗസ്റ്റ് 6 നും ഓഗസ്റ്റ് 9 നും അമേരിക്ക അണു ബോബംബ് വര്‍ഷിച്ചു.
ഹിരോഷിമയുടെ ആകാശങ്ങളില്‍ അമേരിക്കയുടെ അതിപ്രഹര ശേഷിയുള്ള അണു ബോംബുകള്‍ വീണിട്ട് 2025 ഓഗസ്റ്റ് ആറിന് എട്ട് പതിറ്റാണ്ട് തികയുകയാണ്. അണു ബോംബ് ആക്രമണത്തില്‍ നിന്നും രക്ഷ നേടിയ ആയിരം 'ഹിബാക്കുഷ'കളാണ് ഇന്നും ജപ്പാനിലെ പുതു തലമുറയ്ക്ക് ആ ഭീകരതയുടെ കഥ പറഞ്ഞു നല്‍കുന്നത്.
അമേരിക്കയുടെ പ്രകോപനത്തിന് കാരണം
1941 ഡിസംബര്‍ 7 ന് അമേരിക്കയിലെ പേള്‍ ഹാര്‍ബറില്‍ ജപ്പാന്‍ നടത്തിയ ആക്രമണമാണ് തുടക്കമെന്ന് വിവിധ വൃത്തങ്ങള്‍ അവകാശപ്പെടുന്നു. 2400 ഓളം പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ അമേരിക്ക ജപ്പാനോട് പകരം ചോദിച്ചതാണ് യഥാര്‍ഥത്തില്‍ ഹിരോഷിമയില്‍ നടന്നത്. ഒടുവില്‍ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക അണു ബോംബ് നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മാന്‍ഹാട്ടണ്‍ പ്രൊജക്ട്
രണ്ടാം ലോകമഹായുദ്ധ കാലത്ത് ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിനായി ഏറ്റെടുത്ത ഒരു ഗവേഷണ പദ്ധതിയായിരുന്നു മാന്‍ഹട്ടന്‍ പദ്ധതി. യുണൈറ്റഡ് കിങ്ഡത്തിന്റെയും കാനഡയുടെയും സഹകരണത്തോടെ അമേരിക്കയുടെ നേതൃത്വത്തിലാണ് പദ്ധതി നടന്നത്. E=MC^2 എന്ന അപേക്ഷികതാ സിദ്ധാന്തത്തിന്റെ സമവാക്യമാണ് അണു ബോംബിന്റെ അടിസ്ഥാനം. അണുവിഘടനമാണ് അണു ബോംബില്‍ നടക്കുന്നത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന്റെ സംഭാവനയായ ഈ സമവാക്യത്തില്‍ നിന്നുമാണ് അണു ബോംബ് എന്ന ആശയം രൂപീകൃതമാകുന്നതെന്ന് വിവിധ വൃത്തങ്ങള്‍ പറയുന്നു.
അണു ബോംബുകളുടെ പിതാവെന്നറിയപ്പെടുന്ന ജെ റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ നേതൃത്വത്തിലായിരുന്നു പരീക്ഷണങ്ങള്‍. 'ട്രിനിറ്റി' പരീക്ഷണമെന്നാണ് മാന്‍ഹാട്ടന്റെ ആദ്യ ഘട്ടത്തെ വിശേഷിപ്പിക്കുന്നത്. ന്യൂ മെക്സിക്കോയിലെ ലോസ് അലമോസ് രഹസ്യ പരീക്ഷണശാലയിലാണ് പരീക്ഷണങ്ങള്‍ നടത്തിയത്. തുടര്‍ന്ന് 1945 ജൂലൈ 16 ന് പരീക്ഷണം വിജയം കണ്ടു. അങ്ങനെ 'മാന്‍ഹാട്ടണ്‍ പ്രൊജക്ടിന്റെ' ആദ്യ കടമ്പ പൂര്‍ത്തിയാക്കി.
കുരുതിക്കളമായി ഹിരോഷിമ
ഹിരോഷിമയുടെ ആകാശത്ത് തീമഴ പെയ്തപ്പോള്‍ തെളിഞ്ഞത് അമേരിക്കന്‍ അപ്രമാതിത്വത്തിന്റെ നേര്‍ സാക്ഷ്യവും ശാസ്ത്രത്തിന്റെ പുരോഗതിയുമായിരുന്നു. സഖ്യ കക്ഷികള്‍ പിടിച്ചെടുത്ത ടിനിയന്‍ ദ്വീപില്‍ നിന്ന് പുലര്‍ച്ചെയാണ് അണു ബോംബും വഹിച്ചു കൊണ്ട് ബോംബര്‍ വിമാനം പറന്നുയര്‍ന്നത്. ജപ്പാനിലെ ഹോണ്‍ഷൂ ദ്വീപിലെ ഹിരോഷിമ എന്ന കൊച്ചു നഗരത്തിലേയ്ക്ക് ബോംബുമായി അമേരിക്ക എത്തിയത് എനോള ഗേ ബി 29 എന്ന ബോംബര്‍ വിമാനത്തിലാണ്. കേണല്‍ പോള്‍ ടിബറ്റ് വൈമാനികനായും റോബര്‍ട്ട് ലൂയിസ് സഹ വൈമാനികനായും ബോംബര്‍ വിമാനത്തെ നിയന്ത്രിച്ചു. രാവിലെ 8.15 ഓടെ ഹിരോഷിമയില്‍ തീമഴ പെയ്തു.
'ലിറ്റില്‍ ബോയ്' എന്ന അതിപ്രഹര ശേഷിയുള്ള അണു ബോംബാണ് ഹിരോഷിമയില്‍ മരണം വിതച്ചത്. മൂന്ന് മീറ്റര്‍ നീളവും 28 ഇഞ്ച് വ്യാസവുമുള്ള ലിറ്റില്‍ ബോയിയുടെ ഭാരം 4400 കിലോഗ്രാമായിരുന്നു. യുറേനിയം 235 ല്‍ ഈയത്തിന്റെ(ലെഡ്) ആവരണമുള്ള ഉഗ്രപ്രഹര ശേഷിയുള്ള ബോംബിന് 15000 ടിഎന്‍ടി അളവില്‍ ഊര്‍ജം ഉത്പാദിപ്പിക്കാനായി. 10 കി.മി ചുറ്റളവില്‍ മൂന്ന് ദിവസത്തോളം ഹിരോഷിമ കത്തിയെരിഞ്ഞു. മൂന്നു ലക്ഷത്തോളം ജനങ്ങള്‍ പാര്‍ത്തിരുന്ന ഹിരോഷിമയില്‍ 80000 പേര്‍ വെന്തുരുകിയത് സെക്കന്‍ഡിന്റെ പാതി സമയം കൊണ്ട്. എന്നാല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ അണു വികരണങ്ങള്‍ ബാധിച്ച് നരകിച്ച് മരിച്ചു.
മൂന്നാം ദിനം നാഗസാക്കിയിലും
അതിഭീകരമായ ആക്രമണമുണ്ടായിട്ടും ജപ്പാന്‍ കീഴടങ്ങാന്‍ തയ്യാറല്ലാത്തതിനാല്‍ ഹിരോഷിമയില്‍ നിന്ന് 421 കി.മി അകലെയുള്ള നാഗസാക്കിയിലും അമേരിക്ക അണു ബോംബാക്രമണം നടത്തി. ബോക്സ്‌കര്‍ ബി 29 ബോംബര്‍ വിമാനത്തിലാണ് 'ഫാറ്റ്മാന്‍' എന്ന അണു ബോംബ് നാഗസാക്കിയിലെത്തിച്ചത്.
നാഗസാക്കിയില്‍ ദുരന്തം വിതച്ച 'ഫാറ്റ് മാന്‍' എന്ന അണു ബോംബിന് 3.3 മീറ്റര്‍ നീളവും 60 ഇഞ്ച് വ്യാസവും 4898 കിലോഗ്രാം ഭാരവുമുണ്ടായിരിന്നു. പ്ലൂട്ടോണിയം 239 ആയിരുന്നു ഫാറ്റ്മാനില്‍ ഉപയോഗിച്ചത്. 70,000 ജനങ്ങള്‍ കൊല്ലപ്പെട്ടതായി വിവിധ വൃത്തങ്ങള്‍ രേഖപ്പെടുത്തുന്നു. നാഗസാക്കിയിലും അമേരിക്ക ആക്രമണം നടത്തിയതോടെ അച്ചുതണ്ട് ശക്തിയായ ജപ്പാന്‍ ഓഗസ്റ്റ് 14 ന് അമേരിക്കയ്ക്കു മുന്നില്‍ കീഴടങ്ങുകയായിരുന്നു.
മൊട്ടോയ്യാസു നദിക്കരയിലെ പ്രിഫെക്ച്വറല്‍ ഹാളിന് മുന്നിലായുള്ള ഫലകത്തില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. 'സമാധാനമായി വിശ്രമിക്കൂ, ഇനിയെങ്കിലും തെറ്റുകള്‍ നാം ആവര്‍ത്തിക്കാതിരിക്കട്ടെ' എന്ന്. അതിജീവിതരായ ഹിബാക്കുഷകള്‍ ഇപ്പോഴും ആ ഇരുണ്ട രാത്രിയെ പേടിയോടെ ഓര്‍മിക്കുന്നു.
തുടര്‍ന്നും ആണവാക്രമണങ്ങള്‍
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഇറാനിലെ തന്ത്രപ്രധാനമായ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ആണവാക്രമണം നടത്തിയിരുന്നു. ഫോര്‍ദോ, നതാന്‍സ്, ഇസ്ഫാഹാന്‍ എന്നീ ആണവനിലയങ്ങളിലാണ് ആക്രമണം നടത്തിയത്. ഇസ്രയേല്‍- ഇറാന്‍ ആക്രമണം ആരംഭിച്ച് പത്താം ദിവസമാണ് അമേരിക്ക നേരിട്ട് ഇടപെട്ടത്. അമേരിക്കന്‍ വ്യോമസേനയുടെ ഉഗ്രപ്രഹര ശേഷിയുള്ള ബി2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങളിലായാണ് ബോംബിട്ടത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1