രണ്ട് വര്‍ഷത്തോളമായി ഇസ്രായേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട്. അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് ശക്തമായ ആക്രമണം നടത്തിയിട്ടും ഉപരോധം ഏര്‍പ്പെടുത്തിയിട്ടും ഹമാസിനെ വീഴ്ത്താന്‍ ഇസ്രായേലിന് കഴിഞ്ഞിട്ടില്ല. ഇതോടെയാണ് പുതിയ തന്ത്രം പയറ്റാന്‍ ഹമാസ് തീരുമാനിച്ചത്. ഹമാസിനെതിരെ ഗാസയില്‍ മറ്റൊരു സായുധ വിഭാഗത്തെ വളര്‍ത്തുക എന്നതാണ് തന്ത്രം. ഇവര്‍ക്ക് വെള്ളവും വളവും നല്‍കി ഹമാസിനെ തടയാനാണ് ഇസ്രായേല്‍ ശ്രമം.
എന്നാല്‍ ഇസ്രായേലിന്റെ പുതിയ തന്ത്രം വലിയ തിരിച്ചടിയാകുമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. അമേരിക്ക അഫ്ഗാനിസ്താനില്‍ പയറ്റി പരാജയപ്പെട്ട തന്ത്രമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇസ്രായേല്‍ സൈന്യത്തിന്റെ ഒത്താശ ലഭിച്ചതോടെ ഗാസയില്‍ പുതിയ സംഘം പ്രവര്‍ത്തനം തുടങ്ങി. ഇവരുടെ നേതാവിന് ഹമാസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പോപ്പുലര്‍ ഫോഴ്സസ് എന്ന സംഘമാണ് ഗാസയില്‍ ഹമാസിനെതിരെ പ്രവര്‍ത്തനം സജീവമാക്കുന്നത്. യാസിര്‍ അബു ശാബാബ് ആണ് സംഘത്തിന്റെ തലവന്‍. 300 പേര്‍ ഇവര്‍ക്കൊപ്പമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെക് പോസ്റ്റുകള്‍ സ്ഥാപിച്ച് വാഹനങ്ങള്‍ തടഞ്ഞ് ഇവര്‍ പരിശോധിക്കുന്നുണ്ട്. മാത്രമല്ല, ഗാസയിലേക്ക് വിദേശത്ത് നിന്ന് വരുന്ന സഹായ വസ്തുക്കള്‍ പരിശോധിക്കുന്നതും കൊണ്ടുപോകുന്നതും ഈ സംഘമാണ്. ഗാസയില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ജിസിസി രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ വന്‍തോതില്‍ സഹായം എത്തുന്നുണ്ട്. ഇത് ഗാസയിലേക്ക് കൊണ്ടുവരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഇസ്രായേല്‍ അനുമതി നല്‍കിയത്. എന്നാല്‍ എത്തുന്ന വസ്തുക്കള്‍ പോപ്പുലര്‍ ഫോഴ്സസ് തട്ടിയെടുക്കുന്നു. ഇതിന് ഇസ്രായേല്‍ സൈന്യം കൂട്ടുനില്‍ക്കുകയും ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട്.
കിഴക്കന്‍ റഫ കേന്ദ്രീകരിച്ചാണ് യാസിര്‍ അബു ശബാബിന്റെ പ്രവര്‍ത്തനം. ഇവരെ ഇസ്രായേല്‍ സഹായിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സമ്മതിക്കുകയും ചെയ്തു. ഹമാസ് ഭരണം നടത്തുന്നതിന് പകരം യുദ്ധത്തിന് ശേഷം ഈ സംഘത്തിന് ഭരണം കൊടുക്കാമെന്നാണ് ഇസ്രായേല്‍ കണക്കുകൂട്ടുന്നത്. മാത്രമല്ല, ഇസ്രായേല്‍ സൈനികരുടെ ജീവന്‍ അപകടത്തിലാക്കുന്നത് ഒഴിവാക്കുകയും ചെയ്യാം.
കൂടുതലും എ.കെ 47 റൈഫിളുകളാണ് അബു ശബാബിന്റെ സംഘത്തിലുള്ളവരുടെ കൈവശമുള്ളത്. ഹമാസിന്റെ കൈയ്യില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിടിച്ച ആയുധങ്ങളും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇസ്രായേല്‍ സൈന്യത്തോടൊപ്പം ഇവര്‍ ചില മേഖലയില്‍ പരിശോധന നടത്തുകയും വാഹനങ്ങള്‍ക്ക് അകമ്പടി പോകുകയും ചെയ്യുന്നുണ്ട്. ഇത് ഗാസയെ മറ്റൊരു ദുരന്തത്തിലേക്ക് എത്തിക്കുമെന്നാണ് രാജ്യാന്തര സഹായ സംഘങ്ങളും യുഎന്‍ ഉദ്യോഗസ്ഥരും ആശങ്കപ്പെടുന്നത്.
ഗാസയിലെത്തുന്ന സഹായ വസ്തുക്കള്‍ അബൂ ശബാബിന്റെ സംഘം കൊള്ളയടിക്കുന്നുവെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ഇസ്രായേല്‍ സൈന്യത്തിന്റെ പരിശോധന കഴിഞ്ഞെത്തുന്ന വസ്തുക്കള്‍ ഇവരുടെ കൈകളിലാണ് എത്തുന്നത്, സഹായ വസ്തുക്കള്‍ അവശ്യക്കാര്‍ക്ക് ലഭിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് സന്നദ്ധ സംഘടനകള്‍ ഉയര്‍ത്തുന്നത്. എന്നാല്‍ ഇസ്രായേല്‍ സൈന്യവുമായി തങ്ങള്‍ക്ക് ബന്ധമില്ല എന്നാണ് അബു ശബാബിന്റെ വിശദീകരണം.
അഫ്ഗാനിസ്താനില്‍ അധിനിവേശം നടത്തിയ സോവിയറ്റ് യൂണിയന്റെ സൈന്യത്തെ പരാജയപ്പെടുത്താന്‍ അമേരിക്ക പ്രാദേശിക സംഘങ്ങളുണ്ടാക്കി ആയുധങ്ങള്‍ നല്‍കിയിരുന്നു. ഈ സംഘങ്ങളുടെ കൂടെ സഹകരണത്തോടെയാണ് പിന്നീട് താലിബാന്‍ രൂപീകരിക്കപ്പെട്ടത് എന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. താലിബാന്‍ പിന്നീട് അമേരിക്ക് കനത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചത്. സമാനമായ നീക്കം ഗാസയില്‍ ഇസ്രായേല്‍ നടത്തുമ്പോള്‍ ആഭ്യന്തര യുദ്ധം ശക്തിപ്പെടുമോ എന്ന ആശങ്കയും ബാക്കിയാണ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1