വിവാദപ്പുകയിൽ കാഴ്ച മങ്ങുന്ന കേരളം

MAY 1, 2025, 1:04 AM

ഇക്കാലത്ത് നാലഞ്ചു വർഷത്തിനു ശേഷം നാട്ടിൽ വരുന്ന നമ്മുടെ ആളുകൾ പറയുന്ന ഒരു ഡയലോഗുണ്ട് : 'നമ്മുടെ നാട് .. കേരളം എത്ര മാറിപ്പോയി! അതു കേൾക്കുന്ന തദ്ദേശീയർക്ക് തോന്നും.. ശരിയാണ്.. ശരിയാണ്... ഒത്തിരി മാറിപ്പോയി. ആ മാറ്റം ആദ്യം തൊട്ടറിയുന്നവർ പുറമെ നിന്നു വരുന്നവർ തന്നെയാണ്. ലഹരിപ്പുകയിൽ വിവാദം കത്തിയെരിഞ്ഞ് കണ്ണു കാണാൻ പറ്റാത്ത കേരളം.

വെള്ളിത്തിരയിൽ നിന്ന് കവിഞ്ഞ് ഒഴുകുന്ന ലഹരി. സെലിബ്രിറ്റികൾ നിരന്തരം തട്ടിയും തടഞ്ഞും വീഴുന്ന വിവാദങ്ങളുടെ നടവഴികൾ.. ഇതിനിടയിൽ ഏതു വിവാദത്തേയും മറികടക്കാനുള്ള മെയ് വഴക്കവുമായി രണ്ടാംവട്ടവും ഭരണത്തിൽ തുടരുന്ന പിണറായി സർക്കാർ.

ഭരിക്കാൻ തുടങ്ങിയ കാലം മുതൽ പിണറായിയെ പിന്തുടരുന്ന വിവാദം സർക്കാരിന്റെ വാർഷിക നാളിലും വേട്ടയാടുന്ന കാഴ്ചയാണ് രാഷ്ട്രീയ കേരളം കാണുന്നത്. ഒരു വ്യാഴവട്ടക്കാലം പാർട്ടി സെക്രട്ടറിയായിരിക്കെ വിവാദങ്ങളെ നേരിട്ട പിണറായിക്ക് വിവാദം പുത്തരിയല്ലാത്തതിനാൽ എല്ലാം മാധ്യമ സൃഷ്ടി എന്നു പറഞ്ഞ് പരിച തീർക്കാൻ നല്ല വൈഭവമാണ്.

vachakam
vachakam
vachakam

അണമുറിയാത്ത വിവാദം

ഒന്നരവർഷം കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാകാത്ത മട്ടിൽ മരംമുറിക്കേസിൽ സർക്കാർ നിലപാട് സംശയകരമെന്ന ആരോപണം ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയെ ഉന്നമിട്ടു നടത്തിയ വെളിപ്പെടുത്തലുകളുടെ അലയൊലി അടങ്ങിയിട്ടില്ല. കരുവന്നൂർ ബാങ്കിലെ വായ്പാത്തട്ടിപ്പിൽ സി.പി.എം നേതൃത്വത്തിനൊപ്പം സർക്കാരും പഴികേട്ടു. 

കെ.എസ്.ആർ.ടി.സിയിലും കെ.എസ്.ഇ.ബിയിലുമുണ്ടായ മാനേജ്‌മെന്റ് -തൊഴിലാളി തർക്കം ഭരണപരമായ പോരായ്മയായി ചൂണ്ടിക്കാട്ടപ്പെട്ടു. കെ.എസ്.ആർ.ടി.സിയിൽ ശമ്പളത്തിന്റെ അനിശ്ചിതാവസ്ഥ നീങ്ങിയിട്ടുമില്ല. വാഗ്ദാനം ചെയ്യപ്പെട്ട ജോലി കിട്ടാൻ കായികതാരങ്ങൾ തലമുണ്ഡനം ചെയ്തു പ്രതിഷേധിക്കേണ്ടിവന്നതു നാണക്കേടായി. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായമുയർത്തിയെങ്കിലും പ്രതിഷേധം മൂലം സർക്കാർ തിരിഞ്ഞോടി.

vachakam
vachakam
vachakam

ഭരണഘടനാ പ്രസംഗവിവാദത്തിൽ മന്ത്രി സജി ചെറിയാന്റെ രാജിയും മടങ്ങിവരവും ഇതിനിടയിലുണ്ടായി. വ്യവസായ വകുപ്പ് നേട്ടമായി അവതരിപ്പിച്ച 'ഒരുലക്ഷം സംരംഭം പദ്ധതി'യിൽ കള്ളനാണയങ്ങളുമുണ്ടെന്ന കണ്ടെത്തൽ തിരിച്ചടിയായി. ബഫർസോൺ സർവേയിലെ അപാകതകൾ ഒരു വിഭാഗത്തെ വെറുപ്പിച്ചു.

കണ്ണൂർ വിസിയുടെ രണ്ടാം ടേം നിയമനത്തിൽ ഗവർണറുമായിതുടങ്ങിയ ഉടക്ക് പലപ്പോഴും പരിധിവിട്ടു. വിസിമാർ കൂട്ടത്തോടെ പുറത്താക്കപ്പെടുന്ന സാഹചര്യത്തിലുമെത്തി. ദുരിതാശ്വാസനിധിക്കേസിലെ ലോകായുക്ത നടപടികളും ലോകായുക്തയുടെ ചിറകരിയാൻ കൊണ്ടുവന്ന ബില്ലും പ്രതിപക്ഷത്തിന് ആയുധം നൽകി. കടബാധ്യതയുടെ പേരിൽ ജനം 'മുണ്ടുമുറുക്കിയുടുക്കേണ്ടി' വന്നപ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശയാത്രകൾ ധൂർത്തായി എണ്ണപ്പെട്ടു. 

വിവാദങ്ങൾ ആഘോഷത്തിന്റെ മാറ്റു കുറയ്ക്കുമെന്നു പ്രതിപക്ഷം പറയുമ്പോൾ മൂന്നാം വർഷത്തിലേക്കു കടക്കുന്ന പിണറായി സർക്കാർ ഏറ്റവും പുതിയ വിവാദത്തിന്റെ കപ്പലടുപ്പിച്ചത് വിഴിഞ്ഞത്താണ്.  പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാൻ പോകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര ട്രാൻസ്ഷിപ്പ്‌മെന്റ് തുറമുഖത്തിന്റെ കമ്മീഷൻ ചടങ്ങിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒഴിവാക്കിയതിനെച്ചൊല്ലിയായി സർക്കാരിനെതിരെയുള്ള ഏറ്റവും പുതിയവിമർശനം. 

vachakam
vachakam
vachakam

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമാണ് പരിപാടി എന്ന സർക്കാരിന്റെ വാദവും തർക്കവിഷയമായി. തന്നെ ഒഴിവാക്കാനുള്ള തീരുമാനം മനഃപൂർവമാണെന്ന് സതീശൻ ആരോപിച്ചു. 'തുറമുഖത്തിന്റെ ചരിത്രത്തെക്കുറിച്ച് ചില അസുഖകരമായ സത്യങ്ങൾ ഞാൻ പറയുമെന്ന് അവർ ഭയപ്പെട്ടു. എനിക്ക് വ്യക്തിപരമായ പരാതികളൊന്നുമില്ല, അത് അവരുടെ തീരുമാനമാണ്. പൊതുജനങ്ങൾ നിരീക്ഷിക്കുന്നുണ്ട്,' അദ്ദേഹം പറഞ്ഞു. 

വിവാദം കൊഴുത്തപ്പോൾ സതീശന് ക്ഷണക്കത്ത് കൊടുക്കാനും പിണറായി തയ്യാറായി. വിഷയം പ്രതിഷേധത്തിന് ഇടയാക്കിയതോടെ മന്ത്രി വി.എൻ. വാസവന്റെ ഓഫീസിൽ നിന്ന് ഒരു ക്ഷണക്കത്ത് പ്രതിപക്ഷനേതാവിന്റെ ഓഫീസിലെത്തി. കത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ഒരു ചടങ്ങ് വിഴിഞ്ഞത്തുണ്ട്. ആ ചടങ്ങിൽ താങ്കളുടെ മഹനീയ സാന്നിധ്യം പ്രതീക്ഷിക്കുന്നു എന്ന് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആ കത്ത് പോലും അപമാനിക്കുന്നതിനുള്ള ശ്രമമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ട്രയൽ റണ്ണിനും പ്രതിപക്ഷനേതാവിനെ വിളിച്ചിരുന്നില്ല.

മെഗാ വിവാദം അകമ്പടി

വിദ്യാഭ്യാസ മേഖലയിൽ ലഹരിക്കെതിരെ നടത്തുന്ന പരിപാടികൾ ചുവപ്പുവൽക്കരിക്കാനും രാഷ്ട്രീയ വത്കരിക്കാനുമുള്ള ഇടതുപക്ഷ സർക്കാരിന്റെ നീക്കമായാണ് ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ 1500 കുട്ടികളെ ഉൾപ്പെടുത്തി മെഗാ സൂംബ നടത്താനുള്ള തീരുമാനം വ്യാഖ്യാനിക്കപ്പെട്ടത്.

ഇതിനായുള്ള ടീഷർട്ട് ചുവപ്പു നിറമാക്കി മുഖ്യമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്ത് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള സർക്കാർ നീക്കമായി കാണപ്പെട്ടു.മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ടീഷർട്ട് കുട്ടികൾക്ക് നൽകിയതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് അധ്യാപക സംഘടന രംഗത്തെത്തി. വിദ്യാഭ്യാസ മേഖലയിൽ ലഹരിക്കെതിരെ നടത്തുന്ന പരിപാടികൾ ചുവപ്പുവൽക്കരിക്കാനും രാഷ്ട്രീയവത്കരിക്കാനുമുള്ള ഇടതുസർക്കാരിന്റെ നീക്കം അപലപനീയമാണെന്ന് അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ ആരോപിച്ചു.

'പഠനമാണ് ലഹരി നോ ടു ഡ്രഗ്‌സ്' എന്നെഴുതിയതിന് താഴെയാണ് മുഖ്യമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തിയത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കൈമാറിയ ചുവപ്പ് ടീഷർട്ടിലാണ് മുഖ്യമന്ത്രിയുടെ ചിരിക്കുന്ന ചിത്രം ആലേഖനം ചെയ്തത്.പുതിയ അധ്യയന വർഷം മുതൽ കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതും അധ്യാപക വിദ്യാർത്ഥി സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതും ലക്ഷ്യമിട്ട് ക്ലാസ് തുടങ്ങും മുൻപ് മൂന്നു മിനിറ്റ് നേരം അധ്യാപകർ സൂംബ നൃത്തച്ചുവടുകൾ വയ്ക്കണമെന്നും അതിനുള്ള പരിശീലനം അവധിക്കാല ട്രെയിനിങ്ങിൽ ഉൾപ്പെടുത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.

എട്ടാം ക്ലാസിലെ കലാ വിദ്യാഭ്യാസ പാഠപുസ്തകത്തിൽ സൂംബ നൃത്തം ഉൾപ്പെടുത്തിയതായി എസ.്‌സി.ഇ.ആർ.ടി വ്യക്തമാക്കുകയും ചെയ്തു. ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്യപ്പെടുന്ന ഈ നൃത്ത പരിപാടിയുടെ ലോഞ്ചിങ് ആണ് 1500 കുട്ടികളെ ഉൾപ്പെടുത്തി തിരുവനന്തപുരത്ത് സംഘടിപ്പിച്ചത്.

വിവാദങ്ങൾക്ക് ക്ഷാമമില്ലാത്ത പിണറായി യുഗത്തിൽ അഴിമുറിക്കുന്ന വിവാദങ്ങൾ സ്പർശിക്കുന്നത് ഓരോ മനുഷ്യ ജീവിതങ്ങളെക്കൂടിയാണെന്ന് മറക്കാതിരിക്കുക. പ്രത്യേകിച്ച്, ഓരോ ഫയലിലും ഓരോ ജീവിതമാണ് ഉറങ്ങുന്നത് എന്ന് ഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ച അതേ കമ്മ്യൂണിസ്റ്റ് നേതാവ്.

പ്രിജിത് രാജ്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam