കേരളപ്പിറവിയോട് അനുബന്ധിച്ച് ശിക്ഷാ ഇളവ് ലഭിച്ച 138 തടവുകാർക്കൊപ്പം ശിക്ഷായിളവ് നൽകി ആർ. ബാലകൃഷ്ണപ്പിള്ളയെ വിട്ടയക്കുകയായിരുന്നു. 60 ദിവസം മാത്രമായിരുന്നു അദ്ദേഹം ജയിലിൽ കഴിഞ്ഞത്. 75 ദിവസം പരോളും അദ്ദേഹത്തിന് ലഭിച്ചു. സുപ്രീംകോടതി കുറ്റവാളിയായി വിധിയെഴുതി തടവ് ശിക്ഷക്ക് വിധിച്ച ഐ.ജി ലക്ഷ്മണ മൂന്നര വർഷത്തിന് ശേഷമാണ് പുറത്ത് ഇറങ്ങിയത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് രണ്ടു പ്രമുഖ വ്യക്തികളെ ജയിലിൽ നിന്നും മോചിപ്പിച്ചു. ആർ. ബാലകൃഷ്ണ പിള്ളയേയും മുൻ പോലീസ് ഐ.ജി. ലക്ഷ്മണയേയും ആണ് മോചിപ്പിച്ചത്. സംഭവബഹുലമാണ് ആർ. ബാലകൃഷ്ണ പിള്ള എന്ന അതികായന്റെ രാഷ്ട്രീയ ജീവിതം. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ പോയ കേരളത്തിലെ ആദ്യത്തെ മന്ത്രിയും ബാലകൃഷ്ണപിള്ള തന്നെയായിരുന്നു. ഇടമലയാർ കേസിൽ ഒരു വർഷം തടവുശിക്ഷ അനുഭവിച്ചു അദ്ദേഹം. കാൽനൂണ്ടാണ്ട് നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 2011ൽ കേസിൽ സുപ്രീംകോടതി തടവു ശിക്ഷക്ക് വിധിച്ചതോടെയായിരുന്നു പിള്ളയുടെ ജയിൽവാസം.
വി.എസ്. അച്യുതാനന്ദൻ നടത്തിയ സമാനതകളില്ലാത്ത നിയമപോരാട്ടത്തിന് ഒടുവിലായിരുന്നു പിള്ളയുടെ കൈയിൽ വിലങ്ങ് വീണത്. ബാലകൃഷ്ണപിള്ളയെ വെറുതെ വിട്ട ഹൈക്കോടതി വിധിയ്‌ക്കെതിരെ വി.എസ്. അച്യുതാനന്ദൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ബാലകൃഷ്ണ പിള്ള കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സുപ്രീംകോടതി ഒരു വർഷത്തെ കഠിനതടവും 10000 രൂപ പിഴയും വിധിച്ചു.
കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. മന്ത്രിസഭയിൽ വൈദ്യുത മന്ത്രിയായിരുന്ന കാലത്ത് ആർ. ബാലകൃഷ്ണപിള്ള ഇടമലയാർ ജലവൈദ്യുത പദ്ധതിയിൽ കരാർ കൊടുത്തതിൽ കൃത്രിമത്വം നടത്തിയെന്നായിരുന്നു ആരോപണം. ഇടമലയാർ ടണൽ നിർമാണത്തിനായി നൽകിയ ടെണ്ടറിൽ ക്രമക്കേടുകൾ ഉണ്ടെന്നും മൂന്നകോടിയിൽ കൂടുതൽ തുക സർക്കാരിന് നഷ്ടമുണ്ടായെന്നായിരുന്നു വിജിലൻസ് കേസിലെ ആരോപണം. ജെസ്റ്റിസ് കെ.സുകുമാരൻ കമ്മീഷന്റെ ശുപാർശയെ തുടർന്നായിരുന്നു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.
എന്നാൽ കാലാവധി പൂർത്തിയാകുംമുൻപ് അദ്ദേഹത്തിന് ജയിൽ മോചിതനാകാൻ കഴിഞ്ഞു. കേരളപ്പിറവിയോട് അനുബന്ധിച്ച് ശിക്ഷാ ഇളവ് ലഭിച്ച 138 തടവുകാർക്കൊപ്പം ശിക്ഷായിളവ് നൽകി ആർ. ബാലകൃഷ്ണപ്പിള്ളയെ വിട്ടയക്കുകയായിരുന്നു. 60 ദിവസം മാത്രമായിരുന്നു അദ്ദേഹം ജയിലിൽ കഴിഞ്ഞത്. 75 ദിവസം പരോളും അദ്ദേഹത്തിന് ലഭിച്ചു. സുപ്രീംകോടതി കുറ്റവാളിയായി വിധിയെഴുതി തടവ് ശിക്ഷക്ക് വിധിച്ച ഐ.ജി ലക്ഷ്മണ മൂന്നര വർഷത്തിന് ശേഷമാണ് പുറത്ത് ഇറങ്ങിയത് ജീവപര്യന്തം തടവുശിക്ഷയിൽ നിന്ന് അങ്ങിനെ അദ്ദേഹവും രക്ഷപെട്ടു.
വയനാട്ടിലെ തിരുനെല്ലിക്കാടുകളിൽ 1970 ഫെബ്രുവരി 18നാണ് നക്‌സൽ വർഗീസ് കൊല്ലപ്പെട്ടത്. പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. എന്നാൽ വയനാട്ടിൽ തിരുനെല്ലിയിലെ ഒരു കുടിലിൽ നിന്ന് രാവിലെ പിടികൂടിയ വർഗ്ഗീസിനെ, മേലുദ്യോഗസ്ഥരായ അന്നത്തെ ഡെപ്യൂട്ടി എസ്.പി. എ. ലക്ഷ്മണ, ഡി.ഐ.ജി. പി. വിജയൻ എന്നിവരുടെ നിർദ്ദേശ പ്രകാരം താൻ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് രാമചന്ദ്രൻ നായർ എന്ന പോലീസ് ഉദ്യോഗസ്ഥൻ 1998ൽ വെളിപ്പെടുത്തിയതോടെയാണ് കേസ് കോടതിയിലെത്തിയത്.
കേരള രൂപീകരണത്തിന്റെ 55-ാം വാർഷീകത്തോടനുബന്ധിച്ച് ഇങ്ങനെ 75 വയസുതികഞ്ഞ 138 തടവുകാർക്ക് ഈ ആനുകൂല്യം ലഭ്യമായി. എന്നാൽ ഉമ്മൻ ചാണ്ടിക്ക് അത് അത്ര നിസാരമായി സാധ്യമാക്കാൻ കഴിഞ്ഞിരുന്നില്ല. 1958ലെ കേരള പ്രിസൺസ് റൂൾ അനുസരിച്ചായിരുന്നു അങ്ങിനെ ചെയ്യാൻ ഉമ്മൻചാണ്ടി ആലോചിച്ചതുതന്നെ. എന്നാൽ ഇത്തരത്തിലൊരു ജയിൽ മോചനത്തിന് അന്നത്തെ ഗവർണർ എച്ച്.ആർ. ഭരദ്വരാജ് ഒട്ടും അനുകൂലിച്ചില്ല. ഉമ്മൻചാണ്ടി മയത്തിൽ അല്പം നിർബന്ധിച്ചു പറഞ്ഞിട്ടും ഗവർണർക്ക് കുലുക്കമില്ല.
അദ്ദേഹം പറഞ്ഞു: ചാണ്ടീജീ, താങ്കളുടെ ഗുണത്തെക്കരുതിയാണ് ഞാനിതിന് സമ്മതിക്കാത്തത്. ഈ തീരുമാനം നാളെ ഒരു പക്ഷേ, താങ്കൾക്ക് ദോഷമായി വന്നേക്കാം. എന്നിട്ടും ഉമ്മൻചാണ്ടി പിന്മാറാൻ തയ്യാറായിരുന്നില്ല. പലതരത്തിലും പറഞ്ഞുപറഞ്ഞ് ഗവർണർ ഭരദ്വരാജിനെ പാട്ടിലാക്കാൻ ശ്രമിച്ചു നടന്നില്ല. ഭരദ്വരാജ് അന്ന് സത്യത്തിൽ കർണാടകയുടെ ഗവർണർ ആയിരുന്നു. കേരളത്തിലെ ഗവർണർ ഫറുക്കിന്റെ മരണത്തെത്തുടർന്ന് അധികച്ചുമതലയിൽ ഇവിടെ എത്തിയതാണ്.
നാളുകൾക്കശേഷം ഗവർണർ ഭരദ്വരാജ് ഉമ്മൻ ചാണ്ടിയെ ഫോണിൽ വിളിച്ചു.: 'ചാണ്ടിജീ..., നിങ്ങൾക്ക് പുതിയ ഗവർണർവരുന്നു. ഇനി താങ്കൾ ഉദ്ദേശിച്ചപോലെ കാര്യങ്ങൾ നടക്കട്ടെ.' എന്നു പറയുകയും ചെയ്തു. പുതിയ ഗവർണർ നിഖിൽ കുമാറായിരുന്നു. ഉമ്മൻചാണ്ടിയുടെ ആവശ്യം അദ്ദേഹം അംഗീകരിച്ചു.
ക്ഷേമപെൻഷനുകൾ
ക്ഷേമപെൻഷനുകളെ ചൊല്ലി കേരളത്തിൽ എന്നും വിവാദങ്ങൾ ഉണ്ടാകാറുണ്ട്. എന്നാലതിന്റെ ചരിത്രം ഇന്നുപലർക്കും അറിയില്ല. സ്വതന്ത്ര ഇന്ത്യയിൽ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ചരിത്രം ജവഹർലാൽ നെഹ്‌റുവിന്റെ സാമൂഹിക കാഴ്ചപ്പാടിൽ നിന്നാണ് തുടങ്ങുന്നത്. സാമൂഹിക ക്ഷേമത്തിന് ഭരണഘടനാപരമായി വ്യവസ്ഥകൾ ഇല്ലാതിരുന്നിട്ടും, 1950 കളുടെ തുടക്കത്തിൽ ഇന്ത്യയിൽ സോഷ്യലിസ്റ്റ് മാതൃക വികസനത്തിന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള താക്കോലായി അവതരിപ്പിച്ച പഞ്ചവത്സര പദ്ധതിയിലൂടെ നെഹ്‌റു സർക്കാർ ക്ഷേമപ്രവർത്തനങ്ങളെ പ്രേരിപ്പിച്ചു.
ഇതിനായി 1953ൽ കേന്ദ്ര സാമൂഹിക ക്ഷേമ ബോർഡ് സ്ഥാപിച്ചു. സാമ്പത്തിക വളർച്ച ദാരിദ്ര്യം കുറയ്ക്കുന്നതിൽ നേരിട്ട് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിൽ, ഭൗതിക വസ്തുക്കളുടെ വിതരണത്തിന്റെ കാര്യത്തിൽ ക്ഷേമ പദ്ധതികൾക്ക് വളരെ കുറച്ച് ശ്രദ്ധ മാത്രമേ ലഭിച്ചുള്ളൂ. സാമൂഹിക ക്ഷേമ പദ്ധതികളെ ആശ്രയിക്കുന്നതിനുപകരം, നെഹ്‌റു സർക്കാർ വ്യവസായവൽക്കരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഗ്രാമീണ മേഖലകളെ പരിവർത്തനം ചെയ്യുന്നതിനായി വർദ്ധിച്ച കാർഷിക ഉൽപ്പാദനത്തെയും കമ്മ്യൂണിറ്റി വികസന പരിപാടികളെയും സഹകരണ സ്ഥാപനങ്ങളെയും ആശ്രയിച്ചു.
നെഹ്‌റുവിന്റെ കാഴ്ചപ്പാട് മാതൃകാപരമായിരുന്നുവെങ്കിലും ഉച്ചനീചത്വം നിറഞ്ഞു നിന്ന ഇന്ത്യൻ സാമൂഹിക സാഹചര്യങ്ങളിൽ വളർച്ചയുടെ ഗുണങ്ങൾ സമൂഹത്തിലെ ഏറ്റവും ദരിദ്ര വിഭാഗങ്ങളിലേക്ക് ഒഴുകിയെത്തിയില്ല എന്നതിനാൽ നെഹ്‌റുവിന്റെ പ്രതീക്ഷ അസ്ഥാനത്തായി പല സാമൂഹിക, സാമ്പത്തികഗവേഷകരും നിരീക്ഷിച്ചിട്ടുണ്ട് എന്നത് വേറേകാര്യം.
കേന്ദ്ര സമീപനം വ്യവസായ വൽക്കരണത്തിലും കാർഷികോൽപ്പാദന വളർച്ചയിലും ഊന്നി മുന്നോട്ട് പോയപ്പോൾ അന്നത്തെ സംസ്ഥാനങ്ങൾ തങ്ങളുടെ നിലയിൽ ക്ഷേമ പദ്ധതികൾ ആലോചിക്കാൻ തുടങ്ങി. ഇതിന് തുടക്കമിട്ടത് ദക്ഷിണേന്ത്യൻ സംസ്ഥാനമായ മദ്രാസ് ആയിരുന്നു. പഴയ മദ്രാസ് സംസ്ഥാനമാണ് സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഒരു സാമൂഹിക ക്ഷേമ പദ്ധതി ആവിഷ്‌ക്കരിച്ചത് എന്നാണ് സമകാലിക മലയാളം നടത്തിയ അന്വേഷണത്തിൽ ലഭിച്ച രേഖകൾ വ്യക്തമാക്കുന്നത്.
1954 മുതൽ 1963 വരെ മദ്രാസ് മുഖ്യമന്ത്രിയായിരിക്കെയാണ് കെ. കാമരാജ് വിവിധ പദ്ധതികൾ ആവിഷ്‌ക്കരിച്ചത്. പഴയ മദ്രാസ് സംസ്ഥാനത്തിന് കീഴിലായിരിക്കുകയും പിന്നീട് കേരളത്തിന്റെ ഭാഗമായി മാറുകയും ചെയ്ത മലബാറിലും ഈ ക്ഷേമപദ്ധതികൾ പ്രതിഫലിച്ചു. 1954ൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി മദ്രാസ് സർക്കാർ നടപ്പാക്കിയ ഉച്ചഭക്ഷണ പദ്ധതിയാണ് സാമൂഹിക ക്ഷേമമേഖലയിലെ ആദ്യ ചുവട് വെയ്പ്പ്. പിന്നീട് പല ഇന്ത്യൻ സംസ്ഥാനങ്ങളും ഈ മാതൃക പിന്തുടർന്നു.
കേരളത്തിൽ ക്ഷേമപദ്ധതികളുടെ തുടക്കം എന്ന നിലയിൽ പെൻഷൻ പരിഗണിച്ചാൽ ആദ്യം നടപ്പാക്കുന്നത് 1962-1964 ലെ ആർ. ശങ്കർ മന്ത്രിസഭയാണ്. 1962ൽ മുഖ്യമന്ത്രി കൂടിയായിരുന്ന ധനകാര്യ വകുപ്പ് മന്ത്രി എന്ന നിലയിൽ വിധവാ പെൻഷനും വാർദ്ധക്യകാല പെൻഷനും നടപ്പാക്കിയത്. ഇന്ത്യയിലാദ്യമായി വിധവാപെൻഷനും വാർദ്ധക്യപെൻഷനും ഏർപ്പെടുത്തിയത് ഈ സർക്കാരാണ് എന്നാണ് ലഭ്യമായ രേഖകൾ പറയുന്നത്.
(തുടരും)
ജോഷി ജോർജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1