റഷ്യയുമായുള്ള എണ്ണ വ്യാപാരം തുടര്‍ന്നാല്‍ ഇന്ത്യയ്ക്കെതിരെ കൂടുതല്‍ തീരുവ ചുമത്തും. ആഗോള വാണിജ്യ രംഗത്തെ പിടിച്ചുകുലുക്കിയ 'താരിഫ് ഭീഷണി' ഇന്ത്യക്കെതിരെയും കടുപ്പിച്ചിരിക്കുകയാണ് ട്രംപ്. അമേരിക്കയുമായുള്ള വ്യാപാര കരാര്‍ അന്തിമമാകാത്ത സാഹചര്യത്തിലാണ് ഓഗസ്റ്റ് ഒന്നു മുതല്‍ ട്രംപ് ഇന്ത്യക്ക് മേല്‍ 25% പകരച്ചുങ്കം പ്രഖ്യാപിക്കുന്നത്.
ഇതിനൊപ്പമായിരുന്നു റഷ്യമായുള്ള എണ്ണ വ്യാപാരം തുടര്‍ന്നാല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന ഭീഷണി കൂടി ട്രംപ് ഉയര്‍ത്തിയത്. റഷ്യയുമായി വന്‍തോതില്‍ എണ്ണ വ്യാപാരം തുടര്‍ന്നാല്‍ ഇന്ത്യക്കെതിരേ കൂടുതല്‍ തീരുവ ചുമത്തുമെന്ന് സമൂഹ മാധ്യമമായ ദി ട്രൂത്തില്‍ ട്രംപ് കുറിച്ചു. എന്നാല്‍ മുന്‍കാലങ്ങളില്‍ റഷ്യയും ഇന്ത്യയും തമ്മിലുള്ള എണ്ണ വ്യാപാരത്തെ സജീവമായി അമേരിക്ക പ്രോത്സാഹിപ്പിച്ചിരുന്നു എന്നതാണ് യാഥാര്‍ഥ്യം.
ആഗോള ഊര്‍ജ വിപണിയുടെ സ്ഥിരത ശക്തിപ്പെടുത്തുന്നതിനായി റഷ്യയുമായുള്ള മറ്റു രാജ്യങ്ങളുടെ വ്യാപാരത്തെയും അമേരിക്ക പ്രോത്സാഹിപ്പിച്ചിരുന്നു. സമുദ്രോത്പന്ന വ്യാപാരങ്ങള്‍, ധനകാര്യം, പാശ്ചാത്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ എന്നിവ തുടരണമെന്നും എണ്ണ വ്യാപാരം ഇന്ത്യ തുടരുന്നതില്‍ അമേരിക്ക സന്തോഷിക്കുന്നുവെന്നും 2022ല്‍ അമേരിക്കന്‍ ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലെന്‍ പറഞ്ഞിരുന്നു. ഇതായിരുന്നു അമേരിക്കയുടെ അന്നത്തെ നിലപാട്.
2024 ല്‍ ആഗോള വിപണിയെ സ്ഥിരപ്പെടുത്തുന്നതില്‍ ഇന്ത്യയുടെ പങ്ക് അംഗീകരിച്ചതായി അമേരിക്കന്‍ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ജെഫ്രി പയാറ്റും അഭിപ്രായപ്പെട്ടു. റഷ്യന്‍ വിപണിയില്‍ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ ആഗോള വിപണിയെ സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളില്‍ ഇന്ത്യ പ്രധാനപങ്ക് വഹിക്കുന്നുവെന്നായിരുന്നു ജെഫ്രി പയാറ്റിന്റെ പ്രതികരണം.
ഏതെങ്കിലും രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങണമെന്ന് അമേരിക്ക ആഗ്രഹിച്ചതു കൊണ്ട് മാത്രമാണ് ഇന്ത്യ റഷ്യയുമായി വ്യാപാരം നടത്തിയതെന്ന് 2024 ലെ അമേരിക്കന്‍ അംബാസിഡര്‍ എറിക് ഗാര്‍സെറ്റി പറഞ്ഞിരുന്നു. ആഗോള തലത്തില്‍ വില ഉയരാതിരിക്കാനാണ് അമേരിക്ക ഈ വ്യാപാരത്തെ പ്രോത്സാഹിപ്പിച്ചതെന്നും ഗാര്‍സെറ്റി കൂട്ടിച്ചേര്‍ത്തു.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നുവെന്ന് പറഞ്ഞ് അമേരിക്ക ഇന്ത്യയെ ലക്ഷ്യം വെയ്ക്കുകയാണെന്നും ഇത് നീതീകരിക്കാനാവില്ലെന്നും യുക്തിരഹിതമാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യത്തങ്ങള്‍ വ്യക്തമാക്കി. ഏതൊരു രാജ്യത്തെയും പോലെ സമ്പദ്വ്യവസ്ഥയെയും ദേശീയ താത്പര്യങ്ങളെയും സംരക്ഷിക്കുന്നതിനുള്ള എല്ലാവിധ നടപടികളും സ്വീകരിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു.
റഷ്യ-ഉക്രെയിന്‍ സംഘര്‍ഷം ആരംഭിച്ചതിനു ശേഷം റഷ്യയില്‍ നിന്നുള്ള എണ്ണ വ്യാപാരത്തിന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. നിലവില്‍ മറ്റു രാജ്യങ്ങള്‍ വ്യാപാരം നടത്തുന്നതിലാണ് അമേരിക്കയ്ക്ക് എതിര്‍പ്പ്. പല്ലേഡിയം, ഹെക്സാഫ്‌ലൂറൈഡ്, പല്ലേഡിയം പോലുള്ള സാധനങ്ങള്‍ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് അമേരിക്ക തുടരുകയാണ് .
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1