ഓണത്തിന് മുമ്പേ റെഡി, പകർച്ചവ്യാധികളുടെ എൻ.ആർ.ഐ. ഫെസ്റ്റ് !

AUGUST 6, 2025, 10:03 AM

കോവിഡിനുശേഷമുള്ള കേരളീയരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇവിടെ അന്വേഷണമൊന്നും നടക്കുന്നില്ല. പ്രവാസികളിൽ ഭൂരിഭാഗവും നാട് സന്ദർശിക്കാനെത്തുമ്പോൾ, അവരെ കാത്ത്                 രോഗങ്ങളുടെ എൻ.ആർ.ഐ. ഫെസ്റ്റ് ഒരുക്കുകയാണോ നാം?    കോവിഡിന്റെ ബൂസ്റ്റർ ഡോസ് (ഏറ്റവും ഒടുവിലത്തേത്) എടുത്തവർ പലവിധ ശാരീരികാസ്വസ്ഥതകൾ നേരിടുന്നുണ്ട്. കേരളത്തിലെ ആരോഗ്യവകുപ്പ് പല വിധത്തിലുള്ള വിവാദങ്ങളിൽ പെട്ടിരിക്കെ, ഇത്തരം ഗൗരവതരമായ അന്വേഷണം ഒട്ടും തന്നെ നടക്കുന്നില്ല.

പനി, ഇൻഫ്‌ളുവൻസ് തുടങ്ങിയ പേരുകളിലുള്ള രോഗ ചികിത്സക്കായി നിരവധി പേർ കേരളത്തിൽ ഒട്ടാകെ ആശുപത്രിയിൽ ചികിത്സ തേടുന്നതായി മാധ്യമങ്ങൾ പറയുന്നു. ബുധനാഴ്ചത്തെ (ഓഗ.6) മനോരമയുടെ കൊച്ചി പതിപ്പിൽ ഈ രോഗവിവരങ്ങളുണ്ട്. 5 ദിവസത്തിനിടെ എറണാകുളം ജില്ലയിൽ 3727 പേർക്ക് പനിയും 194 പേർക്ക് ഇൻഫ്‌ളുവൻസയും ബാധിച്ചതായിട്ടാണ് ഈ പത്രറിപ്പോർട്ട്. ഇവരിൽ 110 പേർ ആശുപത്രിയിൽ അഡ്മിറ്റായി. 132 പേർ ഡെങ്കിപ്പനി ബാധിച്ചും 15 പേർ എലിപ്പനി ബാധിച്ചും ചികിത്സയിലുണ്ട്.

ഇത് സർക്കാർ ആശുപത്രികളിലെ കണക്കാണ്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ സർക്കാർ ഗൗനിക്കുന്നതേയില്ല. ഇത് മൂന്നിരട്ടിയോ നാലിരട്ടിയോ ആകാമെന്ന ഊഹക്കണക്കാണുള്ളത്. നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിൽ, പ്രത്യേകിച്ച് അങ്കമാലി, ആലുവ, തൃപ്പൂണിത്തുറ ഭാഗങ്ങളിൽ ഡെങ്കിപ്പനിയോടൊപ്പം എച്ച് 1എൻ 1 പനിയും വ്യാപകമായിട്ടുണ്ട്.  

vachakam
vachakam
vachakam

പലതും കോവിഡിന്റെ വകഭേദങ്ങൾ?

കേരളീയരിൽ കണ്ടുവരുന്ന കോവിഡിന്റെ വകഭേദങ്ങളാണോ പുതിയ തരം പനികളെന്ന കാര്യത്തിലും നമ്മുടെ മെഡിക്കൽ മേഖല അജ്ഞരാണ്. കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ സ്ട്രാറ്റസ് യു.കെ. അടക്കമുള്ള രാജ്യങ്ങളിൽ പടരുന്നതായി വാർത്തകളുണ്ട്. കോവിഡ് പോലെ തന്നെ ലോകമൊട്ടാകെ പടരാൻ സാധ്യതയുള്ളതാണ് സ്ട്രാറ്റസ് എന്ന് യു.കെ. ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എക്‌സ് എഫ് ജി എന്ന മെഡിക്കൽ നാമമുള്ള സ്ട്രാറ്റസ് കോവിഡിന്റെ ആദിമ രൂപങ്ങളെക്കാൾ വ്യാപനശേഷിയുള്ളതാണെന്നും നിരീക്ഷണമുണ്ട്. കോവിഡ് ബാധിച്ച 10 ശതമാനം പേരിലും സ്ട്രാറ്റസിന്റെ സൂചനകൾ കണ്ടെത്തിക്കഴിഞ്ഞു. മൂന്നാഴ്ചകൊണ്ട്  ഇതേ ശതമാനക്കണക്ക് 40 ശതമാനം വരെ വർധിച്ചു.

vachakam
vachakam
vachakam

ഇടയ്ക്ക് നമ്മെ പേടിപ്പിക്കാനെത്തിയ കോവിഡിന്റെ 'കോക്കാച്ചി' രൂപമായ ഒമിക്രോണിന്റെ പിൻഗാമിയായ സ്ട്രാറ്റസ് ഒരു സങ്കരയിനം വൈറസായതുകൊണ്ടുതന്നെ ഇതിനുള്ള മരുന്ന് കണ്ടെത്തുകയെന്നത് ദുഷ്‌ക്കരമാകാം. കോവിഡ് വകഭേദങ്ങളായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുള്ളത് എക്‌സ് എഫ്ജിയെന്ന സ്ട്രാറ്റസും എക്‌സ് എഫ്ജി 3 യുടെ വകഭേദവും ഇപ്പോൾ കണ്ടുതുടങ്ങിയിട്ടുണ്ട്.

നിപ്പയും നമ്മുടെ ഹെൽത്ത് മേഖലയും

നിപ്പ രോഗത്തെ അതിജീവിച്ചുവെന്ന് നാം അവകാശപ്പെടുമ്പോഴും ഇതു സംബന്ധിച്ച അനന്തര നടപടികൾ ഇരുട്ടിലാണ്. നിപ്പയുടെ കാരണം വവ്വാൽ എന്ന പക്ഷിയിൽ ചുമത്തിയെങ്കിലും, ഈ വാദം സ്ഥിരീകരിക്കാൻ നമുക്ക്  ഇനിയും കഴിഞ്ഞിട്ടില്ല. ഒരു രോഗം പൊട്ടിപ്പുറപ്പെടുമ്പോൾ മാത്രം അനങ്ങിത്തുടങ്ങുന്ന നമ്മുടെ ആരോഗ്യമേഖലയിൽ ഇതു സംബന്ധിച്ച 'ഫോളോ അപ്പ്' നടക്കുന്നതേയില്ല. കോവിഡ് കാലത്ത് സർക്കാർ പ്രഖ്യാപിച്ച വൈറോളി ലാബ് ഇനിയും നാം സ്ഥാപിച്ചിട്ടില്ല. എന്തിന് ആശുപത്രികളിൽ ഐസൊലേഷൻ വാർഡ് നിർമ്മിക്കുമെന്ന പ്രഖ്യാപനവും പാഴാവുകയാണുണ്ടായത്.

vachakam
vachakam
vachakam

സംസ്ഥാനത്ത് ക്യാൻസർ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. പുരുഷന്മാരിൽ ശ്വാസകോശ ക്യാൻസറും സ്ത്രീകളിൽ ബ്രെസ്റ്റ് ക്യാൻസറുമാണ് ഏറ്റവും കൂടുതൽ കണ്ടുവരുന്നത്. തിരുവനന്തപുരം ജില്ലയിൽ വർഷം തോറും പുരുഷന്മാരായ ക്യാൻസർ രോഗികളുടെ എണ്ണം 5 ശതമാനവും സ്ത്രീകളായ രോഗികളുടെ എണ്ണം 5.1 ശതമാനവും വർദ്ധിച്ചതായി കണക്കാക്കിയിട്ടുണ്ട്. പഴയ കണക്കുകൾ കൂടി നോക്കാം:

2006-08 കാലഘട്ടത്തിൽ തലസ്ഥാന ജില്ലയിൽ 1 ലക്ഷത്തിൽ 121.7% പേർക്ക് ക്യാൻസറുണ്ടായിരുന്നുവെങ്കിൽ 2012-16 കാലഘട്ടത്തിൽ 1 ലക്ഷത്തിൽ 137.8% ആയി ക്യാൻസർ വ്യാപനം വർദ്ധിച്ചുവെങ്കിലും രോഗപ്രതിരോധ മേഖലയിൽ സർക്കാർ ഒന്നും ചെയ്യുന്നതേയില്ല. ക്യാൻസർ രോഗചികിത്സയ്ക്കായുള്ള നിരവധി ആശുപത്രികൾ തുറക്കുന്നുണ്ട്. പക്ഷെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ പാളിയ നിലയിലാണ്.

മരുന്നിന്റെയും വിലയും ചികിത്സാച്ചെലവും കൂടുന്നു

ദേശീയ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ ചികിത്സാച്ചെലവ് കേരളത്തിലാണെന്ന് കണക്കുകളുണ്ട്. 2024 ഒക്‌ടോബറിൽ അവശ്യമരുന്നുകളിൽ 8 ഇനങ്ങൾക്ക് കേന്ദ്രം 50 ശതമാനം വില കൂട്ടുകയുണ്ടായി. ഔഷധങ്ങളുടെ വില ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 1978 ലെ ഔഷധനയത്തിന്റെ പശ്ചാത്തലത്തിൽ മരുന്നു നിർമ്മാണത്തിൽ നമുക്ക് സ്വയം പര്യാപ്തതയുണ്ടായിരുന്നു. ക്യാൻസർ രോഗത്തിനുള്ള മരുന്നിന്റെ വില 5000 രൂപയായിരുന്നത് 1 ലക്ഷം വരെ എത്തുന്നതുവരെയെത്തി നിൽക്കുകയാണ് ഇപ്പോൾ.

എന്തിന് മരുന്നുകളുടെ വില സംബന്ധിച്ചും  കേസിന്റെ വാദം കേൾക്കൽ പോലും 8 വർഷം വരെ വൈകിയെന്നറിയുമ്പോൾ മരുന്ന് വിപണിയിലെ തരികിടകൾ നമുക്ക് ബോധ്യമാവും. 50 പൈസ നിർമ്മാണച്ചെലവ് വരുന്ന മരുന്നിന് ഇന്ന് ഈടാക്കുന്നത് 5 രൂപയാണ്. പൊതുജനങ്ങൾക്ക് വില കുറച്ച് മരുന്നുകൾ നിർമ്മിച്ചിരുന്ന പൊതുമേഖലാ ഔഷധ നിർമ്മാണക്കമ്പനികൾ തന്ത്രപൂർവം അധികൃതർ പൂട്ടിക്കളയുകയുണ്ടായി. ലോകത്തിന്റെ ഫാർമസി എന്ന പബ്ലിസിറ്റിയെല്ലാം കോവിഡ് കാലത്ത് ഇന്ത്യയ്ക്ക് ലഭിച്ചുവെങ്കിലും ആ നേട്ടത്തിന്റെ തിളക്കമൊന്നും സാധാരണ ജനങ്ങൾക്ക് ലഭിച്ചതേയില്ല.


ഡോ. ഹാരിസിനെ കള്ളനാക്കരുതേ...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ.ഹാരിസിനെപ്പറ്റി ആദ്യം നല്ല അഭിപ്രായം പറയുകയും 'സിസ്റ്റ'ത്തെ കുറ്റം പറയുകയും ചെയ്ത മന്ത്രി വീണാ ജോർജ് പിന്നീട് ഹാരിസിനെ പ്രതിക്കൂട്ടിലാക്കുന്ന രീതി സ്വീകരിച്ചത് ഏവരെയും അമ്പരപ്പിക്കുക തന്നെ ചെയ്തു. ഡോ.ഹാരിസിനെതിരെയുള്ള റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടതുമില്ല.

കോട്ടയം മെഡിക്കൽ കോളജ് സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടും ഫ്രീസറിലാണ്. അതൊന്നും 'പൊതുവിഷയ'മല്ലാത്തതിനാൽ വിവരാവകാശ നിയമ പ്രകാരം ആ റിപ്പോർട്ടുകളൊന്നും ആർക്കും നൽകേണ്ടതില്ലെന്ന സർക്കാരിന്റെ അവകാശവാദം കാപട്യം നിറഞ്ഞതാണ്.


നവീൻബാബു കേസ് വഴിത്തിരിവിലേക്ക്?

കണ്ണൂർ ആർ.ഡി.ഒ. ആയിരുന്ന നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം പൂർത്തിയാക്കിയ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്.ഐ.ടി.) കോടതിയിൽ സമർപ്പിച്ച അഡീഷണൽ കുറ്റപത്രത്തിലെ കണ്ടെത്തലുകൾ 'ആരോ എഴുതിയ തിരക്കഥ'യനുസരിച്ച് തയ്യാറാക്കിയതാണെന്നു കുറ്റപ്പെടുത്തിയാണ് നവീൻ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ നൽകിയ ഹർജി സംബന്ധിച്ച വാർത്ത മനോരമയുടെ കൊച്ചി പതിപ്പിൽ പത്താമത്തെ പേജിലാണ് നൽകിയിട്ടുള്ളത്.

തീർച്ചയായും ഈ  വാർത്താവതരണം ധാർമ്മികമായി ശരിയാണോയെന്ന് പത്രപ്രവർത്തകർ ചിന്തിക്കുന്നത് നല്ലതാണ്. ഹൈക്കോടതിയും സുപ്രീംകോടതിയും സി.ബി.ഐ അന്വേഷണം വേണ്ടെന്ന് പ്രഖ്യാപിച്ചിരിക്കെ, എസ്.ഐ.ടി. അന്വേഷണ റിപ്പോർട്ടിലെ ഗുരുതരമായ അപാകതകൾ ചൂണ്ടിക്കാട്ടുന്ന ആ ഹർജിയെപ്പറ്റി കുറെക്കൂടി വിശദമായ റിപ്പോർട്ട് ആ പത്രത്തിന് നൽകാമായിരുന്നു.


ഒരു മാസത്തേയ്ക്ക് ആശ്വാസം

തൃശ്ശൂർ പാലിയേക്കര ടോൾ പിരിവ് ഒരു മാസത്തേയ്ക്ക് നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു കഴിഞ്ഞു. ദേശീയപാതയിലെ ആറ് അടിപ്പാതകളുടെ നിർമ്മാണം സാധാരണ ഗതാഗതത്തെ ബാധിച്ചു തുടങ്ങിയിട്ട് നാളുകളേറെയായി. വിവാഹ മൂഹുർത്തങ്ങൾ മാറിപ്പോയതും, മരിച്ചടക്ക് കർമ്മങ്ങൾ നീണ്ടുപോയതും, ഇന്റർവ്യൂ, പരീക്ഷ എന്നിവയ്ക്ക് കൃത്യസമയത്ത് ചെല്ലാൻ കഴിയാത്തതുമെല്ലാം വാർത്തയായിട്ടും 'ടോൾ പിരിവ്' നിർബാധം തുടരുകയായിരുന്നു കരാറുകാർ. റോഡപകടങ്ങൾക്കും മരണങ്ങൾക്കും കാരണമായ 'ട്രാഫിക് കുരുക്ക്' ഗുരുതരമായിട്ടും ദേശീയപാതാ അധികൃതർ മൗനം പാലിച്ചത് കരാറുകാരെ രക്ഷിക്കാനായിരുന്നുവെന്നത് തീർച്ചയാണ്.

മഴക്കാലം രൂക്ഷമായതോടെ, ട്രാഫിക് കുരുക്ക് വീണ്ടും മുറുകി. ജഡ്ജിമാരും മന്ത്രിമാരുമെല്ലാം ട്രാഫിക് കുരുക്കിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കിയതോടെയാണ് ഹൈക്കോടതി ഇടപെട്ടത്. ഏതായാലും ഇക്കാര്യത്തിൽ ഹൈക്കോടതിയെ അഭിനന്ദിക്കണം.


പിൻബെഞ്ചുകാരും നമ്മുടെ മന്ത്രിയും

വിദ്യാഭ്യാസമേഖലയിൽ പരിഷ്‌ക്കാരങ്ങൾ കൊണ്ട് കൈയടി വാങ്ങാൻ ശ്രമിക്കുന്ന മന്ത്രി ശിവൻകുട്ടിയുടെ ചില അഭിപ്രായ പ്രകടനങ്ങൾ വെറും 'തള്ളായി' ചിലർക്ക് തോന്നാം. മഴക്കാലത്ത്  പഴഞ്ചൻ സ്‌കൂൾ കെട്ടിടങ്ങളുടെ അരികിൽ നിന്ന് കുട്ടികളൊന്ന് കോട്ടുവായിട്ടാൽ പോലും ആ കെട്ടിടം തകർന്നു വീഴുമെന്ന അവസ്ഥയിൽ മന്ത്രി ആദ്യം കൈവെച്ചത് ഉച്ചഭക്ഷണത്തിന്റെ മെനുവിലാണ് മുട്ടയില്ലാത്ത ബിരിയാണി അടക്കമുള്ള വിഭവങ്ങൾ നൽകാമെന്നു പറഞ്ഞ മന്ത്രി പിന്നീട് പിള്ളേരോട് അതെല്ലാം മറന്നേക്കൂ എന്നായി.

പിന്നീട്, തീരെ ഇടുങ്ങിയ ക്ലാസ് മുറികളിൽ പോലും ബാക്ക് ബെഞ്ചുകാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി അദ്ദേഹത്തിന്റെ ശ്രമം. ബ്ലാക്ക് ബോർഡിൽ എഴുതുന്നതു കാണാൻ കുട്ടികൾ പിടലി തിരിച്ചിരിക്കേണ്ടിവരുമെന്ന് ചില അധ്യാപകർ വിശദീകരിച്ചുവെങ്കിലും, മന്ത്രി തന്റെ പരീക്ഷണം തുടരാനാണത്രെ ഭാവം. വേനലവധിക്കാലം മഴയത്താക്കിയാലോ എന്ന ചിന്തയും മന്ത്രിയുടെ തലയ്ക്ക് പിടിച്ചിട്ടുണ്ട്.

ദുർബലമായ സ്‌കൂൾ കെട്ടിടങ്ങൾക്ക് മഴക്കാല അവധി ഏർപ്പെടുത്തുക വഴി, മഴക്കാലത്തെ കെട്ടിടം തകർന്നുള്ള പ്രശ്‌നങ്ങളിൽ നിന്ന് തൽക്കാലം തടിതപ്പാമെന്ന് മന്ത്രിയോട് ആരോ പറഞ്ഞുകൊടുത്തിട്ടുണ്ടാവാം. അല്ലാതെ പാവം മന്ത്രിക്ക് ഇതെല്ലാം ചിന്തിക്കാൻ എവിടെ നേരം?

ആന്റണി ചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam