അങ്കം മുറുക്കാന്‍ കച്ചകെട്ടി റഷ്യ

AUGUST 6, 2025, 3:39 AM

ഡ്രോണ്‍ വിരുദ്ധ തോക്കുകളും റൈഫിളുകളും പ്രവര്‍ത്തിക്കാന്‍ സഹായകരമാകുന്ന ലോകത്തിലെ ആദ്യത്തെ പരിശീലന പ്ലാറ്റ്ഫോം സിമുലേറ്റര്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് റഷ്യയിലെ സതേണ്‍ ഫെഡറല്‍ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍. ഡ്രോണ്‍ വിരുദ്ധ തോക്കുകള്‍, റൈഫിളുകളും ഡ്രോണ്‍ ഡിറ്റക്ഷന്‍ സിസ്റ്റങ്ങളും ഇതിലൂടെ ഉപയോഗിക്കാന്‍ സാധിക്കും. യുദ്ധ സാഹചര്യങ്ങളില്‍ ഡ്രോണുകള്‍ക്ക് പരിശീലനം നല്‍കാനുള്ള വെര്‍ച്വല്‍ ഇടം ആണിത്. 

വ്യത്യസ്ത തരങ്ങളിലുള്ള ഡ്രോണ്‍ വിരുദ്ധ തോക്കുകള്‍, ഡിറ്റക്റ്ററുകള്‍ എന്നിവ ഈ പരിശീലനത്തിന് ശേഷം ഉപയോഗിക്കാന്‍ സാധിക്കുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഡ്രോണ്‍ വിരുദ്ധ റൈഫിളുകള്‍ ശരിയായി ഉപയോഗിക്കാനും എതിരാളിയുടെ ഡ്രോണ്‍ ആക്രമണങ്ങളെ തടയാനും സഹായിക്കുന്നു. വളരെ എളുപ്പത്തില്‍ ശത്രുവിന്റെ വ്യോമാക്രമണങ്ങളെ ഒരു പരിധി വരെ തടയാനാകുമെന്നാണ് കണ്ടെത്തല്‍. 

പരിശീലനത്തിന്റെ പ്രരംഭ ഘട്ടത്തില്‍ സിമുലേറ്റര്‍ ഉപയോഗപ്രദമാണെന്ന് കണ്ടെത്തിയതായി റഷ്യന്‍ സൈനിക വിദഗ്ധന്‍ യൂറി ലിയാമിന്‍ പറഞ്ഞു. ഡ്രോണുകളുടെ അല്‍ഗോരിതങ്ങള്‍, പ്രവര്‍ത്തന രീതി, ഉപകരണങ്ങളുടെ സവിശേഷത എന്നിവ ഇതിലൂടെ പഠിക്കാനാകുമെന്നും യൂറി ലിയാമിന്‍ പറഞ്ഞു. സൈനിക പരിശീലനത്തില്‍ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഗുണകരമാകുമെന്നും വിവധ വൃത്തങ്ങള്‍ പറഞ്ഞു.

റഷ്യയുടെ ഡ്രോണ്‍ വിരുദ്ധ തോക്കുകള്‍

ഡ്രോണുകളെ തടയുന്ന പ്രത്യേക തരം തോക്കുകളാണ് ഡ്രോണ്‍ വിരുദ്ധ തോക്കുകള്‍. യുദ്ധങ്ങളില്‍ അയല്‍ രാജ്യങ്ങളിലെ ഡ്രോണുകളെ ഉപയോഗ ശൂന്യമാക്കുന്നതിനുള്ള നിര്‍മിതിയാണ്. ആന്റി ഡ്രോണ്‍ റൈഫിള്‍ പുത്തന്‍ സൈനിക സാങ്കേതികവിദ്യയുടെ ഭാഗമാണ്. ഡ്രോണ്‍ ആക്രമണങ്ങള്‍ തടയുന്നതിനും, രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഡ്രോണ്‍ നിരോധന തോക്കുകള്‍ വികസിപ്പിച്ചത്. ഡ്രോണിന്റെ നിയന്ത്രണം നഷ്ടമാക്കുന്ന പ്രവര്‍ത്തിയാണ് ജാമ്മിങ് ടെക്‌നോളജി. ഡ്രോണിനെ സമ്പൂര്‍ണമായും പ്രവര്‍ത്തന രഹിതമാക്കുന്നു. ഡ്രോണ്‍ വിരുദ്ധ തോക്കുകള്‍ക്ക് ഒന്നു മുതല്‍ രണ്ട് കിലോമീറ്റര്‍ വരെ പ്രവര്‍ത്തന പരിധിയുണ്ടാകും. സൈനിക കാമ്പുകള്‍, വിമാനത്താവളങ്ങള്‍, പ്രത്യേക പരിപാടികള്‍ എന്നിവയില്‍ ഡ്രോണുകളെ തടയാന്‍ ഉപയോഗിക്കുന്നു എന്നിവയാണ് പ്രധാന സവിശേഷതകള്‍.

രാജ്യാതിര്‍ത്തികള്‍, വിമാനത്താവളങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, പൊതു സമ്മേളനങ്ങള്‍ എന്നിവിടങ്ങളില്‍ ഡ്രോണ്‍ വിരുദ്ധ തോക്കുകള്‍ ഉപയോഗിക്കുന്നു. അമേരിക്ക, ചൈന, ഇന്ത്യ, ഇസ്രയേല്‍, ടര്‍ക്കി, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, യുകെ, സൗദി അറേബ്യ, ഉക്രെയ്ന്‍ എന്നീ രാജ്യങ്ങള്‍ക്കും റഷ്യയെ കൂടാതെ ഡ്രോണ്‍ വിരുദ്ധ തോക്കുകള്‍ കൈവശമുണ്ട്. ഇത്തരം തോക്കുകള്‍ ഉപയോഗിക്കുന്നതിന്റെ വീഡിയോ ഉക്രെയ്ന്‍ സൈനിക സമൂഹ മാധ്യമ പേജായ 'ദി ബ്രേവിലൂ'ടെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നിര്‍ണായക വഴിത്തിരിവിലെത്തിയിരിക്കുകയാണ് റഷ്യ ഉക്രെയ്ന്‍-യുദ്ധം. ഓഗസ്റ്റ് എട്ടിനകം യുദ്ധം അവസാനിപ്പിക്കണമെന്ന് അന്ത്യശാസനം മുഴക്കിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഭയപ്പെടുത്താന്‍ ഇതു ഇസ്രയേലോ ഇറാനോ അല്ലെന്ന് തിരിച്ചടിച്ച് റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ ഡപ്യൂട്ടി ചെയര്‍മാന്‍ ദിമിത്രി മെദ്വദേവ്. കൂട്ടത്തില്‍ മെദ്വദേവ് സമൂഹമാധ്യമത്തില്‍ അമേരിക്കയ്‌ക്കെതിരെ ആണവാക്രമണ ഭീഷണി ഉയര്‍ത്തിയെന്ന് ആരോപിച്ച് രണ്ട് ആണവ മുങ്ങിക്കപ്പലുകളെ റഷ്യന്‍ തീരത്തേക്കു നിയോഗിച്ച് അമേരിക്ക ഒരുങ്ങിത്തന്നെയാണെന്ന് അറിയിക്കുകയും ചെയ്തു ട്രംപ്. 

നേരത്തേ അന്‍പതു ദിവസത്തിനകം വെടിനിര്‍ത്തല്‍ സാധ്യമാക്കണമെന്ന ട്രംപിന്റെ അന്ത്യശാസനം തള്ളിയ റഷ്യ യുക്രെയ്‌നിനു നേര്‍ക്കുള്ള ആക്രമണം ഓരോ ദിവസവും ശക്തമാക്കിയിരുന്നു. ഒപ്പം അഴിമതി നിരോധന ഏജന്‍സികളെ നിയന്ത്രിക്കാനുള്ള യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ നീക്കം യുക്രെയ്‌നില്‍ വന്‍ ജനകീയ പ്രക്ഷോഭത്തിനും വഴിതുറന്നു. ജൂണ്‍ ഒന്നിന് ഓപറേഷന്‍ സ്‌പൈഡര്‍ വെബ് എന്ന പേരില്‍ റഷ്യയുടെ അകത്തു കടന്നുകയറി ഉക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങള്‍ക്കു മറുപടിയായി സര്‍വശക്തിയുമെടുത്ത് റഷ്യ തുടരുന്ന പ്രതികാര നടപടികള്‍ യുക്രെയ്‌നിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്. യുദ്ധമുന്നണിയില്‍ യുക്രെയ്‌നിന്റെ കിഴക്കന്‍ മേഖലയില്‍ പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ട നാലു പ്രവശ്യകളില്‍ ഒന്നായ ലുഹാന്‍സ്‌കിന്റെ സമ്പൂര്‍ണ നിയന്ത്രണം റഷ്യ പിടിച്ചെടുത്തു കഴിഞ്ഞു. അവിടെ നിന്നു ഡെനിപ്രോ മേഖലയിലേക്കും റഷ്യന്‍ സേന മുന്നേറ്റം തുടങ്ങിക്കഴിഞ്ഞു. 

ഒപ്പം സമ്മര്‍ ഒഫന്‍സീവിന്റെ ഭാഗമായി മറ്റു മൂന്നു പ്രവിശ്യകളിലെ മുന്നണികളിലും മുന്‍പൊരിക്കലുമില്ലാത്ത വിധം കൃത്യമായ ധാരണയോടെ (കോഓര്‍ഡിനേഷന്‍) റഷ്യന്‍ സേന മുന്നേറ്റവും തുടരുകയാണ്. രണ്ടുവര്‍ഷത്തിലേറെയായി മരവിച്ചു കിടന്നിരുന്ന സപൊറീഷ്യയിലെ യുദ്ധമുന്നണിയും സജീവമാക്കിയ റഷ്യ, ഉക്രെയ്ന്‍ പ്രതിരോധം മറികടന്ന് മെലിറ്റോപോള്‍ ലക്ഷ്യമിട്ടുള്ള മുന്നേറ്റവും തുടങ്ങിക്കഴിഞ്ഞു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam