അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാംവട്ടവും തിരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കന്‍ നേതാവ് ഡൊണാള്‍ഡ് ട്രംപിന്റെ ജനപ്രീതിയില്‍ കാര്യമായ ഇടിവുണ്ടായെന്ന് വ്യക്തമാക്കി സര്‍വേ ഫലങ്ങള്‍. തിങ്കളാഴ്ചയോടെ അവസാനിച്ച റോയിട്ടേഴ്സ്-ഇപ്സോസ് നടത്തിയ ഒരു വോട്ടെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്.
രണ്ടാം ടേമില്‍ ഇതുവരെയുള്ള അദ്ദേഹത്തിന്റെ പ്രസിഡന്റ് സ്ഥാനത്തെ പ്രകടനം വോട്ടെടുപ്പില്‍ പങ്കെടുത്ത 42 ശതമാനം ആളുകള്‍ അംഗീകരിച്ചതായി സര്‍വേ ഫലങ്ങള്‍ പറയുന്നു. പുറമേ നിന്ന് നോക്കുമ്പോള്‍ ഇത് ഭേദപ്പെട്ട പ്രകടനമാണെന്ന് തോന്നുമെങ്കിലും 2025 ജനുവരിക്ക് ശേഷമുള്ള ട്രംപിന്റെ ഏറ്റവും മോശം അംഗീകാര റേറ്റിംഗ് കൂടിയാണിത്. ഇതാണ് ട്രംപിന്റെ ജനസമ്മിതിയില്‍ ഇടിവുണ്ടായെന്ന പ്രചാരണത്തിന് അടിസ്ഥാനം.
മൂന്നാഴ്ച മുമ്പ് നടത്തിയ റോയിട്ടേഴ്സ്-ഇപ്സോസ് വോട്ടെടുപ്പില്‍, അദ്ദേഹത്തിന്റെ അംഗീകാര റേറ്റിംഗ് 43 ശതമാനമായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. കൂടാതെ ജനുവരിയില്‍ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്ത് ചുമതലയേറ്റ് മണിക്കൂറുകള്‍ക്ക് ശേഷം നടത്തിയ സമാനമായ വോട്ടെടുപ്പിലാവട്ടെ 47 ശതമാനമായിരുന്നു റേറ്റിങ്.
ഇത്രയൊക്കെ ആണെങ്കിലും ട്രംപിന്റെ അംഗീകാര റേറ്റിംഗുകള്‍ ബൈഡന്റെ പ്രസിഡന്റായിരുന്ന കാലയളവില്‍ അദ്ദേഹത്തേക്കാള്‍ വളരെ ഉയര്‍ന്ന നിലയിലാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ബൈഡന്റെ നാല് വര്‍ഷ കാലയളവിലെ ജനപ്രീതിയേക്കാള്‍ അധികമാണ് ട്രംപിന്റെ ആദ്യ മൂന്ന് മാസമെന്നതാണ് ഇത് അര്‍ത്ഥമാക്കുന്നത്.
എന്നാല്‍ റേറ്റിംഗുകളില്‍ ഇപ്പോഴുണ്ടായിരിക്കുന്ന ഇടിവ് അദ്ദേഹത്തിന്റെ കഠിനമായ നയങ്ങളിലും അധികാരങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങളിലും അമേരിക്കക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന അസ്വസ്ഥതയെ സൂചിപ്പിക്കുന്നതാണെന്ന് വേണമെങ്കില്‍ പറയാം. കാരണം ട്രംപിന്റെ പല നയങ്ങളും ഇപ്പോള്‍ വിമര്‍ശന വിധേയമാവുന്നുണ്ട്.
ഈ വര്‍ഷം ജനുവരിയില്‍ ട്രംപ് രണ്ടാം തവണ അധികാരമേറ്റ ഉടന്‍, മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവച്ചിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അദ്ദേഹം നല്‍കിയ നിരവധി വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യം ഇടപെടലുകള്‍ എന്നതാണ് ശ്രദ്ധേയമായ കാര്യം.
തീവ്രമായ നിലപാടുകളുടെയും എക്സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പിടുന്നതിന്റെയും പരമ്പര ഇപ്പോഴും തുടരുകയാണ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ഇത്തരം ഉത്തരവുകളില്‍ പലതും യുഎസിലുടനീളമുള്ള ഫെഡറല്‍ കോടതികള്‍ തടയുന്ന സാഹചര്യവുമുണ്ടായിരുന്നു. എന്നിട്ടും തളരാതെ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് യുഎസ് പ്രസിഡന്റ്.
പ്രധാനമായും ട്രംപിനെതിരായ വിമര്‍ശനം പല മേഖലകളിലേക്കുമുള്ള അനാവശ്യ കൈകടത്തലും കടന്നുകയറ്റവുമാണ്. ട്രംപിന്റെ പല എക്സിക്യൂട്ടീവ് ഉത്തരവുകളും സര്‍ക്കാര്‍ വകുപ്പുകളിലും സര്‍വകലാശാലകള്‍, നിയമ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളിലും അദ്ദേഹത്തിന്റെ അധികാരവും സ്വാധീനവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.
ട്രംപിന്റെ പുതിയ നയങ്ങളാണ് ജനപ്രീതിയില്‍ ഇടിവുണ്ടാക്കിയതെന്നാണ് സര്‍വേ ഫലങ്ങള്‍ പറയുന്നത്. തന്റെ ചിന്താഗതികളുമായി പൊരുത്തപ്പെടാത്ത സര്‍വകലാശാലകളുമായി ട്രംപ് നിരന്തരം മല്ലിടുകയാണ്. വാഷിംഗ്ടണിലെ ഒരു പ്രധാന നാടക-സാംസ്‌കാരിക സ്ഥാപനമായ കെന്നഡി സെന്ററിന്റെ ബോര്‍ഡ് ചെയര്‍മാനായി അദ്ദേഹം സ്വയം സ്ഥാനമേറ്റത് ഈയിടെയാണ്. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ ട്രംപിന്റെ ജനപ്രീതിയെ മോശമായി ബാധിക്കുന്നുവെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്.
ട്രംപിന് ഏറ്റവും വലിയ പിന്തുണയുള്ള മേഖലകളില്‍ ഒന്ന് അദ്ദേഹത്തിന്റെ കുടിയേറ്റ നയങ്ങളാണ്, അവിടെ പോലും 45 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ഡൊണാള്‍ഡ് ട്രംപിനുള്ളത്. ഇതിന് പുറമേ അടുത്തകാലത്തായി ട്രംപ് വരുത്തിയ സാമ്പത്തിക പരിഷ്‌കാരങ്ങളും ജനങ്ങളെ പിന്നോട്ട് വലിക്കുന്ന ഘടകങ്ങളാണ്. ഒപ്പം പണപ്പെരുപ്പം, നികുതി തുടങ്ങിയ വിഷയങ്ങളില്‍ ട്രംപിന്റെ പ്രകടനത്തെ അംഗീകരിച്ചവരേക്കാള്‍ കൂടുതല്‍ പേര്‍ അതിനോട് വിയോജിക്കുകയാണ് ചെയ്തത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1