ആയുസ് 25 വര്‍ഷം കൂടി! ഒരുരാജ്യം മുഴുവന്‍ കുടിയേറാന്‍ ഒരുങ്ങുന്നു

AUGUST 9, 2025, 10:47 AM

പസഫിക് ദ്വീപ് രാജ്യമാണ് ടുവാലു. ഇവിടെ വര്‍ഷങ്ങളായി സമുദ്രനിരപ്പ് നിശബ്ദമായി മുകളിലേക്ക് ഉയരുന്നു. 2050 ആകുമ്പോഴേക്കും തലസ്ഥാനമായ ഫോഗഫാലെയുടെ പകുതിയും വേലിയേറ്റത്തില്‍ വെള്ളത്തിനടിയിലാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ടുവാലു ഒക്ടോബര്‍ 1 1978 നാണ് സ്വതന്ത്രമായത്. ടുവാലുവിലെ ജനങ്ങള്‍ മുഴുവന്‍ ഓസ്‌ട്രേലിയയിലേക്ക് കുടിയേറാനൊരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ വിവരം. ലോക ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു രാജ്യത്തെ മുഴുവന്‍ ജനതയും ആസൂത്രിത കുടിയേറ്റത്തിന്റെ ഭാഗമാകുന്നത്. 

വയേഡ് റിപ്പോര്‍ട്ട് അനുസരിച്ച് സമുദ്രനിരപ്പ് ഉയരുന്നതാണ് കുടിയേറ്റത്തിന് കാരണമായി പറയുന്നത്. ടുവാലുവിന്റെ ഭൂരിഭാഗം ഭൂമിയും 25 വര്‍ഷത്തിനുള്ളില്‍ വെള്ളത്തിനടിയിലാകുമെന്നും അതിജീവനത്തിനായി ജനങ്ങള്‍ പലായനം ചെയ്യേണ്ടി വരുമെന്നും പഠനങ്ങള്‍ പറയുന്നു. ഒന്‍പത് പവിഴ ദ്വീപുകളും അറ്റോളുകളും (പവിഴ ദ്വീപുകളെ സംരക്ഷിക്കുന്ന പവിഴപ്പാറ ഉള്‍പ്പെടെ ഉള്ള ഭൂഭാഗമാണ് അറ്റോള്‍) അടങ്ങുന്ന ടുവാലുവില്‍ 11,000ത്തിലധികം ജനങ്ങളാണ് ജീവിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് വെറും രണ്ട് മീറ്റര്‍ ഉയരത്തിലാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. വെള്ളപ്പൊക്കം, കൊടുങ്കാറ്റ് തിരമാലകള്‍, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ജലനിരപ്പ് ഉയര്‍ച്ച എന്നിവ ദ്വീപിന് ഭീഷണിയാകുന്നു. അടുത്ത 80 വര്‍ഷത്തിനുള്ളില്‍ ഇത് വാസയോഗ്യമല്ലാതായി മാറിയേക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ ഭയപ്പെടുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ദ്വീപ സമൂഹത്തിലെ ഒന്‍പത് പവിഴ അറ്റോളുകളില്‍ രണ്ടെണ്ണം ഇതിനകം തന്നെ വെള്ളത്തിനടിയിലായി. നാസയുടെ സീ ലെവല്‍ ചേഞ്ച് ടീമിന്റെ കണക്കനുസരിച്ച് 2023 ല്‍ ടുവാലുവിലെ സമുദ്രനിരപ്പ് കഴിഞ്ഞ 30 വര്‍ഷങ്ങളെ അപേക്ഷിച്ച് 15 സെന്റീമീറ്റര്‍ കൂടുതലായിരുന്നു. ഈ നിരക്കില്‍ 2050 ആകുമ്പോഴേക്കും രാജ്യത്തെ ഭൂരിഭാഗം കരയും വെള്ളത്തിനടിയിലായേക്കാം.

2023 ല്‍ ടുവാലുവും ഓസ്‌ട്രേലിയയും ഫലെപിലി യൂണിയന്‍ ഉടമ്പടിയില്‍ ഒപ്പുവച്ചിരുന്നു. കരാര്‍ പ്രകാരം പ്രതിവര്‍ഷം 280 ടുവാലുക്കാര്‍ക്ക് ഓസ്‌ട്രേലിയയില്‍ സ്ഥിര താമസം അനുവദിക്കും. കൂടാതെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പാര്‍പ്പിടം, ജോലി എന്നിവയില്‍ പൂര്‍ണ്ണ അവകാശങ്ങളും നല്‍കും. 8750 രജിസ്‌ട്രേഷനുകളാണ് ഇതുവരെ ഉണ്ടായത്.

കടലില്‍ മുട്ടുകുത്തി നിന്ന് ടുവാലുവിനെക്കറിച്ച് ആ മന്ത്രി ഇങ്ങനെ പറഞ്ഞു

2021 ല്‍ കോട്ടും ടൈയും ധരിച്ച് കടലില്‍ മുട്ടുകുത്തി നിന്ന് പ്രസംഗിക്കുന്ന ഒരു വിദേശകാര്യമന്ത്രിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. COP-26 എന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കവെയാണ് ഓഷ്യാനിയന്‍ ദ്വീപ് രാജ്യമായ ടുവാലുവിന്റെ വിദേശകാര്യമന്ത്രിയായ സൈമണ്‍ കോഫെ ഒരു വേറിട്ട സന്ദേശം നല്‍കിയത്. സമുദ്രത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന തങ്ങളുടെ രാജ്യത്തെ ലോകത്തിന് മുന്നില്‍ തുറന്നുകാണിക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗം വേറെയില്ലെന്ന് മനസിലാക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ നടപടി. 

ഒരു രാജ്യം ഏത് നിമിഷവും വെള്ളത്തില്‍ മുങ്ങിപ്പോയേക്കാവുന്ന ഏറ്റവും മോശപ്പെട്ട അവസ്ഥ. മനുഷ്യ നിര്‍മ്മിതമായ കാലാവസ്ഥ വ്യതിയാനങ്ങളെ ചെറുക്കാന്‍ പ്രയത്നിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഹരിതഗൃഹ വാതകത്തിന്റെ പുറന്തള്ളല്‍ കുറക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും 2050ഓടെ നെറ്റ് സീറോ എന്ന ലക്ഷ്യം കൈവരിക്കുമെന്നും സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യത്യസ്ത പ്രതിജ്ഞയുമായി സൈമണ്‍ കോഫെ രംഗത്ത് വന്നത്.

കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്ന ടുവാലു ഏത് സാഹചര്യങ്ങളെയും നേരിടാന്‍ തയ്യാറാണെന്ന് സൂചിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. കാലാവസ്ഥയില്‍ ഉണ്ടാകുന്ന അഭൂതപൂര്‍വമായ മാറ്റങ്ങളില്‍ നിന്ന് തന്റെ ഭൂമിയെ രക്ഷിക്കുന്നതിനുള്ള കടമ ഉണ്ടെന്ന് അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിലൂടെ ലോകത്തെ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലം 'പസിഫിക് ദ്വീപ് രാഷ്ട്രം' പൂര്‍ണമായും വെള്ളത്തിനടിയിലായാലും കടല്‍ മേഖലയെ സംരക്ഷിക്കാനും ഒരു രാജ്യമെന്ന നിലയില്‍ അന്താരാഷ്ട്ര തലത്തിലുള്ള അംഗീകാരം നിലനിര്‍ത്താനും ശ്രമിക്കുമെന്നാണ് അദ്ദേഹം അന്ന് ലോകത്തോട് പറഞ്ഞത്. 

കടല്‍ വിഴുങ്ങുന്ന രാജ്യം

ഹവായിയില്‍ നിന്ന് ഏകദേശം 2,500 മൈല്‍ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ദ്വീപ് രാഷ്ട്രമാണ് ടുവാലു. ഒമ്പത് ചെറിയ ദ്വീപുകള്‍ അടങ്ങുന്നതാണ് ഈ കൊച്ചു രാജ്യം. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 4.5 മീറ്റര്‍ (15 അടി) ഉയരത്തിലാണ് തുവാലുവിലെ ഏറ്റവും ഉയര്‍ന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്.

തുവാലുവിന്റെ കര ഭാഗങ്ങളെല്ലാം ചെറിയ രീതിയില്‍ കടല്‍ എടുത്തുകൊണ്ടിരിക്കുകയാണ്. 1993 മുതല്‍ ഈ ദ്വീപ് രാഷ്ട്രത്തിലെ സമുദ്രനിരപ്പ് പ്രതിവര്‍ഷം 0.2 ഇഞ്ച് ഉയര്‍ന്നിട്ടുണ്ടെന്നാണ് 2011 ലെ ഓസ്‌ട്രേലിയ സര്‍ക്കാര്‍ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ രാജ്യം പൂര്‍ണ്ണമായും വെള്ളത്തിനടിയിലാകുമെന്നാണ് ടൈംലെസ് തുവാലു എന്ന ടൂറിസം വെബ്‌സൈറ്റ് നല്‍കുന്ന മുന്നറിയിപ്പ്.

മാതൃകയാക്കാം

മാലിന്യ സംസ്‌കരണത്തിന് വലിയ രീതിയിലുള്ള പ്രാധാന്യം നല്‍കുന്ന രാജ്യമാണ് ടുവാലു. മാലിന്യ നിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട്, 2017-2026 കാലയളവിനെ അടിസ്ഥാനമാക്കി ഒരു ദീര്‍ഘകാല മാര്‍ഗ്ഗ നിര്‍ദേശം രാജ്യം പുറപ്പെടുവിച്ചിരുന്നു. പ്ലാസ്റ്റിക് സാധനങ്ങളുടെ ഉപയോഗം കുറക്കുക, മാലിന്യങ്ങള്‍ റീയൂസ് ചെയ്യുക എന്നിവയാണ് അവയില്‍ ചിലത്. നിലവില്‍ ടുവാലുവില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ചിരിക്കുകയാണ്. ഈ പസഫിക് ദ്വീപ് രാഷ്ട്രത്തില്‍ മാലിന്യം സംസ്‌കാരിക്കാനും പുറന്തള്ളുവാനുമുള്ള സ്ഥലമില്ലാത്തതാണ് പുനരുപയോഗം എന്ന ആശയത്തിലേക്ക് കാര്യങ്ങളെ എത്തിച്ചത്.

2019 ന് മുമ്പ്, മാലിന്യം റീസൈക്ലിംഗ് ചെയ്യാനുള്ള ശേഷിയൊന്നും മാലിന്യ വകുപ്പിന് ഉണ്ടായിരുന്നില്ല. പിന്നീട് രാജ്യതലസ്ഥാനമായ ഫുനാഫുട്ടിയില്‍ ഒരു സ്വകാര്യ വ്യക്തി അലുമിനിയം ക്യാനുകള്‍ പുനരുപയോഗം ചെയ്യുകയും അവ കയറ്റി അയക്കുന്നതുമായി ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്നാണ് മാലിന്യവകുപ്പ് ഈ അവസരം ഏറ്റെടുത്തത്. അതിനുശേഷം വാണിജ്യവകുപ്പുമായി സഹകരിച്ച് ഒരു ബെയ്ലര്‍ മെഷീന്‍ വാങ്ങുകയും പ്രധാന ദ്വീപില്‍ ഒരു ബെയ്ലര്‍ ഷെഡ് നിര്‍മ്മിക്കുകയും ചെയ്തു. അലുമിനിയം പോലുള്ള എല്ലാ പാഴ് വസ്തുക്കളേയും ഒരുമിച്ച് അമര്‍ത്തുകയാണ് ഈ മെഷീനിന്റെ ദൗത്യം. മാലിന്യം സംഭരിക്കാനും കയറ്റുമതി ചെയ്യാനും ഈ പ്രക്രിയ എളുപ്പമാക്കുന്നു.

മെഷീനിന്റെ സഹായത്തോടെ അമര്‍ത്തിയെടുക്കുന്ന വസ്തുക്കളെ കയറ്റുമതി ചെയ്തിരുന്നത് ഓസ്‌ട്രേലിയയിലേക്കായിരുന്നു. അവിടെയുള്ള മാലിന്യ സംസ്‌കരണ സാമൂഹിക സംരംഭമായ മറൈന്‍ പ്ലാസ്റ്റിക് സൊല്യൂഷനാണ് ഈ മാലിന്യങ്ങള്‍ സ്വീകരിച്ചിരുന്നത്. പിന്നീട് ദക്ഷിണ കൊറിയയിലേക്കും ഇത്തരം മാലിന്യങ്ങള്‍ കയറ്റുമതി ചെയ്തു. മാലിന്യ വകുപ്പും വാണിജ്യ വകുപ്പും കൈക്കോര്‍ത്ത് മാലിന്യങ്ങള്‍ കയറ്റി അയക്കുന്നതിലൂടെ, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും സാധിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam