കേരളത്തിൽ ഇത് തുറന്നു പറച്ചിലുകളുടെ സീസൺ ആണ്. അത് പാട്ടിന്റെ താളത്തിലായാലും വാക്കിന്റെ രൂപത്തിലായാലും... പൗരാവകാശവും വിവരാവകാശവും യഥേഷ്ടം, പൊതു സമൂഹത്തിന്റെ മനോ ജാലകങ്ങളിലൂടെ, കാഴ്ചപ്പാടുകളുടെ ചൂടും വെളിച്ചവുമായി അകത്തളങ്ങളിൽ നിറയുന്നു. ആശയങ്ങളുടെ വ്യത്യസ്ത വർണ്ണങ്ങൾ കാണുമാറാകുന്നു.
'ഞാൻ പാണനല്ല, പറയനല്ല,
നീ തമ്പുരാനുമല്ല....'കാടുകട്ടവന്റെ നാട്ടിൽ
ചോറുകട്ടവൻ മരിക്കും'...
മൂർച്ചയേറിയ വാക്കുകൾ താളത്തിൽ കോർത്തിണക്കി, പറയാനുള്ളത് റാപ്പർ സമൂഹത്തോട് വിളിച്ചു പറയുന്നു.
വേടൻ തന്നെ പറയുന്നതുപോലെ, 'പാട്ടിലൂടെ പറയുന്നതുകൊണ്ട് ആളുകൾ കേൾക്കുന്നു, ആസ്വദിക്കുന്നു ...
നാട്ടിലിറങ്ങി പറഞ്ഞാൽ അവരെന്നെ തല്ലിക്കൊല്ലും'
പാടുമ്പോൾ വേടൻ ചരിത്രത്തെയും സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളെയും നിരന്തരം ഓർമ്മപ്പെടുത്തുന്നു.
കേരളത്തിൽ ഇത് തുറന്നു പറച്ചിലുകളുടെ സീസൺ ആവുന്നത് പോലെ തന്നെ ആശയ സംഘട്ടനങ്ങളുടെ കാലം കൂടിയാണ്. മുൻപത്തേക്കാൾ മലയാളികൾ ജാതി പറയുന്ന കാലം കൂടിയാവുന്നു ഇത്. ജാതി ചിന്ത സർവ്വ വിഷയങ്ങളിലും ഒരു മേമ്പൊടിയായി മാറുന്നു.
ഇടക്കാലത്ത് ഇടകലർന്നു പോയെങ്കിലും ജാതിയുടെ അതിർവരമ്പുകൾ മായ്ച്ചുകൊണ്ടുള്ള ഒരു സമൂഹ ജീവിതം ഇനിയും കേരളത്തിന് കൈ വന്നിട്ടില്ല.
സുകുമാരൻനായരും വെള്ളാപ്പള്ളിയും കാന്തപുരവും ശശികല ടീച്ചറും ബിഷപ്പുമാരും മാത്രമല്ല, ഭൂമി മലയാളത്തിലെ ജാതി തിരിവുകളുടെ വക്താക്കളായി അവതരിക്കുന്നത്. വേടൻ പറഞ്ഞ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് കരുതുന്ന ശശികല ടീച്ചർമാർ ഒരു വശത്ത്. വേടൻ പാടിയ പാട്ടിലെ ജാതീയമായ വിമർശനങ്ങളെ പലരും നേരിട്ടത് തികഞ്ഞ അസഹിഷ്ണുതയോടെയാണ്.
വേടൻ വിളിച്ചു പറയുന്ന സാമൂഹിക വസന്തുലിതാവസ്ഥ ഇന്നത്തെ കേരളത്തിൽ ഇല്ലെന്നാണ് അവർ വാദിക്കുന്നത്. ജനസ്വാധീനമുള്ള ഒരു റാപ്പറുടെ പാട്ടിലെ വരികൾ പോലും ആരെയെങ്കിലും അസ്വസ്ഥരാക്കുന്നുണ്ടെങ്കിൽ, കേരളത്തിൽ കാണാമറയത്ത് എന്നപോലെ വംശീയ, ജാതീയ വിദ്വേഷങ്ങളുടെ അടരുകൾ ഉണ്ടെന്ന് നാം തന്നെ വിളിച്ചു പറയുകയാണ്.
അസമത്വം ഉണ്ടെങ്കിൽ തന്നെ അത് എന്തിന് വിളിച്ചു പറയണം എന്ന ചോദ്യം. പിന്നാലെ റാപ്പർക്കെതിരെ തുരുതുരാ കേസുകൾ. സാമൂഹിക അവസ്ഥ വരച്ചുകാട്ടുന്ന കൃതികളേയും സിനിമകളേയും പോലും വെറുതെ വിടാത്ത ഒരു അപരിഷ്‌കൃത മനസ്സ് കേരളം ഇപ്പോഴും സൂക്ഷിക്കുന്നുവോ?
പതിറ്റാണ്ടുകൾക്ക് മുമ്പ് സിനിമയിലും മറ്റും കഥാപാത്രങ്ങളെ കൊണ്ട് എഴുത്തുകാർ പറയിപ്പിച്ചിരുന്ന സത്യങ്ങൾ അതിന്റെ അന്തസത്ത മനസ്സിലാക്കി ഉൾക്കൊണ്ടിരുന്നവരാണ് മലയാളികൾ. വർഗീയ കാർഡുകൾ കേരളത്തിൽ ചെലവാകില്ലെന്ന് പറയുന്ന ഒരു സമയം നമുക്കുണ്ടായിരുന്നു. 210 നൂറ്റാണ്ടിന്റെ ആദ്യ ക്വാർട്ടർ പിന്നിടുമ്പോൾ കേരളം കൂടുതൽ ഉത്സുകരാകുന്നത് ജാതി വർഗീയ ഇഴപിരിവുകൾ സൂക്ഷ്മദർശിനി വെച്ച് നോക്കിക്കാണാനാണ്.
വേടൻ പാടിയതിൽ യാഥാർത്ഥ്യം എത്രയുണ്ടെന്ന് പരിശോധിക്കാൻ അല്ല ശ്രമം. മറിച്ച്, പറയുന്ന ആളെ ഉന്മൂലനം ചെയ്യുക എന്നതാണ് പുതിയ ശൈലി. വിവാദങ്ങൾ ഉയർത്തി വിട്ടാൽ വസ്തുതകളിൽ നിന്ന് ശ്രദ്ധ തിരിക്കാമെന്ന തന്ത്രം നാം പഠിച്ചു കഴിഞ്ഞു. വേടൻ പറഞ്ഞപ്പോൾ അത് സവർണ്ണ വിഭാഗങ്ങൾക്ക് എതിരാണെന്ന് സ്ഥാപിച്ച് തൃപ്തിപ്പെട്ടു.
അനന്തരം അടൂർ
തിരുവനന്തപുരത്ത് നടന്ന സിനിമ കോൺക്ലേവിൽ രാജ്യാന്തര പ്രശസ്തനായ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ജാതി അധിക്ഷേപം നടത്തി എന്ന വാദവും വേടൻ വിവാദത്തിന്റെ മറുവശമായി കണ്ടാൽ മതി. വേടൻ പറഞ്ഞപ്പോൾ സവർണ്ണ മുദ്രയുള്ളവർ എങ്ങനെ പ്രതികരിച്ചുവോ ഏതാണ്ട് അതുപോലെ തന്നെയാണ് അടൂരിനെതിരെ ദളിത് ആക്ടിവിസ്റ്റുകൾ രംഗത്ത് വന്നതും.
ആക്ഷേപങ്ങൾ വ്യക്തിഹത്യയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് പൊടുന്നനെ നാം കണ്ടത്. അടൂർ ഒരു മികച്ച ചലച്ചിത്രകാരൻ അല്ലെന്ന് വിളിച്ചുപറയാനുള്ള വ്യഗ്രത. ഫിലിം ഫെസ്റ്റിവലിൽ ലൈംഗിക അതി പ്രസരമുള്ള ചിത്രം കാണാൻ അടൂർ തിരക്കുകൂട്ടിയ കഥ.. എന്നിങ്ങനെ വിഷയത്തിൽ നിന്ന് വഴുതി മാറിയുള്ള കൊടും പ്രചാരണങ്ങളാണ് പിന്നാലെ കണ്ടത്.
പലതരം ചർച്ചകൾക്കുള്ള വേദിയായിരുന്നു സിനിമ കോൺക്ലേവ്. സിനിമ നിർമ്മാണത്തിനുള്ള ഫണ്ട് വിനിയോഗത്തിലെ സൂക്ഷ്മത കുറവ് ചൂണ്ടിക്കാട്ടാനുള്ള അറിവും അനുഭവജ്ഞാനവും അടൂരിനുണ്ട്.
തന്റെ അനുഭവത്തിൽ നിന്നുള്ള കാര്യങ്ങൾ ഒരു ഓപ്പൺ പ്ലാറ്റ്‌ഫോമിൽ പറയാൻ അടൂരിന് കഴിയുന്നില്ലെങ്കിൽ കേരളത്തിൽ എന്തു തരം സാമൂഹിക സ്വാതന്ത്ര്യമാണ് വ്യക്തികൾ അനുഭവിക്കുന്നത് എന്നോർക്കുക.
അടൂർ എന്താണ് പറഞ്ഞത്?
ഗവൺമെന്റ് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് സിനിമയെടുക്കാൻ നൽകുന്നത് ഒന്നരക്കോടി രൂപയാണ്. മൂന്നുമാസത്തെ എങ്കിലും പരിശീലനം കൊടുത്ത ശേഷമേ പണം അനുവദിക്കാവൂ എന്ന് ഊന്നി പറഞ്ഞിടത്താണ് വിവാദം. പ്രത്യേക പരിഗണനയിൽ ചില വിഭാഗങ്ങൾക്ക് അപ്രകാരം ഫണ്ട് നൽകുന്നു എന്ന സത്യം അവിടെ നിലനിൽക്കുമ്പോഴാണ് ആ വിഭാഗങ്ങളെക്കുറിച്ച് അദ്ദേഹത്തിന് പറയേണ്ടി വന്നത്.
എന്നാൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ നിന്ന് പണം വാങ്ങി പടമെടുത്തവർക്ക് എല്ലാം പരാതിയാണ് എന്ന കാതലായ വിഷയം അടൂർ പറഞ്ഞത് ആരും ഏറ്റെടുത്തില്ല. പൊതു ഫണ്ടിൽനിന്നുള്ള പണം. അത് പരിചയ പശ്ചാത്തലം ഇല്ലാത്തവർക്ക്, സ്ത്രീയായതുകൊണ്ട് മാത്രം പടമെടുക്കാൻ നൽകരുതെന്നും പറഞ്ഞു. അതിൽ എവിടെയാണ് സ്ത്രീവിരുദ്ധത? സിനിമ യെടുക്കാൻ പരിശീലനം പ്രധാനമാണ് എന്നായിരുന്നു പ്രാസംഗികന്റെ പോയന്റ്.
ഗുണമേന്മയില്ലാത്ത ചിത്രങ്ങൾ രാജ്യാന്തര പ്രദർശനങ്ങളിൽ തഴയപ്പെടും എന്ന അടൂരിന്റെ പരിദേവനം വിമർശകർ പലരും കേൾക്കാതെ പോയി. നായകനടൻ ആരെന്ന് നോക്കിപ്പോലും പ്രദർശന വിവേചനം ഉള്ള ഒരു നാട്ടിലാണ് അടൂർ ചില കാര്യങ്ങൾ പറഞ്ഞത്. കോട്ടയത്തെ കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ പട്ടിക വിഭാഗങ്ങൾക്ക് ഗ്രാൻഡ് മുടങ്ങിയ കഥ പോലും അടൂർ ആ പ്രസംഗത്തിൽ പറയുന്നുണ്ട്. അതിൽ എവിടെയാണ് ജാതി വിരുദ്ധത? അടൂരിന്റെ പരാമർശങ്ങളിൽ
കേസെടുക്കാൻ വകുപ്പുണ്ടോ എന്ന് അന്വേഷിച്ച സർക്കാരിന് പോലും കേസെടുക്കാൻ നിയമോപദേശം കിട്ടിയില്ല.
പക്ഷേ നമുക്ക് വേണ്ടത് വിവാദങ്ങളാണ്. പ്രത്യേകിച്ച് ജാതി കളർ ഉള്ള വിവാദങ്ങൾ. ചലച്ചിത്ര കോൺക്ലേവിന്റെ ലക്ഷ്യം തന്നെ മാറിപ്പോയ ഈ വിവാദവും നമ്മളെ ഒന്നും പഠിപ്പിക്കില്ല എന്നു സാരം.
ജാതീയമായ വേർതിരിവുകൾ അതിശക്തമായിരുന്ന ഒരു നാട്ടുരാജ്യ സംസ്‌കാരത്തിൽ നിന്നാണ് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെപോലെ കേരളവും പിറവിയെടുത്തത്. ഒരു ഘട്ടത്തിൽ ഉച്ചനീചത്വങ്ങൾ അരങ്ങു വാഴുകയും പിന്നീട് പുരോഗമന ആശയ പ്രസ്ഥാനങ്ങൾ കേരളത്തെ നവോത്ഥാന പാതയിൽ എത്തിക്കുകയും ചെയ്തുവെന്ന് നാം കരുതി. എന്നാൽ ആ കരുതൽ എത്രകണ്ട് ശരിയായിരുന്നു എന്ന് സംശയിക്കുകയാണ് സാമൂഹിക ശാസ്ത്രജ്ഞർ ഇപ്പോൾ.
ഓരോ ജാതിക്കും ഓരോ മാട്രിമോണിയൽ സൈറ്റുകൾ ഉള്ളതുപോലെ, ജാതീയ വെറികളും വ്യത്യസ്തമായ കമ്പാർട്ട്‌മെന്റ്കളിൽ നിലകൊള്ളുകയാണ് ഇവിടെ.
പ്രജിത്ത് രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1