'സൈബര്‍ ലോകത്തെ അപ്പസ്തോലന്‍' എന്ന കാര്‍ലോ അക്യൂട്ടിസ് ആരാണ്?

APRIL 23, 2025, 2:43 AM

ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തതിനെ തുടര്‍ന്ന് 'സൈബര്‍ ലോകത്തെ അപ്പസ്തോലന്‍' എന്നറിയപ്പെടുന്ന കാര്‍ലോ അക്യൂട്ടീസിന്റെ വിശുദ്ധ പദവി പ്രഖ്യാപനം മാറ്റി വെച്ചിരിക്കുകയാണ്. ഏപ്രില്‍ 27-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വിശുദ്ധ പദവി പ്രഖ്യാപന ശുശ്രൂഷ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തതിന് ശേഷമേ ഇനി ഉണ്ടാകൂ.

ആരാണ് കാര്‍ലോ അക്യൂട്ടിസ്?

മില്ലേനിയല്‍സിന്റെ വിശുദ്ധന്‍ എന്നും കാര്‍ലോ അക്യൂട്ടിസിനെ വിശേഷിപ്പിക്കുന്നു. സിനിമകള്‍ കാണാറുണ്ടായിരുന്ന, ഫുട്ബോള്‍ കളിയും വീഡിയോ ഗെയിമുകളും ഇഷ്ടപ്പെട്ടിരുന്ന കാര്‍ലോയെ സൈബര്‍ ലോകത്തെ അപ്പസ്തോലന്‍, ദൈവത്തിന്റെ ഇന്‍ഫ്‌ലുവന്‍സര്‍ എന്നിങ്ങനെയാണ് വിശേഷിപ്പിക്കുന്നത്.

ഇറ്റലിയിലെ അസീസിയിലാണ് ഈ 15-കാരന്റെ ശവകുടീരമുള്ളത്. കാര്‍ലോയുടെ ഭൗതികദേഹം കാണാന്‍ ജനസാഗരമാണ് ഒഴുകിയെത്തുന്നത്. ജീന്‍സും ടെന്നീസ് ഷൂസും ധരിച്ചുകിടക്കുന്ന ആ ബാലനെ ചില്ലുകൂട്ടിലൂടെ കണ്ട് മധ്യസ്ഥത തേടുന്ന ലക്ഷങ്ങളാണുള്ളത്. പുതിയ തലമുറയുടെ ശ്രദ്ധാ കേന്ദ്രമായിരുന്ന കാര്‍ലോ അക്യൂട്ടീസിന്റെ വിശുദ്ധ പദവി പ്രഖ്യാപന സന്തോഷത്തിനിടയിലാണ് ആഗോള കത്തോലിക്ക സഭയെയും ലോകത്തെ ഒന്നാകെയും ദുഖത്തിലാഴ്ത്തി ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങിയത്. ഇതോടെ വിശുദ്ധ പദവി പ്രഖ്യാപനവും മാറ്റിവെയ്ക്കുകയായിരുന്നു.

15 വര്‍ഷം മാത്രം ഭൂമിയില്‍ ജീവിച്ച് വളരെ ചെറിയ പ്രായത്തിനുള്ളില്‍ തന്നെ അനുകരണീയമായ ജീവിതം നയിച്ച കാര്‍ലോ കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ വിശുദ്ധരുടെ നിരയിലേക്ക് എത്തുന്ന ആദ്യ കമ്പ്യൂട്ടര്‍ പ്രതിഭകൂടിയാണ്. മാത്രമല്ല ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ വിശുദ്ധനും. സാങ്കേതിക വിദ്യയെ ആത്മീയതയുമായി ബന്ധിപ്പിച്ച കാര്‍ലോ വിശ്വാസപ്രചാരണം ആധുനികമാക്കി പുതുതലമുറയെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ഉറപ്പിച്ചു. ഒരു കൈയില്‍ ജപമാലയും മറുകൈയില്‍ കീബോര്‍ഡുമായി ആത്മീയ പ്രചാരണത്തില്‍ പുതുതലമുറയ്ക്ക് കാര്‍ലോ മാതൃകയായി. പതിനൊന്നാം വയസില്‍ കാര്‍ലോ ഒരു വെബ്‌സൈറ്റ് ഉണ്ടാക്കി സഭ അംഗീകരിച്ച അത്ഭുതങ്ങളെ അതില്‍ രേഖപ്പെടുത്താന്‍ ആരംഭിച്ചു. ഈ വെര്‍ച്ച്വല്‍ മ്യൂസിയത്തില്‍ 136 അത്ഭുതങ്ങളാണ് മരണത്തിന് മുമ്പായി കാര്‍ലോ രേഖപ്പെടുത്തിയത്.

1991 മെയ് മൂന്നിന് ലണ്ടനിലെ ഇംഗ്ലണ്ടില്‍ ആഡ്രിയ അക്യൂട്ടിസിന്റൈയും ആന്റോണിയോ സാല്‍സനോയുടെയും മകനായാണ് കാര്‍ലോയുടെ ജനനം. ഇറ്റലിയിലെ ഇന്‍ഷുറന്‍സ് രംഗത്തെ പ്രമുഖരായിരുന്ന അക്യൂട്ടിസ് കുടുംബം സാമ്പത്തികമായ മെച്ചപ്പെട്ട നിലയിലായിരുന്നു. അമ്മ സാല്‍സാനോ ഒരു പബ്ലിഷിങ് കമ്പനി നടത്തിയിരുന്നു. കാര്‍ലോസ് ജനിച്ച് വൈകാതെ 1991 സെപ്റ്റംബറില്‍ തന്നെ കുടുംബം ഇറ്റലിയിലേക്ക് താമസം മാറി. 2006 ഒക്ടോബര്‍ ഒന്നിനാണ് കാര്‍ലോയുടെ തൊണ്ടയില്‍ ചെറിയ തടസം അനുഭവപ്പെടുന്നത്. വിദഗ്ധ പരിശോധനയില്‍ രക്താര്‍ബുദം ആണെന്ന് സ്ഥിരീകരിച്ചു. പത്ത് ദിവസത്തിനുള്ളില്‍ വടക്കന്‍ ഇറ്റലിയിലെ ഒരു ആശുപത്രിയില്‍ വെച്ച് കാര്‍ലോ മരണത്തിന് കീഴടങ്ങി.

2020-ല്‍ കാര്‍ലോയുടെ ഓര്‍മ്മദിനമായ ഒക്ടോബര്‍ 12 ആണ് സഭ കാര്‍ലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. അപൂര്‍വ്വമായ പാന്‍ക്രിയാസ് രോഗം ബാധിച്ച ബാലന് കാര്‍ലോയുടെ മധ്യസ്ഥതയാല്‍ രോഗം മാറിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചതോടെ കാര്‍ലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയായിരുന്നു. ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയുടെ അമ്മ കാര്‍ലോയുടെ ശവകുടീരത്തിലെത്തി മകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. ഇവരുടെ സാക്ഷ്യവും മാര്‍പാപ്പ അംഗീകരിച്ചതോടെയാണ് കാര്‍ലോ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്.

കൗമാരക്കാരുടെ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് അടുത്ത ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ കാര്‍ലോ അക്യുട്ടിസിന്റെ വിശുദ്ധ പദവി പ്രഖ്യാപനം നടക്കുമെന്ന് വത്തിക്കാന്‍ പ്രഖ്യാപിച്ചു. ഈസ്റ്ററിന്റെ രണ്ടാം ഞായറാഴ്ചയായ ഏപ്രില്‍ 27 ന് ഇത് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഇതില്‍ ഇന്ത്യ ഉള്‍പ്പെടെ 15 രാജ്യങ്ങളില്‍ നിന്നുള്ള 80,000 ത്തിലധികം കൗമാരക്കാര്‍ ഒത്തുകൂടുമെന്ന് ഇവാഞ്ചലൈസേഷന്‍ ഡിക്കാസ്റ്ററി അറിയിച്ചിരുന്നു. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഉക്രെയ്ന്‍, യു.കെ, ജര്‍മ്മനി, ചിലി, വെനിസ്വേല, മെക്‌സിക്കോ, ഓസ്‌ട്രേലിയ, അര്‍ജന്റീന നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കള്‍ കൗമാരക്കാരുടെ സംഗമത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നു.

2006 ല്‍ പതിനഞ്ചാം വയസ്സില്‍ രക്താര്‍ബുദം ബാധിച്ച് മരിച്ച കാര്‍ലോ അക്യുട്ടിസ് അനൗപചാരികമായി ''ദൈവത്തിന്റെ ഇന്‍ഫ്‌ളുവന്‍സര്‍'' എന്നാണ് അറിയപ്പെട്ടിരുന്നത്. തന്റെ ഇടവകയ്ക്കായി ഒരു വെബ്സൈറ്റ് സൃഷ്ടിച്ചതിലൂടെയും കോഡിംഗ് നടത്തിയതിലൂടെയും കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായി തന്റെ കഴിവുകള്‍ ഉപയോഗിച്ചതിലൂടെയും ആണ് അക്യുട്ടിസ് പ്രശസ്തനായി മാറിയത്. വിശുദ്ധരെ പ്രഖ്യാപിക്കുന്നതിന് സഭ അംഗീകരിച്ച അദ്ഭുതങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്തി ശ്രദ്ധേയനായി.

ഇക്കാലത്ത് ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ഏറ്റവും വലിയ മാര്‍ഗമാണ് സമൂഹമാധ്യമങ്ങളും സൈബര്‍ ലോകവും. ഇത്തരത്തില്‍ ജപമാലയും കീബോര്‍ഡും ആത്മീയ പ്രചരണത്തില്‍ സംയോജിപ്പിച്ച ഒരു കൗമാരക്കാരനായിരുന്നു അക്യുട്ടിസ്. പരസ്പര പൂരകങ്ങളായ വിശ്വാസവും സൈബര്‍ ലോകവും സമര്‍ഥമായി സംയോജിപ്പിച്ച് വിശ്വാസ പ്രചാരണത്തില്‍ പുതിയ പാത തുറന്നെന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ലോകമെമ്പാടും സാക്ഷ്യം വഹിച്ച എല്ലാ അത്ഭുതങ്ങളും രേഖപ്പെടുത്തുന്ന ഒരു പ്ലാറ്റ്ഫോമായിരുന്നു അക്യുട്ടിസ് നിര്‍മിച്ച പ്രമുഖ വെബ്സൈറ്റുകളില്‍ ഒന്ന്. വെബ്സൈറ്റ് ഇപ്പോള്‍ ഒന്‍പതിലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ലണ്ടനില്‍ ജനിച്ച് മിലാനില്‍ വളര്‍ന്ന കാര്‍ലോ 11ാം വയസ്സില്‍ അസീസിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്‌സൈറ്റ് ആരംഭിച്ചാണ് വിശ്വാസ പ്രചാരണത്തിനു തുടക്കമിട്ടത്. വിശുദ്ധരെ പ്രഖ്യാപിക്കുന്നതിന് സഭ അംഗീകരിച്ച അദ്ഭുതങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്തി ശ്രദ്ധേയനായി.

2020 ലാണ് കാര്‍ലോ അക്യുട്ടിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യപിച്ചത്. പാന്‍ക്രിയാസിനെ ബാധിക്കുന്നരോഗമുള്ള ഒരു ബ്രസീലിയന്‍ കുട്ടിയെ സുഖപ്പെടുത്തിയ ആദ്യത്തെ അദ്ഭുതത്തിന് ശേഷമാണ് ഈ പ്രഖ്യാപനം ഉണ്ടായത്. കാര്‍ലോയുടെ മധ്യസ്ഥതയില്‍ കോസ്റ്ററിക്കയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയായ വലേറിയയ്ക്ക് അപകടത്തെത്തുടര്‍ന്നുണ്ടായ ഗുരുതരാവസ്ഥയില്‍ നിന്ന് സൗഖ്യം ലഭിച്ചത് രണ്ടാമത്തെ അദ്ഭുതമായി സമിതി അംഗീകരിച്ചതോടെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതി തീരുമാനിക്കുകയായിരുന്നു.

ഇറ്റലിയിലെ അസീസിയില്‍ കാര്‍ലോ അക്യൂട്ട്‌സിന്റെ ശവകുടീരം പൊതു ആരാധനയ്ക്കായി തുറന്ന് നല്‍കിയിട്ടുണ്ട്. ജീന്‍സും ടെന്നീസ് ഷൂസും ധരിച്ച് കിടക്കുന്ന അദേഹത്തെ വ്യൂവിറങ് ഗ്ലാസിലൂടെ വീണ്ടും കാണാന്‍ കഴിയും. അക്യുട്ടിസിന്റെ ശവകുടീരം ദിവസവും നൂറുകണക്കിന് തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു ദശലക്ഷം ആളുകള്‍ അക്യുട്ടിസിന്റെ ശവകുടീരത്തിലേക്ക് തീര്‍ത്ഥാടനം നടത്തിയിരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam