ആഗോള കത്തോലിക്ക സഭയുടെ അധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാലം ചെയ്തതോടെ പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് ആഗോള കത്തോലിക്കാ സഭ വൈകാതെ തുടക്കമിടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ദിനാള്‍മാരുടെ പേപ്പല്‍ കോണ്‍ക്ലേവ് ആണ് മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാലം ചെയ്തതിന്റെ ദുഖാചരണ കാലയളവിന് ശേഷമായിരിക്കും കോണ്‍ക്ലേവ് കൂടുക.
ഇന്ത്യയില്‍ നിന്ന് നാല് കര്‍ദിനാള്‍മാരാണ് പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യുക. 2025 ജനുവരി 22ലെ കോണ്‍ക്ലേവ് നിയമങ്ങള്‍ പ്രകാരം 252 കര്‍ദിനാള്‍മാരില്‍ 138 പേര്‍ക്കാണ് വോട്ട് ചെയ്യാനുള്ള അനുമതിയുള്ളത്.
വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ നടക്കുന്ന രഹസ്യ വോട്ടെടുപ്പില്‍ 80 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് മാത്രമെ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. ഏകദേശം 120 പേര്‍ തങ്ങളുടെ സ്ഥാനാര്‍ഥിക്ക് രഹസ്യമായി വോട്ട് ചെയ്യും. ഒരു ബാലറ്റില്‍ സ്ഥാനാര്‍ഥിയുടെ പേര് എഴുതി അള്‍ത്താരയുടെ മുന്നില്‍ ഒരു പാത്രത്തില്‍ വയ്ക്കും. ഒരു സ്ഥാനാര്‍ഥിക്കും ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ അടുത്ത റൗണ്ട് വോട്ടെടുപ്പ് നടക്കും. ഇങ്ങനെ ഒരു ദിവസം നാല് റൗണ്ട് വോട്ടെടുപ്പ് നടത്താവുന്നതാണ്.
ഇന്ത്യയില്‍ നിന്ന് വോട്ട് ചെയ്യുന്നവര്‍ ആരൊക്കെ?
ഇന്ത്യയില്‍ നിലവില്‍ ആറ് കര്‍ദിനാള്‍മാരാണുള്ളത്. അതില്‍ ഒരാള്‍ക്ക് 80 വയസ്സും മറ്റൊരാള്‍ 79 വയസ്സും ബാക്കിയുള്ളവര്‍ക്ക് 80 വയസ്സിന് താഴെയുമാണ് പ്രായം. ഗോവ മെട്രോപോളിറ്റന്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെരാരോ(72), സിറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ക്ലീമീസ് ബസേലിയോസ് (64), ഹൈദരാബാദ് മെട്രോപൊളിറ്റന്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാല്‍ ആന്റണി പൂല (63), വൈദികനായിരിക്കെ നേരിട്ട് കര്‍ദിനാള്‍ പദവിയേക്ക് ഉയര്‍ത്തപ്പെട്ട ജോര്‍ജ് ജേക്കബ് കൂവക്കാട് (51) എന്നിവര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാന്‍ വോട്ട് ചെയ്യാന്‍ അനുമതിയുള്ളത്. ഇവരില്‍ കര്‍ദിനാള്‍ ക്ലീമീസ് ബസേലിയോസ്, കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് എന്നിവര്‍ മലയാളികളാണ്.
കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെരാരോ(72)
ഗോവയിലെയും ദാമനിലെയും ആര്‍ച്ച് ബിഷപും ഈസ്റ്റ് ഇന്‍ഡീസിലെ ഏഴാമത്തെ പാത്രിയര്‍ക്കീസുമാണ് അദ്ദേഹം. കുടുംബ ശുശ്രൂഷ, സാമൂഹിക നീതി, കുടിയേറ്റക്കാര്‍, കാലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. 1979 ഒക്ടോബര്‍ 28 ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1994 ഏപ്രില്‍ 10ന് എപ്പിസ്‌കോപേറ്റായി നിയമിതനായി. 2022 ഓഗസ്റ്റ് 27 ന് കര്‍ദനാളായി ഉയര്‍ത്തപ്പെട്ടു.
കര്‍ദിനാള്‍ ക്ലീമീസ് ബസേലിയോസ് (64)
സിറോ മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പാണ് അദ്ദേഹം. ഐസക്ക് തോട്ടുങ്കല്‍ എന്നാണ് യഥാര്‍ത്ഥ പേര്. നിലവില്‍ തിരുവനന്തപുരം മേജര്‍ ആര്‍ച്ച് ബിഷപ്പായും സേവനമനുഷ്ഠിക്കുന്നു. 1986 ജൂണ്‍ 11 ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 2001 ഓഗസ്റ്റ് 15ന് എപ്പിസ്‌കോപ്പേറ്റായി നിയമിതനായി. 2012 നവംബര്‍ 24 ന് കര്‍ദിനാളായി ഉയര്‍ത്തപ്പെട്ടു.
കര്‍ദിനാള്‍ ആന്റണി പൂല (63)
ദാരിദ്ര്യത്തില്‍ അകപ്പെട്ട കുട്ടികളെ സംരക്ഷിക്കുന്നതിന് സമര്‍പ്പിതനായ ഇന്ത്യന്‍ പുരോഹിതനാണ് കര്‍ദിനാള്‍ ആന്റണി പൂല. ജാതിവ്യവസ്ഥയുടെ അസമത്വങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പായി അദ്ദേഹത്തെ കര്‍ദിനാള്‍ പദവിയേക്ക് ഉയര്‍ത്തുകയായിരുന്നുവെന്ന് കരുതപ്പെടുന്നു. ഇന്ത്യയിലെ ആദ്യത്തെ ദളിത് കര്‍ദിനാള്‍ ആണ് അദ്ദേഹം.
കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാട് (51)
സിറോ മലബാര്‍ ആര്‍ച്ച് ബിഷപ്പായ അദ്ദേഹം വൈദിക പദവിയില്‍ നിന്ന് നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 2021 മുതല്‍ 2025 ജനുവരി വരെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിദേശയാത്രകള്‍ക്ക് നേതൃത്വം നല്‍കി വരികയായിരുന്നു. 2025 ജനുവരിയില്‍ മതാനന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടായി നിയമിതനായി. 2004 ജൂലൈ 24 ന് പൗരോഹിത്യവും 2024 നവംബര്‍ 24 ന് എപ്പിസ്‌കോപ്പേറ്റും 2024 ഡിസംബര്‍ 7 ന് കര്‍ദിനാള്‍ പദവിയിലേക്കും ഉയര്‍ത്തപ്പെട്ടു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1