പഹല്‍ഗാമിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തിന് നേരെ ഭീകരര്‍ അഴിച്ചുവിട്ട ആക്രമണത്തിന്റെ നടുക്കത്തിലാണ് രാജ്യം. ആക്രമണത്തില്‍ കുറഞ്ഞത് 28 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ എന്തുകൊണ്ടാണ് ഏറ്റവും മാരകമായ ആക്രമണങ്ങള്‍ നടത്താന്‍ തീവ്രവാദികള്‍ പഹല്‍ഗാമിലെ ബൈസരണ്‍ താഴ്വര തിരഞ്ഞെടുത്തതെന്ന ചോദ്യം പ്രസക്തമാണ്.
ഇവിടുത്തെ ഭൂപ്രദേശത്തില്‍ തന്നെ അതിനുള്ള ഉത്തരം അടങ്ങിയിരിക്കുന്നുണ്ട്. പ്രദേശത്തെ ദുഷ്‌കരമായതും ചെളി നിറഞ്ഞതുമായ ഭൂപ്രകൃതി കാരണം രക്ഷാപ്രവര്‍ത്തനം തന്നെ ബുദ്ധിമുട്ടായി മാറുന്ന അവസ്ഥയായിരുന്നു. ബൈസരനിലേക്കുള്ള ചെളിയും കുത്തനെയുള്ളതുമായ പാത പരിക്കേറ്റവരെ ഒഴിപ്പിക്കുന്നതില്‍ കാലതാമസം സൃഷ്ടിച്ചിരുന്നു. പരുക്കന്‍ ഭൂപ്രദേശം രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണ്ണമാക്കി. എന്നാല്‍, പരിക്കേറ്റവരെ പുറത്തെടുക്കാന്‍ ഹെലികോപ്റ്ററുകളും പ്രാദേശിക കുതിര സവാരിക്കാരും വേഗത്തില്‍ രംഗത്തിറങ്ങിയിരുന്നു.
എവിടെയാണ് ബൈസരന്‍ താഴ്വര?
ആക്രമണം നടന്ന സ്ഥലം ശ്രീനഗറില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെ ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലാണ്. തെക്കന്‍ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പഹല്‍ഗാം എന്ന കുന്നിന്‍ പ്രദേശത്ത് നിന്ന് വെറും 5 കിലോമീറ്റര്‍ അകലെയാണ് ബൈസരന്‍ താഴ്‌വര. ഈ പ്രദേശത്തെ ഏറ്റവും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. മഞ്ഞുമൂടിയ പര്‍വതനിരകള്‍, ഇടതൂര്‍ന്ന ദേവദാരു വനങ്ങള്‍, വിശാലമായ പുല്‍മേടുകള്‍ എന്നിവയാല്‍ ചുറ്റപ്പെട്ട താഴ്‌വര. പ്രകൃതിയുടെ ശാന്തിയും സാഹസികതയും തേടുന്ന ആയിരക്കണക്കിന് സന്ദര്‍ശകരെ ഇവിടത്തേയ്ക്ക് ആകര്‍ഷിക്കുന്നു.
മാത്രമല്ല, നിരവധി ബോളിവുഡ് സിനിമകളിലും ബൈസരണ്‍ ഒരു പശ്ചാത്തലമായി കാണാം. വിശാലമായ പുല്‍മേടുകള്‍, ആല്‍പൈന്‍ മരങ്ങള്‍, മഞ്ഞുമൂടിയ ചക്രവാളങ്ങള്‍ എന്നിവയാല്‍ യൂറോപ്യന്‍ ഗ്രാമപ്രദേശങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഈ സ്ഥലത്തിന് 'മിനി സ്വിറ്റ്‌സര്‍ലന്‍ഡ്' എന്ന വിളിപ്പേര് വീഴാന്‍ കാരണം. പഹല്‍ഗാം വികസന അതോറിറ്റി (പിഡിഎ) വെബ്സൈറ്റ് പ്രകാരം, ഇടതൂര്‍ന്ന പൈന്‍ വനം ചുറ്റുമുള്ള പര്‍വതനിരകളുടെ മഞ്ഞുമൂടിയ കൊടുമുടികള്‍ക്ക് വ്യത്യസ്തമായ ഒരു നിറം പകരുന്നു.
ടുലിയന്‍ തടാകത്തിലേക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന ട്രെക്കിംഗുകള്‍ക്ക് അനുയോജ്യമായ ഒരു ക്യാമ്പ് സൈറ്റ് കൂടിയാണ് ബൈസരണ്‍. അവിടെ നിന്ന് പട്ടണത്തിന്റെയും ലിഡര്‍ താഴ്‌വരയുടെയും മനോഹരമായ കാഴ്ചകള്‍ കാണാം. ലിഡര്‍ നദിയുടെ മനോഹരമായ കാഴ്ച ഈ സ്ഥലത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ജമ്മു കാശ്മീരിലെ ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച് വേനല്‍ക്കാലത്തും ശൈത്യകാലത്തും ഇവിടം ജനപ്രിയമാണ്.
പഹല്‍ഗാമിന്റെ പ്രസിദ്ധി
ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഒരു പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാണ് പഹല്‍ഗാം. ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 90 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പഹല്‍ഗാമിലെ ലിഡര്‍ നദിക്കരയിലുള്ള പ്രശസ്തമായ പര്‍വത പാതകളും ഇടതൂര്‍ന്ന വനങ്ങളും 'ഇടയന്മാരുടെ താഴ്‌വര' എന്നറിയപ്പെടുന്ന അമര്‍നാഥ് ഗുഹാക്ഷേത്രത്തിന്റെ ആസ്ഥാനമാണ്. ഇത് ഒരു ഹിന്ദു ആരാധനാലയമാണ്.
തവിട്ടുനിറത്തിലുള്ള കരടികള്‍, കസ്തൂരിമാന്‍ തുടങ്ങിയ മൃഗങ്ങളുടെ ആവാസ കേന്ദ്രമായ അരു വന്യജീവി സങ്കേതം ഇവിടെയാണ്. സണ്ണി ഡിയോള്‍ അഭിനയിച്ച ചിത്രത്തിന് ശേഷം ആ പേര് ലഭിച്ച മനോഹരമായ ബേതാബ് താഴ്‌വര, ടുലിയന്‍ തടാകം എന്നിവയാണ് പഹല്‍ഗാമിലെ ചില പ്രശസ്തമായ സ്ഥലങ്ങള്‍. സര്‍ക്കാര്‍ വെബ്സൈറ്റ് പ്രകാരം 2023 ല്‍ ആകെ 14,32,439 വിനോദസഞ്ചാരികള്‍ ജമ്മു കാശ്മീര്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
പഹല്‍ഗാമിലെ ഭീകരാക്രമണം
ഏപ്രില്‍ 22 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് ആക്രമണം ആരംഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. താഴ്‌വരയെ ചുറ്റിപ്പറ്റിയുള്ള ഇടതൂര്‍ന്ന പൈന്‍ വനത്തില്‍ നിന്നും വന്ന തീവ്രവാദികള്‍ 40 വിനോദസഞ്ചാരികളുടെ സംഘത്തിന് നേരെ വെടിയുതിര്‍ക്കാന്‍ ആരംഭിച്ചു. ബൈസരണ്‍ താഴ്‌വരയിലെ പുല്‍മേടുകളില്‍ വിനോദസഞ്ചാരികള്‍ പോണി റൈഡുകള്‍ ആസ്വദിക്കുന്നതിനിടെ തീവ്രവാദികള്‍ അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1