വ്യാപാരത്തില്‍ നിലവിലുള്ള അസന്തുലിതാവസ്ഥ ചൂണ്ടിക്കാട്ടി 70-ലധികം രാജ്യങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 41 ശതമാനം വരെ മറുതീരുവ ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് 25 ശതമാനം തീരുവയാണ് ഏര്‍പ്പെടുയിരിക്കുന്നത്. മാത്രമല്ല കാനഡയുടെ തീരുവ 25 ശതമാനത്തില്‍ നിന്നും 35 ശതമാനം ആയി ഉയര്‍ത്തിയെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതിക്ക് അമേരിക്ക ഏര്‍പ്പെടുത്തുന്ന നികുതികളുടെ വിപുലമായ പട്ടികയാണ് ട്രംപ് പുറത്തിറക്കിയിരിക്കുന്നത്. വ്യാപാര കമ്മി കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നാണ് ട്രംപിന്റെ വിശ്വാസം. ട്രംപ് അടിയന്തര അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഈ തീരുവകള്‍ നടപ്പാക്കുന്നത്. വിവിധ രാജ്യങ്ങള്‍ക്കനുസരിച്ച് ഈ നിരക്കുകളില്‍ വ്യത്യാസങ്ങളും ഉണ്ട്.
അഫ്ഗാനിസ്ഥാന്‍, അംഗോള എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 15 ശതമാനമാണ് തീരുവ. സിറിയക്ക് 41 ശതമാനം വരെ തീരുവ ബാധകമാകും. യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ, യുണൈറ്റഡ് കിംഗ്ഡം എന്നിവയ്ക്കും വ്യത്യസ്ത നിരക്കുകള്‍ ബാധകമാണ്. ഓഗസ്റ്റ് ഒന്നിന് മുന്നോടിയായി വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്ക് സമയപരിധി നിശ്ചയിച്ചിരുന്നു.
ഇതിന് മുമ്പായി യുഎസ് ഇറക്കുമതിക്കാര്‍ക്കുള്ള താരിഫ് നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ബ്രസീല്‍ പോലുള്ള ചില രാജ്യങ്ങള്‍ക്ക് നിലവിലുള്ള താരിഫുകള്‍ക്ക് പുറമെ അധിക നികുതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ് പ്രധാന കാര്യം. ഏകദേശം 70 രാജ്യങ്ങള്‍ക്കുള്ള തീരുവ നിരക്കുകള്‍ 'റെസിപ്രോക്കല്‍ താരിഫ് റേറ്റ്‌സ്' എന്ന എക്സിക്യൂട്ടീവ് ഓര്‍ഡറിലൂടെയാണ് യുഎസ് പ്രഖ്യാപിച്ചത്.
ലാവോസ്, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 40 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇറാഖ്, സെര്‍ബിയ എന്നിവയ്ക്ക് 35 ശതമാനം തീരുവയും ലിബിയ, ദക്ഷിണാഫ്രിക്ക എന്നിവയ്ക്ക് 30 ശതമാനവുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിന് 39 ശതമാനം താരിഫും സിറിയക്ക് ഏറ്റവും ഉയര്‍ന്ന നിരക്കായ 41 ശതമാനം താരിഫും ബാധകമാണ്. യൂറോപ്യന്‍ യൂണിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 15 ശതമാനം വരെയും യുണൈറ്റഡ് കിംഗ്ഡം ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം താരിഫും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഏഷ്യന്‍ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം, ഇന്ത്യക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തി. ഇന്തോനേഷ്യ, മലേഷ്യ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ് എന്നിവയ്ക്ക് 19 ശതമാനം താരിഫ് ബാധകമാണ്. നികരാഗ്വയ്ക്ക് 18 ശതമാനം താരിഫും ശ്രീലങ്കയ്ക്ക് 20 ശതമാനം താരിഫും ഏര്‍പ്പെടുത്തി. സാംബിയ, സിംബാബ്വേ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 15 ശതമാനമാണ് താരിഫ്.
ഇതുമൂലം വിവിധ രാജ്യങ്ങളുമായുള്ള വ്യാപാര ചട്ടങ്ങള്‍ പുനര്‍നിശ്ചയിക്കാനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ യുഎസ് സമ്പദ്വ്യവസ്ഥയ്ക്ക് ഗുണകരമാകുന്ന കൂടുതല്‍ സന്തുലിതമായ വ്യാപാര ബന്ധങ്ങള്‍ സ്ഥാപിക്കാനുമാണ് ട്രംപ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടിയാവും പുതിയ പ്രഖ്യാപനത്തിലൂടെ ഉണ്ടാവുക. അതിനിടെ ചൈനയുമായി ഒരു വ്യാപാര കരാറിനുള്ള സാധ്യത യുഎസ് കാണുന്നുണ്ടെങ്കിലും, കരാര്‍ പൂര്‍ണ്ണമായും പൂര്‍ത്തിയായിട്ടില്ലെന്നും പ്രസിഡന്റ് ട്രംപിന്റെ അംഗീകാരം ഇനിയും ആവശ്യമാണെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് അടുത്തിടെ പ്രസ്താവന നടത്തിയിരുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1