80 വയസ്സിന് താഴെയുള്ള കർദ്ദിനാൾമാർക്കാണ് മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള അവകാശം. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി ഈ ഗ്രൂപ്പിൽ നിന്നാണ് പോപ്പിനെ തിരഞ്ഞെടുക്കുന്നത്. ഇക്കുറിയും ആ പതിവ് തെറ്റിക്കാൻ സാധ്യതയില്ല. വിവിധ ലോകരാജ്യങ്ങളിൽനിന്നുള്ള 252 കർദിനാൾമാരാണുള്ളത്. അതിൽ വോട്ടവകാശമുള്ളത് 138 പേർക്കാണ്.
ലോകം ഉറ്റുനോക്കുന്നത് അടുത്ത മാർപാപ്പ ആരായിരിക്കുമെന്നാതാണ്. അതിനുള്ള പ്രധാന കാരണം മാർപാപ്പ ആഗോള കത്തോലിക്ക സഭയുടെ തലവൻ മാത്രമല്ല, ഒരു രാഷ്ട്രത്തിന്റെ തലവൻ കൂടിയാണല്ലോ. വത്തിക്കാൻ മാർപ്പാപ്പയുടെ അധികാരത്തിലുള്ള സ്വതന്ത്രരാഷ്ട്രമാണ്. ലോകത്തിലെ ഏറ്റവും ചെറിയ സ്വതന്ത്രരാഷ്ട്രമാണ് വത്തിക്കാൻ. പോപ്പ് പീയൂസ് പതിനൊന്നാമൻ സെക്രട്ടറിയായ കർദിനാൾ ഗാസ്പരിയും ഏകീകൃത ഇറ്റലിയുടെ നേതാവായ ബെനിറ്റോ മുസോളിനിയും തമ്മിൽ ഇറ്റലിയിലെ ലാറ്ററൈൻ കൊട്ടാരത്തിൽ വച്ചായിരുന്നു ഉടമ്പടി ഒപ്പുവച്ചത്. അതോടെ ആറു ശതാബ്ദമായി പള്ളിയും ഗവൺമെന്റും തമ്മിൽ നിലനിന്നുവന്ന തർക്കം പരിഹൃതമായി.
പോപ്പ് പിയൂസ് പതിനൊന്നാമൻ നൽകിയ സ്വർണപേന ഉപയോഗിച്ചാണ് ആ ഉടമ്പടി ഒപ്പുവച്ചത്.
ഉടമ്പടിയനുസരിച്ചു മാർപ്പാപ്പാ വത്തിക്കാന്റെ തലവനായി. വത്തിക്കാന് ആവശ്യമുള്ളപ്പോഴൊക്കെ ഇറ്റലി ഭരണകൂടത്തിന്റെ സഹായം വാഗ്ദാനം ചെയ്യപ്പെട്ടു. വത്തിക്കാൻ നഗരത്തിലെ ജനങ്ങൾക്ക് സർവവിധ സ്വാതന്ത്ര്യവും അനുവദിക്കപ്പെട്ടിട്ടുണ്ട്.
വത്തിക്കാൻ സിറ്റിയുടെ വിസ്തീർണം 0.4 ചതുരശ്രകിലോമീറ്റർ. ജനസംഖ്യ ഏകദേശം ആയിരത്തിനു മുകളിൽ. ഭാഷ: ലാറ്റിൻ, ഇറ്റാലിയൻ. സ്വന്തമായി റയിൽവേയും തപാൽവകുപ്പും പോലീസ്, റേഡിയോ എന്നിവയും വത്തിക്കാനുണ്ട്. മാർപാപ്പ നിയമിക്കുന്ന ഒരു കമ്മിഷനാണ് വത്തിക്കാൻ ഭരിക്കുന്നത്. എല്ലാ പരമാധികാരവും പോപ്പിൽ നിക്ഷിപ്തമാണ്. അല്പം കൂടി പിന്നിലേക്കു പോയാൽ വിചിത്രമായ ചില സംഭവങ്ങളും അരങ്ങേറിയതായി കാണാൻ കഴിയും.
ആദിമ ക്രിസ്ത്യാനികളുടെ ആജന്മ വൈരികൾ ആയിരുന്നു പഴയ റോമാ ചക്രവർത്തിമാർ. അവരുടെ തലസ്ഥാനവും ക്രിസ്തുമത നേതാക്കളായ മാർപാപ്പമാരുടെ ഭരണസ്ഥാനവും റോമിൽ തന്നെയായത് ചരിത്രത്തിന്റെ ആവർത്തനമോ, തിന്മയെ നന്മ കീഴ്‌പ്പെടുത്തുന്നു എന്നതിന്റെ ഉദാഹരണമോ ആയിരിക്കാം. ക്രിസ്തുമതത്തിന്റെ പ്രാരംഭ ദശയിൽ റോം വിഗ്രഹാരാധനയുടെയും അന്ധവിശ്വാസങ്ങളുടെയും കൂത്തരങ്ങായിരുന്നു. പ്രേക്ഷിത മുഖ്യരായ പത്രോസ് ശ്ലീഹായുടെയും പൗലോസ് ശ്ലീഹായുടെയും മറ്റനവധിയായ സിദ്ധാത്മാക്കളുടെയും വീര രക്തം വീണ പൂരിതമായി ഉയർത്തെഴുന്നേറ്റ റോമാ നഗരം, പൂർവ്വ സാമ്രാജ്യത്തിന്റെ വിസ്തൃതമായ അനവധി പ്രവിശ്യകളോടുകൂടി ക്രിസ്തുവർഷം 755 ഫ്രാങ്ക് രാജാവായ പെപ്പിൻ സഭ ഭരിച്ചിരുന്ന വിശുദ്ധ സ്റ്റീഫൻ മൂന്നാമൻ മാർപാപ്പയ്ക്ക് അടിയറ വയ്ക്കുകയുണ്ടായി.
കാലക്രമത്തിൽ മറ്റു പല രാജാക്കന്മാരും അവരുടെ രാജ്യവിഭാഗങ്ങൾ തിരുമുൽക്കാഴ്ചയായി പരിശുദ്ധ സിംഹാസനത്തിലേക്ക് സമർപ്പിച്ചു. എഡി 800 കാലഘട്ടത്തിൽ ജീവിച്ചിരുന്ന കാർൽസ്മാൻ ചക്രവർത്തിയും ഇതേ നടപടികൾ സ്വീകരിച്ചിരുന്നു. റോമാ ചക്രവർത്തിയായിരുന്ന കോൺസ്‌റ്റൈൻ ടൈമിന്റെ സൂപ്രസിദ്ധമായ മിലാൻ പ്രഖ്യാപനം മൂലം മിക്ക മതങ്ങൾക്കും പ്രത്യേകിച്ച് ക്രിസ്തുമതത്തിനും പ്രവർത്തന സ്വാതന്ത്ര്യം ലഭിച്ചിരുന്നു. ചക്രവർത്തി തന്നെ ക്രിസ്തുമതം സ്വീകരിച്ച് ഒരു വലിയ മതസംരക്ഷകനായി. അദ്ദേഹം മാർപാപ്പയ്ക്ക് ലാറ്ററാൻ ബസിലിക്കയും കൊട്ടാരവും പണിതുകൊടുത്തു. ധാരാളം ഭൂപ്രദേശങ്ങൾ മാർപാപ്പയുടെ നേരിട്ടുള്ള ഭരണത്തിന് വിട്ടുകൊടുത്തു. ബസിലിക്കയുടെ നിർമ്മിതിക്ക് മുൻകൈയെടുത്തു. കർദിനാളന്മാരും മെത്രാന്മാരും പ്രാദേശിക ഭരണാധികാരികളായി 324ൽ ബത്‌ലഹേമിലും കാൽവരി പ്രദേശത്തും ഓരോ ബസിലിക്കുകൾ നിർമ്മിക്കാൻ കൽപ്പന ഉണ്ടായതും ചരിത്രം..!
മാർപാപ്പ തെരഞ്ഞെടുപ്പ്
80 വയസ്സിന് താഴെയുള്ള കർദ്ദിനാൾമാർക്കാണ് മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള അവകാശം. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി ഈ ഗ്രൂപ്പിൽ നിന്നാണ് പോപ്പിനെ തിരഞ്ഞെടുക്കുന്നത്. ഇക്കുറിയും ആ പതിവ് തെറ്റിക്കാൻ സാധ്യതയില്ല. വിവിധ ലോകരാജ്യങ്ങളിൽനിന്നുള്ള 252 കർദിനാൾമാരാണുള്ളത്. അതിൽ വോട്ടവകാശമുള്ളത് 138 പേർക്കാണ്. മാമ്മോദീസ മുങ്ങിയ, റോമൻ കത്തോലിക്കനായ പുരുഷനായിരിക്കണം മാർപാപ്പ എന്നു മാത്രമാണ് ചട്ടം. എന്നാൽ, കർദിനാൾമാരിൽ ഒരാൾ തന്നെയാണ് നൂറ്റാണ്ടുകളായി ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാറുള്ളത്.
സിസ്‌റ്റൈൻ ചാപ്പലിൽ, പുറംലോകവുമായി ബന്ധമില്ലാതെ കർദിനാൾമാർ സഭകൂടിയാണ് മാർപാപ്പയെ തെരഞ്ഞെടുക്കുക. ആരെങ്കിലും ഒരാൾക്ക് മൂന്നിൽരണ്ട് ഭൂരിപക്ഷം കിട്ടുന്നതു വരെ രഹസ്യ ബാലറ്റ് തുടരും. നിലവിൽ വോട്ടവകാശമുള്ള 138 കർദിനാൾമാരിൽ 110 പേരെയും ഫ്രാൻസിസ് മാർപാപ്പ തന്നെ നിയമിച്ചവരാണ്. മുൻകാലങ്ങളിലെ അപേക്ഷിച്ച് ഏഷ്യക്കും ആഫ്രിക്കയ്ക്കും ലാറ്റിൻ അമേരിക്കയ്ക്കും ഇപ്പോൾ കൂടുതൽ പ്രാതിനിധ്യമുണ്ട്. അതുകൊണ്ടുതന്നെ നൂറ്റാണ്ടുകൾക്കിടെ ആദ്യമായി ആഫ്രിക്കയിൽനിന്നോ ഏഷ്യയിൽനിന്നോ ഉള്ള ഒരു കർദിനാൾ കത്തോലിക്കാ സഭയുടെ 267-ാം മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടാൻ ഇത്തവണ സാധ്യത കൂടുതലാണ്.
ഘാനയിൽനിന്നുള്ള പീറ്റർ ടർക്ക്‌സൺ, കോംഗോയിൽ നിന്നുള്ള ഫ്രിഡോലിൻ അംബോംഗോ എന്നിവരുടേതാണ് ആഫ്രിക്കയിൽനിന്ന് സാധ്യത കൽപ്പിക്കപ്പെടുന്ന പേരുകൾ. യാഥാസ്ഥിതിക പക്ഷത്ത് നിലകൊള്ളുന്ന ഇരുവരും അവരവരുടെ രാജ്യങ്ങളിൽ സമാധാനം പുന :സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ പേരിൽ ശ്രദ്ധേയരായിരുന്നു. ഏഷ്യയിൽനിന്നുള്ള കർദിനാൾമാരിൽ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്നത് ഫിലിപ്പീൻസിലെ മനിലയിൽ ആർച്ച് ബിഷപ്പായിരുന്ന ലൂയി ടാഗിളിനാണ്. ഫ്രാൻസിസ് മാർപാപ്പയെ പോലെ പാവങ്ങളോടുള്ള കരുണയും സാമൂഹിക നീതിക്കുവേണ്ടിയുള്ള നിലപാടുകളുമാണ് അദ്ദേഹത്തെയും ശ്രദ്ധേയനാക്കുന്നത്.
എന്നാൽ, സഭയിലെ യാഥാസ്ഥിതിക പക്ഷം പിന്തുണ നൽകാൻ സാധ്യതയുള്ള കർദിനാൾ ഹംഗറിയിൽനിന്നുള്ള പീറ്റർ എർദോയാണെന്നും വിലയിരുത്തപ്പെടുന്നു. വിവിധ സഭകളുടെ ഐക്യത്തിനു വേണ്ടി നിരന്തരം വാദിക്കുന്ന ആളാണ് കർദിനാൾ എർദോ. നിലവിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന കർദിനാൾ പിയട്രോ പരോലിനും ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയാകാൻ ഏറെ സാധ്യത കൽപ്പിക്കപ്പെടുന്നു. ഇറ്റലിയിൽ നിന്നുള്ള മാറ്റിയോ സുപ്പി, മാൾട്ടയിൽനിന്നുള്ള മരിയോ ഗ്രെച്ച് എന്നിവരാണ് പരിഗണിക്കപ്പെടാനിടയുള്ള മറ്റു പ്രമുഖർ.
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1