ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ സുരക്ഷിതരോ ? 

FEBRUARY 9, 2026, 5:27 AM

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ വിള്ളലുകള്‍ ശക്തമായിരുന്നപ്പോള്‍ പോലും കാനഡയില്‍ ഉപരിപഠനം ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ യാതൊരു കുറവും ഉണ്ടായിരുന്നില്ല. അതേസമയം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയുടെ കാര്യത്തില്‍ ഇപ്പോഴും ആശങ്ക തുടരുകയാണ്.

2018 നും 2025 നും ഇടയില്‍ കാനഡയില്‍ നടന്ന അക്രമാസക്തമായ ആക്രമണങ്ങളില്‍ 17 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട്. എഐഎംഐഎം എംപി അസദുദ്ദീന്‍ ഒവൈസിയുടെ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി കിര്‍ത്തി വര്‍ധന്‍ സിംഗ് ലോക്‌സഭയില്‍ സമര്‍പ്പിച്ച രേഖാമൂലമുള്ള മറുപടിയിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്. പരിശോധനാ കാലയളവില്‍ വിദേശ രാജ്യങ്ങളില്‍ ഇത്തരം മരണങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കാനഡയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ രാജ്യങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ കാനഡയില്‍ 17 പേരും, അമേരിക്കയില്‍ ഒന്‍പതും, ഓസ്ട്രേലിയയില്‍ മൂന്നും വിദ്യാര്‍ത്ഥികള്‍ അക്രമങ്ങളില്‍ കൊല്ലപ്പെട്ടു. യുണൈറ്റഡ് കിംഗ്ഡം, ചൈന, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, ഗ്രനേഡ എന്നിവിടങ്ങളില്‍ ഓരോ മരണങ്ങള്‍ വീതവും കിര്‍ഗിസ്ഥാനില്‍ രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്നും സമയബന്ധിതമായ അന്വേഷണം നടക്കുന്നുണ്ടോ എന്നും ഒവൈസി ചോദിച്ചിരുന്നു.

സുരക്ഷാ നടപടികള്‍

വിദേശത്തുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ ഉയര്‍ന്ന മുന്‍ഗണനയാണ് നല്‍കുന്നതെന്നായിരുന്നു മന്ത്രി പറഞ്ഞത്. അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഉടന്‍ തന്നെ ഇന്ത്യന്‍ മിഷനുകള്‍ പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ട് കുറ്റവാളികളെ ശിക്ഷിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നുണ്ട്. 

വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ മുന്‍കരുതലുകള്‍ നല്‍കുന്നതിനായി ഓറിയന്റേഷന്‍ സെഷനുകളും അഡൈ്വസറികളും നല്‍കി വരുന്നു. വിദ്യാര്‍ത്ഥികള്‍ എംഇഎയുടെ (MEA) മദദ് (MADAD) പോര്‍ട്ടലിലും ഇന്ത്യന്‍ എംബസികളിലും രജിസ്റ്റര്‍ ചെയ്യണമെന്നും അടിയന്തര സഹായത്തിന് വാട്‌സാപ്പ് ഗ്രൂപ്പുകളും ഹെല്‍പ്പ് ലൈനുകളും ഉപയോഗിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

സര്‍ക്കാര്‍ ഇടപെടല്‍

ശഖ്തമായ രാഷ്ട്രീയ അസ്ഥിരതയോ സാമ്പത്തിക പ്രതിസന്ധിയോ നേരിടുന്ന രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഓപ്പറേഷന്‍ ദേവി ശക്തി (അഫ്ഗാനിസ്ഥാന്‍), ഓപ്പറേഷന്‍ ഗംഗ (ഉക്രെയ്ന്‍), ഓപ്പറേഷന്‍ കാവേരി (സുഡാന്‍), ഓപ്പറേഷന്‍ അജയ് (ഇസ്രായേല്‍), ഓപ്പറേഷന്‍ സിന്ധു (ഇസ്രായേല്‍, ഇറാന്‍) തുടങ്ങിയ വലിയ ഒഴിപ്പിക്കല്‍ ദൗത്യങ്ങളിലൂടെ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി നാട്ടിലെത്തിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നാടുകടത്തല്‍ ഭീഷണി

മറ്റൊരു ചോദ്യത്തിന് മറുപടിയായി, വിസ ചട്ടങ്ങള്‍ ലംഘിച്ചതിനും വ്യാജ അഡ്മിഷന്‍ രേഖകള്‍ നല്‍കിയതിനും നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

2021 നും 2025 നും ഇടയില്‍ യുകെ (170), ഓസ്ട്രേലിയ (114), റഷ്യ (82), യുഎസ് (45), ഉക്രെയ്ന്‍ (13) എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാടുകടത്തി. ഇതേ കാലയളവില്‍ അമേരിക്ക 62 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും കിര്‍ഗിസ്ഥാന്‍ 11 പേര്‍ക്കും പ്രവേശനം നിഷേധിച്ചതായും മന്ത്രി സഭയെ അറിയിച്ചിരുന്നു.

ഉപരിപഠനം: വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടോ ?

പഠനത്തിന് ശേഷം അവിടെ ജോലി നേടുന്നതിനും സ്ഥിരതാമസമാക്കുന്നതിനും  കാനഡ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ വെല്ലുവിളിയാകും. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിലനിന്നിരുന്ന വിസ നടപടികളിലെ അനിശ്ചിതത്വം നീങ്ങുന്നതായാണ് സൂചന. കാനഡയിലേക്ക് പഠനത്തിനായി അപേക്ഷിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, മുന്‍പത്തെപ്പോലെ എളുപ്പത്തില്‍ വിസ ലഭിക്കില്ല. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കാനഡ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് ഇതിന് പ്രധാന കാരണം.

സ്ഥിരതാമസം കഠിനമാകുമെന്നാണ് വിലയിരുത്തല്‍. പഠനത്തിന് ശേഷം കാനഡയില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ നിബന്ധനകള്‍ തിരിച്ചടിയായേക്കും.

പോസ്റ്റ് ഗ്രാജുവേഷന്‍ വര്‍ക്ക് പെര്‍മിറ്റ് 

ഇനി മുതല്‍ പോസ്റ്റ് ഗ്രാജുവേഷന്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിന് കര്‍ശനമായ ഭാഷാ പ്രാവീണ്യവും തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട പ്രത്യേക മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. കാനഡയിലെ നിലവിലെ തൊഴില്‍ വിപണിക്ക് അനുയോജ്യമായ കോഴ്സുകള്‍ പഠിക്കുന്നവര്‍ക്ക് മാത്രമേ ഇനി വര്‍ക്ക് പെര്‍മിറ്റും തുടര്‍ന്ന് പി.ആറും ലഭിക്കാന്‍ സാധ്യതയുള്ളൂ എന്ന് ചുരുക്കം.

ഭവന പ്രതിസന്ധിയും ജീവിതച്ചെലവും

അതേപോലെ കാനഡയിലെ രൂക്ഷമായ ഭവന പ്രതിസന്ധിയും ജീവിതച്ചെലവും വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഗ്യാരന്റീഡ് ഇന്‍വെസ്റ്റ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് തുക ഇരട്ടിയായി വര്‍ധിപ്പിച്ചത് ഇടത്തരക്കാരായ ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെച്ചിരിക്കുന്നത്. മുമ്പ് 10000 കനേഡിയന്‍ ഡോളര്‍ ആയിരുന്ന ജി.ഐ.സി ഇപ്പോള്‍ 20,000 ഡോളറിന് മുകളിലാണ്.

ചുരുക്കത്തില്‍ കാനഡയില്‍ പോയി പഠിക്കുക എന്നത് ഇപ്പോഴും സാധ്യമാണെങ്കിലും പഠന ശേഷം അവിടെ ജീവിതം പച്ചപിടിപ്പിക്കുക എന്നത് പഴയതുപോലെ എളുപ്പമാകില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതായത് കൃത്യമായ ആസൂത്രണമില്ലാതെ കാനഡയിലേക്ക് തിരിക്കുന്നവര്‍ക്ക് അവിടുത്തെ ജീവിതം ഒരു പരീക്ഷണമായിരിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam