ബോളിവുഡ് താരം കാജോൾ നായികയായെത്തിയ ‘ മാ’ ഒരു ഫാന്റസി-ഹൊറർ-പുരാണ ത്രില്ലറാണ്. ജൂൺ 27 വെള്ളിയാഴ്ച തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ മികച്ച തുടക്കം കുറിച്ചിരിക്കുകയാണ്. ‘മാ’ ബോക്സ് ഓഫീസിൽ ശക്തമായ പ്രകടനം കാഴ്ചവെക്കുന്നുവെന്നാണ് റിപ്പോർട്ട്. മൂന്ന് ദിവസത്തിനുള്ളിൽ 11.23 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്ന് നേടിയത്.
ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പ്രശസ്ത ഫിലിം ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ചിത്രത്തിന് 3.5 സ്റ്റാർ റേറ്റിംഗ് നൽകിയിരുന്നു. 1500 സ്ക്രീനുകളിൽ മാത്രം റിലീസ് ചെയ്ത ‘മാ’ ആമിർ ഖാന്റെ ‘സിതാരെ സമീൻ പർ’, വിഷ്ണു മഞ്ചുവിന്റെ ‘കണ്ണപ്പ’, ഹോളിവുഡ് ചിത്രം ‘എഫ്1: ദ മൂവി’ എന്നിവയുമായി കടുത്ത മത്സരം നേരിട്ടാണ് ഇത്രയും കളക്ഷൻ നേടിയത്.
വിശാൽ ഫ്യൂരിയയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം ആദ്യ ദിനം 4.65 കോടി രൂപയും, രണ്ടാം ദിനം 6.18 കോടി രൂപയും ചിത്രം നേടി.
കാജോൾ ഒരു ധീരയായ അമ്മ അംബികയുടെ വേഷത്തിൽ തിളങ്ങുന്ന ഈ ചിത്രം, ഇന്ത്യൻ മിത്തോളജിയും ഹൊറർ ഘടകങ്ങളും സമന്വയിപ്പിച്ചുള്ള അഖ്യാനമാണ് നടത്തുന്നത്. ഒരു ശപിക്കപ്പെട്ട മരവുമായി ബന്ധപ്പെട്ട മിത്തിൻറെ പശ്ചാത്തലത്തിൽ, തന്റെ മകളെ രക്ഷിക്കാൻ പോരാടുന്ന ഒരു അമ്മയുടെ കഥയാണ് ‘മാ’ പറയുന്നത്.
അജയ് ദേവ്ഗൺ, ജ്യോതി ദേശ്പാണ്ഡെ, കുമാർ മംഗത് പഠക് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ റോണിത് റോയ്, ഇന്ദ്രനീൽ സെൻഗുപ്ത, ഖേരിൻ ശർമ, ജിതിൻ ഗുലാട്ടി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. തിയേറ്റർ റിലീസിന് ശേഷം ‘മാ’ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗിന് ലഭ്യമാകും. സാധാരണയായി 45-60 ദിവസത്തിനുള്ളിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ എത്താറുള്ളതിനാൽ, ഓഗസ്റ്റ് അവസാനത്തോടെ ചിത്രം ഒടിടി റിലീസിന് തയ്യാറാകുമെന്നാണ് പ്രതീക്ഷ. ‘ശൈതാൻ’ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ ‘മാ’, കാജോളിന്റെ മൂന്ന് വർഷത്തിന് ശേഷമുള്ള തിരിച്ചുവരവ് കൂടിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്