ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിച്ച 'ഭ.ഭ.ബ'ക്ക് വമ്പൻ ആഗോള ഓപ്പണിംഗ്. ആദ്യ ദിനം 15 കോടി 64 ലക്ഷം രൂപയാണ് ചിത്രം നേടിയ ആഗോള ഗ്രോസ് കലക്ഷൻ. കേരളത്തിൽ നിന്ന് 7 കോടി 32 ലക്ഷം രൂപ ആദ്യ ദിന കലക്ഷൻ നേടിയ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഓപ്പണിംഗ് ഡേ ഗ്രോസ് ആണ് കേരള ബോക്‌സോഫീസിൽ സ്വന്തമാക്കിയത്. ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ കേരള/ ആഗോള ഓപ്പണിംഗ് നേടിയ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടിയാണ് പ്രദർശനം തുടരുന്നത്. കേരളത്തിൽ മാത്രം ആദ്യ ദിനം രാത്രി 11 മണിക്ക് ശേഷം 250 ലധികം എക്‌സ്ട്രാ ഷോകളാണ് ചിത്രം കളിച്ചത്. ആദ്യ ദിനം ബുക്ക് മൈ ഷോ ആപ്പിലൂടെ മാത്രം 1.80 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റ് പോയത്. നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഗോകുലം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി, എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ -പ്രൊഡ്യൂസേർസ് ബൈജു ഗോപാലൻ, വി.സി. പ്രവീൺ.
കേരളത്തിലെ വമ്പൻ കപ്പാസിറ്റി തീയേറ്ററുകൾ ആയ എറണാകുളം കവിത, കോട്ടയം അഭിലാഷ് തുടങ്ങി വമ്പൻ സ്‌ക്രീനുകളിൽ എല്ലാം തന്നെ ആറ് ഷോകൾ വെച്ച് ആദ്യ ദിനം കളിച്ച ചിത്രത്തിന്റെ എല്ലാ ഷോകളും ഹൗസ്ഫുൾ ആയിരുന്നു. ഈ സ്‌ക്രീനുകളിൽ എല്ലാം തന്നെ അർദ്ധരാത്രി കളിച്ച എക്‌സ്ട്രാ ഷോകളും ഫുൾ ആയി മാറി. കോട്ടയം നഗരത്തിൽ തന്നെ തിരക്ക് നിയന്ത്രിക്കാൻ സാധിക്കാതെ 3 സ്‌ക്രീനുകളിലാണ് ചിത്രം എക്‌സ്ട്രാ ഷോകൾ ഉൾപ്പെടെ നിറഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിച്ചത്. കോട്ടയം അഭിലാഷ്, ആനന്ദ്, അനുപമ എന്നിവിടങ്ങളിൽ സെക്കൻഡ് ഷോ ഹൗസ്ഫുൾ ആയ ചിത്രത്തിന്, ശേഷം അനശ്വര തീയേറ്ററിലും സെക്കൻഡ് ഷോ കൂട്ടിച്ചേർത്തിരുന്നു. തൃശൂർ രാഗത്തിലും ചിത്രത്തിന്റെ എക്‌സ്ട്രാ ഷോ ഉൾപ്പെടെയുള്ള ആറ് ഷോകളും ആദ്യ ദിനം ഹൗസ്ഫുൾ ആയി മാറി.
ആദ്യ ദിനം രാത്രി 7 മണി ആയപ്പോൾ തന്നെ കേരളത്തിൽ 600 ൽ പരം ഹൗസ്ഫുൾ ഷോകൾ കളിച്ച ചിത്രം, എക്‌സ്ട്രാ ഷോകൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ 7 കോടി കേരളാ ഗ്രോസും പിന്നിട്ടിരുന്നു. തിരുവനന്തപുരത്ത് കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ നടക്കുന്നതിനാൽ അവിടുത്തെ പ്രധാന കേന്ദ്രങ്ങളിൽ പ്രദർശനം കുറവായിരുന്നിട്ട് പോലും ലഭിച്ച ഈ വമ്പൻ ഓപ്പണിംഗ് ചിത്രത്തിന് ജനങ്ങൾ നൽകിയ ഗംഭീര സ്വീകരണത്തിന് തെളിവാണ്. ഗൾഫിൽ ഉൾപ്പെടെ ഉള്ള വിദേശ രാജ്യങ്ങളിൽ ഇന്നലെ വൈകുന്നേരം മുതലാണ് ചിത്രത്തിന്റെ ഷോ ആരംഭിച്ചത്. അത്‌കൊണ്ട് തന്നെ ടോട്ടൽ കളക്ഷനിൽ 3 ലക്ഷം ഡോളറിന്റെ എങ്കിലും കുറവ് ഉണ്ടായിട്ടുണ്ട്.
റിലീസ് ചെയ്ത് രണ്ടാം ദിനവും ചിത്രം ബുക്ക് മൈ ഷോയിൽ ട്രെൻഡിങ് ആയാണ് മുന്നേറുന്നത്. ജനപ്രിയ നായകൻ ദിലീപിന്റെ ഒരു ഗംഭീര തിരിച്ചു വരവാണ് ചിത്രം എന്ന് പ്രേക്ഷകർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നു. ഒപ്പം അതിഥി വേഷത്തിൽ എത്തിയ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ രണ്ടാം പകുതിയിൽ കാഴ്ച്ച വെക്കുന്ന മെഗാ മാസ് പ്രകടനം കൂടിയായപ്പോൾ ചിത്രം ആരാധകരും സിനിമാ പ്രേമികളും നെഞ്ചിലേറ്റുകയാണ്. ചിത്രത്തിന്റെ ഇന്റർവെൽ സംഘട്ടനം, ക്ലൈമാക്‌സ്, അഴിഞ്ഞാട്ടം ഗാനം എന്നിവയൊക്കെ തീയേറ്ററുകളെ അക്ഷരാർത്ഥത്തിൽ പൂരപ്പറമ്പുകളാക്കുകയാണ്. ആക്ഷനും കോമഡിയും സ്പൂഫ് ഘടകങ്ങളും ഇമോഷനും, പാട്ടും, നൃത്തവും എല്ലാം കോർത്തിണക്കിയ ഒരു പക്കാ മാസ് മസാല ഫാമിലി എന്റർടെയ്‌നർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ഗംഭീര പ്രകടനം കൊണ്ട് കയ്യടി നേടുന്നുണ്ട്.
ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്‌സിലി (തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം), ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻഡി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
അഡീഷണൽ തിരക്കഥയും സംഭാഷണവും ധനഞ്ജയ് ശങ്കർ, ഛായാഗ്രഹണം - അർമോ, സംഗീതം - ഷാൻ റഹ്മാൻ, പശ്ചാത്തല സംഗീതം -ഗോപി സുന്ദർ, എഡിറ്റിംഗ് - രഞ്ജൻ ഏബ്രഹാം, കലാസംവിധാനം - നിമേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ -സുരേഷ് മിത്രക്കരി, ആക്ഷൻ -കലൈ കിങ്‌സൺ, സുപ്രീം സുന്ദർ, കോസ്റ്റ്യൂം ഡിസൈനർമാർ -ധന്യ ബാലകൃഷ്ണൻ, വെങ്കിട്ട് സുനിൽ (ദിലീപ്), മേക്കപ്പ് -റോണെക്‌സ് സേവ്യർ, നൃത്തസംവിധാനം -സാൻഡി, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, സൗണ്ട് മിക്‌സിംഗ് -അജിത് എ ജോർജ്, ട്രെയിലർ -കട്ട് എജി, വരികൾ - കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക് ശശികുമാർ, മനു മഞ്ജിത്ത്, ഫിനാൻസ് കൺട്രോളർ -ശ്രീജിത്ത് മണ്ണാർക്കാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അനിൽ എബ്രഹാം, വി. എഫ്. എക്‌സ് -ഐഡന്റ് ലാബ്‌സ്, ഡിഐ -കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ് - രമേഷ് സി.പി, സ്റ്റിൽസ് -സെറീൻ ബാബു, പബ്ലിസിറ്റി ഡിസൈനുകൾ -യെല്ലോ ടൂത്ത്‌സ്, ഡിസ്ട്രിബൂഷൻ പാർട്ണർ - ഡ്രീം ബിഗ് ഫിലിംസ്, ഓവർസീസ് വിതരണം -ഫാർസ് ഫിലിംസ്, സബ്‌ടൈറ്റിലുകൾ - ഫിൽ ഇൻ ദി ബ്‌ളാങ്ക്‌സ്, പ്രോജക്ട് മാനേജ്‌മെന്റ് - പ്ലാറ്റ്‌ഫോം ബിഹൈൻഡ് ദി സീൻ ആപ്പ്, പ്രമോഷൻസ് - ദി യൂനിയൻ, ആന്റി പൈറസി ഒബ്‌സ്‌ക്യൂറ, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
