തമർ സംവിധാനം ചെയ്ത് ആസിഫ് അലിയും ബാലതാരം ഓർഹാനും മുഖ്യ വേഷത്തിലെത്തിയ സർക്കീട്ടിന് എങ്ങും മികച്ച പ്രേക്ഷക പ്രതികരണം. ഈ വർഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്റർ ഹിറ്റായ രേഖാചിത്രത്തിനു ശേഷം റിലീസിനെത്തിയ ആസിഫ് അലിയുടെ 'സർക്കീട്ട്' താരത്തിന്റെ വിജയത്തുടർച്ചയാവുകയാണ്. കിഷ്‌കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ സിനിമകൾക്ക് ശേഷം പ്രേക്ഷക പ്രീതി നേടുന്ന ആസിഫ് അലി ചിത്രം കൂടിയാണ് 'സർക്കീട്ട്. ഈ ഹാട്രിക്ക് ഹിറ്റോടെ ആസിഫ് അലി പ്രേക്ഷകരിലും നിരൂപകരലിലും ബോക്‌സ് ഓഫീസിലും മിനിമം ഗ്യാരന്റി ഉറപ്പിക്കുകയാണ്.
ദുബായിൽ തൊഴിൽ തേടിയെത്തുന്ന അമീർ എന്ന ചെറുപ്പക്കാരന് മുന്നിലേക്ക് ജപ്പു എന്ന കുട്ടി എത്തുന്നതും തുടർന്ന് ഇവർക്കിടയിൽ രൂപപ്പെടുന്ന ആത്മബന്ധവുമാണ് 'സർക്കീട്ട്' സിനിമയുടെ കഥാതന്തു. അമീറായി ആസിഫ് അലിയും ജപ്പുവിന്റെ റോളിൽ ബാലതാരം ഓർഹാനാണ് എത്തുന്നത്. ദീപക് പറമ്പോൾ അവതരിപ്പിച്ച ബാലുവിന്റേയും ദിവ്യ പ്രഭ അവതരിപ്പിച്ച സ്‌റ്റെഫിയുടെയും മകനാണ് ജെപ്പു, അടങ്ങിയിരിക്കാത്ത, മഹാ വികൃതിയായ ജെപ്പുവിന് ADHD എന്ന മാനസികാവസ്ഥയാണ്. യു.എ.ഇയിലെ തിരക്കേറിയ ജീവിതത്തിൽ അകപ്പെട്ട മാതാപിതാക്കൾക്ക് കൃത്യമായി ജെപ്പുവിനെ ശ്രദ്ധിക്കാൻ പാടുപെടുകയാണ്. പകലും രാത്രിയുടെ ഷിഫ്റ്റുകൾ മാറി മാറി ജോലിയെടുക്കുമ്പോൾ ബാലുവും സ്‌റ്റെഫിയും മകനെ മുറിയിൽ പുട്ടിയിട്ട് ജോലിക്ക് പോകുകയാണ് പതിവ്. ഇതിനിടയിലേക്ക് ക്ഷണിക്കപ്പെടാത്ത വരുന്ന ആസിഫ് അലിയുടെ അമീറിൽ ഇമോഷണൽ ലോക്ക് ആകുന്ന ജെപ്പുവിൽ നിന്നാണ് സിനിമ സഞ്ചരിക്കുന്നത്. ഈ കഥാപാത്രങ്ങളുടെ ഇമോഷണൽ സഞ്ചാരം അഥവാ സർക്കീട്ട് തന്നെയാണ് ഈ സിനിമ.
ആസിഫ് അലിയുടെ മിന്നും പ്രകടനം തന്നെയാണ് സർക്കീട്ടിന്റെ പ്രധാന ഹൈലൈറ്റ്. നമ്മളുടെ കൂട്ടത്തിൽ എവിടെയോ കണ്ട ഒരു വ്യക്തിയുടെ ഇമോഷൻസ് വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു വിജയിപ്പിക്കാൻ നായകൻ എന്ന നിലയിൽ ആസിഫിന് കഴിഞ്ഞിട്ടുണ്ട്. ബോക്‌സ് ഓഫീസ് ഹിറ്റിനൊപ്പം ആസിഫ് അലിയുടെ ഗംഭീര പ്രകടനം കൊണ്ട് കൂടി ശ്രദ്ധേയമായ സിനിമകളായിരുന്നു കിഷ്‌കിന്ധാ കാണ്ഡവും രേഖാചിത്രവും. അതിനു തുടർകഥയായി തന്നെ സർക്കീട്ടും കൂട്ടിച്ചേർക്കാം. ചിത്രത്തിലെ മറ്റൊരു മുഖ്യ കഥാപാത്രമായി എത്തുന്ന ബാലതാരം ഓർഹാനും അഭിനയ മികവിലൂടെ അത്ഭുതപ്പെടുത്തുന്നുണ്ട്. ദീപക് പറമ്പോളും ദിവ്യ പ്രഭയും മികച്ച രീതിയിൽ തന്നെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടർ, സ്വാതിദാസ് പ്രഭു, സുധീഷ് സ്‌കറിയ, ഗോപൻ അടാട്ട്, സിൻസ് ഷാൻ, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന വിധത്തിലാണ് സർക്കീട്ട് സിനിമ തമർ ഒരുക്കിയിരിക്കുന്നത്. കഥയുടെ ഗതി എന്താകുമെന്ന് ചിന്തിക്കുന്ന പ്രേക്ഷകരുടെ സംശയത്തെ വളരെ വ്യക്തമായും മനോഹരമായും ബോധ്യപ്പെടുത്താൻ രചയിതാവും സംവിധായകനുമായ താമറിന് സാധിച്ചിട്ടുണ്ട്. പൂർണ്ണമായും ഗൾഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച ഈ സിനിമ, യുഎഇയിലെ ഷാർജ, റാസൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി ഏകദേശം 40 ദിവസങ്ങൾ കൊണ്ടാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
ഗോവിന്ദ് വസന്തയുടെ സംഗീതം തന്നെയാണ് സർക്കീട്ടിന്റെ സോൾ. പ്രേക്ഷകരെ സിനിമയിലേക്ക് പിടിച്ചിരുത്തുന്നതിൽ ഗോവിന്ദ് വസന്തയുടെ മ്യൂസിക്കിന് വലിയ പങ്കുണ്ട്. സംഗീത് പ്രതാപിന്റെ എഡിറ്റിംഗും മികച്ചു നിന്നു. ഗൾഫ് മണ്ണിന്റെ ഭംഗിയും ജീവിതവും ഛായാഗ്രാഹകൻ അയാസ് നന്നായി ഒപ്പിയെടുത്തിട്ടുണ്ട്. ചുരുക്കത്തിൽ, കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കുന്ന ഒരു ഫീൽ ഗുഡ് സിനിമ സഞ്ചാരം തന്നെയാണീ 'സർക്കീട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്