ഹൃത്വിക് റോഷനെ നായകനാക്കി അയൻ മുഖർജി ഒരുക്കുന്ന സ്പൈ ആക്ഷൻ ചിത്രമാണ് വാർ 2 . ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമാണ് ഇത്. ഇപ്പോഴിതാ സിനിമയുടെ തെലുങ്ക് വിതരണാവകാശത്തിന്റെ റിപ്പോർട്ട് ആണ് ചർച്ചയാകുന്നത്. തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആറും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
നിലവിൽ 80 കോടി രൂപയ്ക്കാണ് സിനിമയുടെ തെലുങ്ക് വിതരണാവകാശം വിറ്റുപോയിരിക്കുന്നത്. ചിത്രത്തിലെ ജൂനിയർ എൻടിആറിന്റെ സാന്നിധ്യമാണ് സിനിമയ്ക്ക് ഇത്രയും ഉയർന്ന തുക ലഭിക്കാനുള്ള കാരണമെന്നാണ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. തെലുങ്കിലെ പ്രമുഖ നിർമാതാക്കളായ സിത്താര എന്റർടൈന്മെന്റ്സ് ആണ് സിനിമയുടെ തെലുങ്കിലെ റൈറ്റ്സ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. ഒരു തെലുങ്ക് ഇതര സിനിമ നേടുന്ന ഏറ്റവും ഉയർന്ന തുകയാണിത്. അതേസമയം, രജനി ചിത്രമായ കൂലി 52 കോടിയ്ക്കാണ് തെലുങ്ക് വിതരണാവകാശം വിറ്റുപോയത്.
ആഗസ്റ്റ് 14 ന് വാർ 2 ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. മേജർ കബീർ ധലിവാൾ എന്ന റോ ഏജന്റിനെയാണ് ചിത്രത്തിൽ ഹൃതിക് റോഷൻ അവതരിപ്പിക്കുന്നത്. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് 'വാർ 2' നിർമിക്കുന്നത്. ജൂനിയർ എൻടിആറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ് 'വാർ 2'. 'ബ്രഹ്മാസ്ത്ര' എന്ന ചിത്രത്തിന് ശേഷം അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയിൽ ഷാരൂഖ് ഖാന്റെ പത്താനും സൽമാൻ ഖാന്റെ ടൈഗറും കാമിയോ വേഷങ്ങളിലെത്തുമെന്ന റിപ്പോർട്ടുകളുമുണ്ട്.
ആക്ഷൻ നിറഞ്ഞ ഒരു പക്കാ കൊമേർഷ്യൽ സിനിമയാകും വാർ 2 എന്നുറപ്പിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന പോസ്റ്ററുകളും ടീസറും. സിനിമയുടെ നേരത്തെ പുറത്തുവന്ന ടീസറിന് മോശം പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തിന്റെ മേക്കിങ്ങിനും വിഎഫ്എക്സിനും ആക്ഷൻ സീനുകൾക്കും വിമർശനങ്ങൾ ഉയരുന്നുണ്ട്.
ഈ സ്പൈ യൂണിവേഴ്സിന്റെതായി നേരത്തെ പുറത്തിറങ്ങിയ സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ആണ് വാറിന്റേതെന്നും ഔട്ട്ഡേറ്റഡ് ആയി തോന്നുന്നു എന്നുമാണ് പ്രേക്ഷകരുടെ കമന്റ്. മൗണ്ടെൻ ഡ്യൂ പരസ്യം പോലെയാണ് ടീസർ ഉള്ളതെന്നും അഭിപ്രായങ്ങളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്