കാന്‍ബറ: ഓസ്ട്രേലിയ ഗവണ്‍മെന്റിന്റെ സോഷ്യല്‍ മീഡിയ വിലക്കിനെതിരെ ഹൈക്കോടതിയെ സമീപിച്ച് റെഡ്ഡിറ്റ്. ഓസ്ട്രേലിയ ഗവണ്‍മെന്റിന്റെ പുതിയ നിയമമായ 'അണ്ടര്‍-16 സോഷ്യല്‍ മീഡിയ' നിരോധനത്തിനെതിരെയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റ് കോടതിയില്‍ വിശദീകരണം അവശ്യപ്പെട്ടത്. സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരെ ആഗോള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റ് നിരവധി കാര്യങ്ങളില്‍ വ്യക്തത ആവശ്യപ്പെട്ടാണ് നിയമപരമായി മുന്നോട്ടു പോകുന്നത്.
ഓസ്ട്രേലിയ കൊണ്ടുവന്ന പുതിയ നിയമപ്രകാരം ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ത്രെഡ്സ്, സ്നാപ്ചാറ്റ്, യൂട്യൂബ്, ടിക് ടോക്ക്, കിക്ക്, റെഡ്ഡിറ്റ്, ട്വിച്ച്, എക്സ് എന്നിവയുള്‍പ്പെടെ പത്തോളം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് കുട്ടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ ഈ നിയമത്തില്‍ പല സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും അതൃപ്തി പ്രകടിപ്പിച്ചെങ്കിലും കോടതിയെ ആദ്യമായി സമീപിക്കുന്നത് റെഡ്ഡിറ്റാണ്. സോഷ്യല്‍ മീഡിയ നിയന്ത്രണങ്ങള്‍ ഗവണ്‍മെന്റ് തെറ്റായി പ്രയോഗിക്കുന്നുണ്ടെന്ന് റെഡ്ഡിറ്റ് അവകാശപ്പെട്ടു. ഓസ്ട്രേലിയയിലെ ഹൈക്കോടതിയില്‍ റെഡ്ഡിറ്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ അവകാശവാദം. എന്നാല്‍ നിലവിലെ നിയന്ത്രണങ്ങള്‍ പാലിക്കുമെന്നും റെഡ്ഡിറ്റ് പറഞ്ഞു.
നിയമം ഫലപ്രദമല്ലെന്നും സുരക്ഷാ ക്രമീകരണങ്ങളോടുള്ള ഒരു അക്കൗണ്ട് ഉണ്ടെങ്കില്‍ 16 വയസ്സിന് താഴെയുള്ള കുട്ടികളെ ഓണ്‍ലൈന്‍ അപകടത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുമെന്നും കമ്പനി പറഞ്ഞു. ഈ നിയമം തങ്ങള്‍ പാലിക്കുമെങ്കിലും, തങ്ങളുടെ അഭിപ്രായം പങ്കിടാനും കോടതികള്‍ അത് അവലോകനം ചെയ്യുന്നുവെന്ന് ഉറപ്പാക്കാനും തങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട് എന്ന് റെഡ്ഡിറ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
16 വയസിന് താഴെയുള്ള ഉപയോക്താക്കള്‍ അക്കൗണ്ടുകള്‍ എടുക്കുന്നതോ ആക്സസ് ചെയ്യുന്നതോ തടയുന്നതിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ന്യായമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഗുരുതരമായ ലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തിയാല്‍ അതത് പ്ലാറ്റ്ഫോമുകള്‍ക്ക് 49.5 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ (32.9 മില്യണ്‍ ഡോളര്‍) വരെ പിഴ ചുമത്തുമെന്ന് ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് പറഞ്ഞു.
16 വയസിന് താഴെയുള്ളവര്‍ക്കുള്ള സോഷ്യല്‍ മീഡിയ നിരോധനം ബുധനാഴ്ച പ്രാബല്യത്തില്‍ വന്നു. ഫേസ്ബുക്ക്, യൂട്യൂബ്, ടിക് ടോക്ക്, എക്സ് എന്നിവയുള്‍പ്പെടെ 10 പ്രധാന പ്ലാറ്റ്ഫോമുകള്‍ കുട്ടികള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. സോഷ്യല്‍ മീഡിയ ഉപയോഗത്തിലൂടെ കുട്ടികള്‍ക്കുണ്ടാകുന്ന സമ്മര്‍ദം കുറയ്ക്കുന്നതിനായാണ് സര്‍ക്കാര്‍ ഈ മാറ്റം വരുത്തിയതെന്ന് പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പറഞ്ഞു. ചൊവ്വാഴ്ച ഓസ്ട്രേലിയയിലുടനീളമുള്ള വിദ്യാര്‍ഥികളോട് വീഡിയോ സന്ദേശത്തിലൂടെ ഇക്കാര്യം പ്രധാനമന്ത്രി പങ്കുവച്ചു.
വരാനിരിക്കുന്ന സ്‌കൂള്‍ അവധിക്കാലം പരമാവധി പ്രയോജനപ്പെടുത്താന്‍ അദ്ദേഹം വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു. കായിക വിനോദത്തില്‍ ഏര്‍പ്പെടാനും പുസ്തകങ്ങള്‍ വായിച്ച് അറിവ് നേടാനും ആന്റണി അല്‍ബനീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
