മെല്‍ബണ്‍: സ്‌കൈ ഡൈവിങ്ങിനിടെ മരണത്തെ മുന്നില്‍ക്കണ്ട അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് സ്‌കൈഡൈവര്‍. ക്വീന്‍സ്ലന്‍ഡിലെ ടല്ലി എയര്‍പോര്‍ട്ടിന് മുകളിലെ 15,000 അടി ഉയരത്തില്‍ നടന്ന സ്‌കൈ ഡൈവിങ്ങിനിടെയായിരുന്നു അപകടം. ഓസ്‌ട്രേലിയന്‍ സ്‌കൈ ഡൈവറായ അഡ്രിയാന്‍ ഫെര്‍ഗൂസനാണ് ജീവന്‍ വരെ നഷ്ടമാകാമായിരുന്ന അപകടത്തില്‍ നിന്ന് മനസാന്നിധ്യം ഒന്നുകൊണ്ട് മാത്രം രക്ഷപ്പെട്ടത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 20-ന് നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോ (എടിഎസ്ബി) പുറത്തുവിട്ടത്.
സ്‌കൈ ഡൈവിങ്ങിന്റെ ഭാഗമായി 16 പേര്‍ ചേര്‍ന്നുള്ള ഫോര്‍മേഷന്‍ ജംപിനിടെയായിരുന്നു അപകടം. വിമാനത്തില്‍ നിന്ന് ചാടാന്‍ തയ്യാറെടുക്കുന്നതിനിടെ അഡ്രിയാന്‍ ഫെര്‍ഗൂസന്റെ റിസര്‍വ് പാരച്യൂട്ട് വിടര്‍ത്താനുള്ള ലിവര്‍ അബദ്ധത്തില്‍ വിമാനത്തിന്റെ വിങ് ഫ്ളാപ്പില്‍ കുടുങ്ങി പാരച്യൂട്ട് വിടരുകയായിരുന്നു. ഇതോടെ പാരച്യൂട്ടിനൊപ്പം ഫെര്‍ഗൂസനും 15,000 അടി ഉയരത്തില്‍ നിന്ന് പുറത്തേക്കെറിയപ്പെട്ടു. അദ്ദേഹത്തിന്റെ വിടര്‍ന്ന റിസര്‍വ് പാരച്യൂട്ട് വിമാനത്തിന്റെ വാലില്‍ ഉടക്കിയതോടെ അദ്ദേഹം അത്രയും അടി ഉയരത്തില്‍ പാരച്യൂട്ടില്‍ തൂങ്ങിയാടുകയുമായിരുന്നു. ഒപ്പമുള്ളവര്‍ക്കും ഒന്നും ചെയ്യാനാകാത്ത അവസ്ഥ ആയിരുന്നു.
മനസാന്നിധ്യം കൈവിടാതിരുന്ന ഫെര്‍ഗൂസന്‍ കൈയിലുണ്ടായിരുന്ന ഹുക്ക് നൈഫ് എന്നറിയപ്പെടുന്ന ഒരു ചെറിയ കത്തി ഉപയോഗിച്ച് റിസര്‍വ് പാരച്യൂട്ടിന്റെ കയറുകള്‍ അറുത്തുമാറ്റി. തുടര്‍ന്ന്, പ്രധാന പാരച്യൂട്ട് വിടര്‍ത്തുകയും സുരക്ഷിതനായി താഴെയിറങ്ങുകയുമായിരുന്നു. റിസര്‍വ് പാരച്യൂട്ടിനൊപ്പം പുറത്തേക്ക് തെറിച്ചപ്പോള്‍ വിമാനത്തിന്റെ ബോഡിയിലിടിച്ച് കാലിന് ചെറിയ പരിക്കേറ്റതൊഴിച്ചാല്‍ മറ്റ് കുഴപ്പങ്ങളൊന്നും ഫെര്‍ഗൂസന് സംഭവിച്ചില്ല. വിമാനത്തിന്റെ വാലിന് ചെറിയ കേടുപാട് സംഭവിച്ചെങ്കിലും വിമാനവും സുരക്ഷിതമായി താഴെയിറക്കാന്‍ പൈലറ്റിന് സാധിച്ചു.
ഭയാനകമായ ഈ അപകടത്തിന്റെ ദൃശ്യം എടിഎസ്ബി പങ്കുവെച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
