ന്യൂഡല്‍ഹി: ഇന്ത്യയെ ആഡംബര കാറായ മെഴ്സിഡസ് ബെന്‍സിനോടും സ്വന്തം രാജ്യത്തെ ഒരു ഡംപ് ട്രക്കിനോടും താരതമ്യം ചെയ്ത പാകിസ്ഥാന്‍ സൈനിക മേധാവിയുടെ പരാമര്‍ശത്തെ പരിഹസിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ആ പരാമര്‍ശം തന്നെ പാകിസ്താന്റെ കുറ്റസമ്മതമാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
ഈ മാസം രണ്ടാമത്തെ യുഎസ് സന്ദര്‍ശനത്തിനിടെ ബിസിനസുകാരനും ഓണററി കോണ്‍സുലുമായ അദ്‌നാന്‍ അസദ് ടാമ്പയില്‍ സംഘടിപ്പിച്ച ബ്ലാക്ക്-ടൈ അത്താഴവിരുന്നിനിടെയായിരുന്നു അസിം മുനീറിന്റെ പരാമര്‍ശം. ഇന്ത്യയുടെയും പാകിസ്ഥാന്റെയും സാമ്പത്തികസ്ഥിതി താരതമ്യം ചെയ്തുള്ള അസിം മുനീറിന്റെ സമീപകാല പരാമര്‍ശങ്ങള്‍ സ്വയം പരാജയം സമ്മതിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
''രണ്ട് രാജ്യങ്ങള്‍ ഒരേസമയം സ്വാതന്ത്ര്യം നേടുകയും ഒരു രാജ്യം കഠിനാധ്വാനത്തിലൂടെയും മികച്ച നയങ്ങളിലൂടെയും ദീര്‍ഘവീക്ഷണത്തിലൂടെയും ഫെരാരി പോലെ ഒരു സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുകയും മറ്റേത് ഇപ്പോഴും ഒരു ഡമ്പറിന്റെ അവസ്ഥയിലായിരിക്കുകയും ചെയ്താല്‍, അത് അവരുടെ പരാജയമാണ്. അസിം മുനീറിന്റെ ഈ പ്രസ്താവനയെ ഒരു കുറ്റസമ്മതമായി ഞാന്‍ കാണുന്നു'', ഇക്കണോമിക് ടൈംസിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കവെ രാജ്നാഥ് സിങ് പറഞ്ഞു.
ഫെരാരി പോലെ ഹൈവേയിലൂടെ വരുന്ന ഒരു തിളങ്ങുന്ന മെഴ്‌സിഡസാണ് ഇന്ത്യയെന്നും എന്നാല്‍, പാകിസ്ഥാന്‍ ഒരു ഡംപ് ട്രക്കാണെന്നും പറഞ്ഞ മുനീര്‍, ട്രക്ക് കാറില്‍ ഇടിച്ചാല്‍ ആരാണ് തകര്‍ക്കപ്പെടുകയെന്നും ചോദിച്ചിരുന്നു.
തങ്ങള്‍ ശക്തരെന്ന് സ്ഥാപിക്കാനുള്ള അസിം മുനീറിന്റെ ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ താരതമ്യം. എന്നാല്‍, ഇത് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക ട്രോളിന് കാരണമായിരുന്നു. മുനീറിന്റെ വാക്കുകള്‍ പാകിസ്ഥാനെ മോശമായി ചിത്രീകരിച്ചുവെന്നും ഇന്ത്യയുടെ പുരോഗതി പാകിസ്ഥാന്‍ മറികടക്കുന്നുവെന്ന് അബദ്ധത്തില്‍ സമ്മതിച്ചതായും നിരവധി പേര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്