ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായി രാജിവച്ച ജഗ്ദീപ് ധന്‍കറെ കാണാനില്ലെന്ന് കപില്‍ സിബല്‍. പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഒരു വിവരവുമില്ലെന്നും അദ്ദേഹത്തേക്കുറിച്ചുള്ള വിവരങ്ങള്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കുവെക്കണമെന്നും കപില്‍ സിബല്‍ എംപി ആവശ്യപ്പെട്ടു.
ജൂലൈ 22 ല്‍ രാജിവെച്ചതിന് ശേഷം ജഗ്ദീപ് ധന്‍കറേക്കുറിച്ച് യാതൊരു വിവരവും ഞങ്ങള്‍ക്കറിയില്ല. 'ലാപ്താ ലേഡീസി'നെക്കുറിച്ച് (സിനിമ) കേട്ടിട്ടുണ്ട്. ഈതാദ്യമായിട്ടാണ് 'ലാപ്താ (കാണാതായ) വൈസ്പ്രസിഡന്റ്' എന്നത് കേള്‍ക്കുന്നത്. ജൂലൈ 22-നാണ് അദ്ദേഹം രാജിവെക്കുന്നത്. ഓഗസ്റ്റ് 9 ആയി. ഇതുവരെ അദ്ദേഹത്തെക്കുറിച്ചുള്ള യാതൊരു വിവരവും അറിയില്ല. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലും ഇല്ല. അദ്ദേഹത്തെ ബന്ധപ്പെടാല്‍ ശ്രമിച്ചിരുന്നു. പേഴ്‌സണല്‍ സെക്രട്ടറിയാണ് ഫോണ്‍ എടുത്തത്. അദ്ദേഹം വിശ്രമത്തിലാണെന്ന് പേഴ്‌സണല്‍ സെക്രട്ടറി പറഞ്ഞു, കപില്‍ സിബല്‍ പറഞ്ഞു.
അദ്ദേഹത്തിന് ചികിത്സ ലഭിക്കുന്നുണ്ടോ? അദ്ദേഹത്തിന്റെ കുടുംബവും ഒന്നും പറഞ്ഞിട്ടില്ല. എന്താണ് പ്രശ്‌നം? മറ്റു രാജ്യങ്ങളില്‍ മാത്രമേ ഇത്തരം കാര്യങ്ങളെക്കുറിച്ച് കേട്ടിട്ടുള്ളൂ. പക്ഷെ, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും അതിനാല്‍ ഇത്തരം കാര്യങ്ങള്‍ പൊതുയിടത്തില്‍ അറിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യക്തിപരമായി ഏറെ അടുപ്പം അദ്ദേഹവുമായി ഉണ്ട്. പല കേസുകളിലും എന്റെ കൂടെ വാദിക്കാന്‍ അദ്ദേഹം ഉണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ച് ആശങ്കയുണ്ട്. എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നത് അത്ര ശരിയായി തോന്നുന്നില്ല, കപില്‍ സിബല്‍ പറഞ്ഞു. തന്റെ സഹപ്രവര്‍ത്തകരും അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചുവെന്നും എന്നാല്‍, ആര്‍ക്കും ഒരു വിവരവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ഉപരാഷ്ട്രപതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവനയിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷം അദ്ദേഹത്തെ സംരക്ഷിക്കേണ്ടിവരുമെന്ന് തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്