ന്യൂഡെല്‍ഹി: മുന്‍ തെരഞ്ഞെടുപ്പകളിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും വിമര്‍ശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പരാതികളും ക്ലെയിമുകളും ഉന്നയിക്കാന്‍ കൃത്യമായ സമയപരിധി നിലവിലുണ്ടെന്നും ആ സമയത്ത് പാര്‍ട്ടികള്‍ ആക്ഷേപങ്ങളുന്നയിച്ചില്ലെന്നും കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. വോട്ടര്‍പട്ടിക തയ്യാറാക്കുന്ന പ്രക്രിയ ഓരോ ഘട്ടത്തിലും രാഷ്ട്രീയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയുള്ള സുതാര്യമായ പരിപാടിയാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
നിശ്ചിത സമയത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കില്‍ തെരഞ്ഞെടുപ്പിന് മുമ്പ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് (ഇആര്‍ഒ) പരിശോധിച്ച് ആരോപണം ശരിയാണെങ്കില്‍ തിരുത്താമായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. നിരവധി രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ ബൂത്ത് ലെവല്‍ ഏജന്റുമാരും ഉചിതമായ സമയത്ത് കരട് പട്ടിക അവലോകനം ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്നും എതിര്‍പ്പുകള്‍ ഉന്നയിച്ചിട്ടില്ലെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
'ശരിയായ മാര്‍ഗങ്ങളിലൂടെ ഈ പ്രശ്‌നങ്ങള്‍ ശരിയായ സമയത്ത് ഉന്നയിക്കപ്പെട്ടിരുന്നെങ്കില്‍, ആ തിരഞ്ഞെടുപ്പിന് മുമ്പ്, പിഴവുകള്‍ ശരിയാണെങ്കില്‍, അത് തിരുത്താന്‍ ബന്ധപ്പെട്ട സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, ഇആര്‍ഒമാരെ പ്രാപ്തരാക്കുമായിരുന്നു,' കമ്മീഷന്‍ പറഞ്ഞു.
കരട് വോട്ടര്‍ പട്ടിക ഡിജിറ്റലായും അച്ചടിച്ചും ഇറക്കുകയും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും പങ്കിടുകയും ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്കായി കരട് പട്ടിക ഇസിഐ വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ വലിയ തോതിലുള്ള വോട്ടര്‍ പട്ടിക ക്രമക്കേടും ക ള്ളവോട്ടും നടന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളില്‍ വ്യാജ വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. വോട്ട് മോഷണം എന്ന ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധങ്ങള്‍ ആസൂത്രണം ചെയ്യവെയാണ് കമ്മീഷന്റെ പ്രതികരണം. ഞായറാഴ്ച കമ്മീഷന്‍ ഡെല്‍ഹിയില്‍ വാര്‍ത്താ സമ്മേളനവും വിളിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്