തൃശൂർ: സർവ്വീസ് റദ്ദാക്കിയതിനെ തുടർന്ന് ഫ്ലൈറ്റ് ടിക്കറ്റ് തുക റീഫണ്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തിയ എയർ ഏഷ്യയ്ക്കെതിരെ തൃശൂർ ഉപഭോക്തൃ കമ്മീഷൻ വിധി. 45 ദിവസത്തിനുള്ളിൽ തുക നൽകിയില്ലെങ്കിൽ പലിശ 12 ശതമാനം ആയി വർദ്ധിപ്പിക്കാനും കോടതി ഉത്തരവിട്ടു.
തൃശൂർ സ്വദേശിയായ അഡ്വ. യാദവ് പി.ബിയുടെ പരാതിയിലാണ് നടപടി. ടിക്കറ്റ് തുകയായ 2,983 രൂപ റദ്ദാക്കിയ തീയതി മുതൽ 9 ശതമാനം പലിശ സഹിതം തിരികെ നൽകണമെന്നും പരാതിക്കാരന്റെ മാനസിക വിഷമത്തിനും ബുദ്ധിമുട്ടുകൾക്കും നഷ്ടപരിഹാരമായി 10,000 രൂപ നൽകണമെന്നുമാണ് വിധി.
കോടതി ചിലവുകൾക്കായി 2,500 രൂപയും നൽകണമെന്ന് തൃശൂർ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചു. 2025 നവംബർ 27നാണ് കോടതി വിധി തീർപ്പാക്കിയത്. 'ഓപ്പറേഷണൽ കാരണങ്ങളാൽ' വിമാനം റദ്ദാക്കിയാൽ ഉടൻ തന്നെ റീഫണ്ട് നൽകാത്തത് സേവനത്തിലെ പോരായ്മയും (Deficiency in Service) അന്യായമായ വ്യാപാര രീതിയുമാണെന്ന് (Unfair Trade Practice) കമ്മീഷൻ കണ്ടെത്തി. എയർ ഏഷ്യ (ഇന്ത്യ) ലിമിറ്റഡ് പരാതിക്കാരന് ടിക്കറ്റ് തുക റീഫണ്ട് നൽകുന്നതിൽ വീഴ്ച വരുത്തിയെന്നും കമ്മീഷൻ വ്യക്തമാക്കി.
ഒരു വിമാനം എയർലൈൻ റദ്ദാക്കുമ്പോൾ, മറ്റൊരു വിമാനം യാത്രക്കാരൻ സ്വമേധയാ തിരഞ്ഞെടുക്കുന്നില്ലെങ്കിൽ, ടിക്കറ്റ് തുക മുഴുവനായി ഉടൻ തന്നെ റീഫണ്ട് ചെയ്യണമെന്നത് നിലവിലുള്ള നിയമമാണെന്ന് കമ്മീഷൻ ഊന്നിപ്പറഞ്ഞു. റീഫണ്ട് സംവിധാനത്തിലെ പാളിച്ച എയർലൈൻ നൽകുന്ന കസ്റ്റമർ കെയർ സംവിധാനങ്ങൾ റീഫണ്ടിനായി ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്നും, ഇത് ഉപഭോക്താവിനെ നിയമനടപടികൾക്ക് പ്രേരിപ്പിക്കുകയാണെന്നും കമ്മീഷൻ നിരീക്ഷിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
