കുർബാന തർക്കം; ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ പ്രസ്താവനയിൽ അന്വേഷണം വേണമെന്ന് എറണാകുളം–അങ്കമാലി അതിരൂപത

FEBRUARY 8, 2026, 9:21 PM

സീറോ മലബാർ സഭയിലെ ആരാധനാക്രമ തർക്കത്തിൽ ഭിന്നിപ്പുണ്ടാക്കുന്നതിന് ബാഹ്യശക്തികളുടെ ഇടപെടലുണ്ടായെന്ന ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ പ്രസ്താവന അതീവ ഗൗരവസ്വഭാവമുള്ളതാണെന്നും വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്നും എറണാകുളം–അങ്കമാലി അതിരൂപത ആവശ്യപ്പെട്ടു.

മാർ ആൻഡ്രൂസ് താഴത്തിന്റെ പ്രസ്താവനയെ എറണാകുളം–അങ്കമാലി അതിരൂപതയ്‌ക്കെതിരായി ദുര്‍വ്യാഖ്യാനം ചെയ്യാൻ സാമൂഹിക മാധ്യമങ്ങളിലൂടെ ചില നിക്ഷിപ്ത താൽപര്യക്കാർ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അതിരൂപത വ്യക്തമാക്കി.

‘പോപ്പുലർ ഫ്രണ്ടിനെ റെയ്ഡ് ചെയ്ത ഒരു ഉദ്യോഗസ്ഥന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, സീറോ മലബാർ സഭയിൽ ഭിന്നിപ്പുണ്ടാക്കുക എന്നത് അവരുടെ പദ്ധതികളിലൊന്നായിരുന്നുവെന്ന പ്രസ്താവനയെ നിസ്സാരമായി കാണാനാവില്ല. ഭാരത കത്തോലിക്ക സഭയുടെയും സീറോ മലബാർ സഭയുടെയും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്ന മാർ ആൻഡ്രൂസ് താഴത്ത് നടത്തിയ ഈ ഗൗരവതരമായ പ്രസ്താവനയിൽ, അദ്ദേഹത്തെ കാര്യങ്ങൾ ധരിപ്പിച്ചത് ആരാണെന്നും എന്തെല്ലാം തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം പരാമർശങ്ങൾ നടത്തിയതെന്നും നിയമസംവിധാനങ്ങൾക്ക് മുൻപിൽ വ്യക്തമാക്കേണ്ടതുണ്ട്. അതിനാൽ തന്നെ രാജ്യത്തെ നിയമസംവിധാനങ്ങൾ സമഗ്രമായ അന്വേഷണം നടത്തണം. സഭാതലത്തിലും കൃത്യമായ അന്വേഷണം നടത്തി എത്രയും വേഗം നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ ബന്ധപ്പെട്ടവർ തയ്യാറാകണം’ എന്നുമാണ് അതിരൂപതയുടെ ആവശ്യം.

vachakam
vachakam
vachakam

മതാന്തരബന്ധങ്ങളെപ്പോലും ബാധിക്കുന്ന തരത്തിൽ പ്രസ്താവന പൊതുസമൂഹത്തിൽ വ്യാഖ്യാനിക്കപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ, സത്യം അറിയാൻ പൊതുസമൂഹത്തിനും അവകാശമുണ്ടെന്ന് അതിരൂപത ചൂണ്ടിക്കാട്ടി. മതേതര രാജ്യത്ത് മതത്തിന്റെ പേരിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന സാമൂഹ്യവിരുദ്ധ ശക്തികൾ ആരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുകയും മാതൃകാപരമായി ശിക്ഷിക്കുകയും വേണമെന്നും ആവശ്യപ്പെട്ടു.

സമൂഹത്തിന്റെ സുസ്ഥിതിക്കും മതങ്ങൾ തമ്മിലുള്ള സൗഹാർദത്തിനും കത്തോലിക്കാ സഭ എക്കാലവും പ്രാധാന്യം നൽകിയിട്ടുണ്ടെന്നും, വ്യത്യസ്ത മതങ്ങളിലുള്ളവരുടെ സഹവർത്തിത്വ സംസ്കാരത്തെ ആദരവോടെ കാണാൻ എറണാകുളം–അങ്കമാലി അതിരൂപത പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

vachakam
vachakam
vachakam

സീറോ മലബാർ സഭയിലെ ആരാധനാക്രമ തർക്കത്തിൽ ഭിന്നിപ്പുണ്ടാക്കുന്നതിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്നായിരുന്നു മാർ ആൻഡ്രൂസ് താഴത്തിന്റെ ആരോപണം. ക്രൈസ്തവർക്കിടയിലും തീവ്രവാദ സംഘടനകൾ ഉണ്ടെന്ന തരത്തിലുള്ള പരാമർശവും ആർച്ച് ബിഷപ്പ് നടത്തിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam