തിരുവനന്തപുരം ∙ 10 വര്‍ഷം സേവനം പൂര്‍ത്തിയായ ആശാ വര്‍ക്കര്‍മാര്‍ വിരമിക്കുമ്പോള്‍ നിലവില്‍ നല്‍കുന്ന 20,000 രൂപ ആനുകൂല്യം 50,000 രൂപയാക്കി വര്‍ധിപ്പിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു.ആശാ വര്‍ക്കര്‍മാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം 50,000 രൂപയായി വര്‍ധിപ്പിച്ചതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരില്‍നിന്ന് രേഖാമൂലം ഒരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്.
മാര്‍ച്ച് 4ന് ചേര്‍ന്ന മിഷന്‍ സ്റ്റീയറിങ് ഗ്രൂപ്പ് മീറ്റിങ്ങിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ആറു മാസം കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും സംസ്ഥാനത്തിനു ലഭിച്ചിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. കേന്ദ്രം ഇന്‍സെന്റീവ് വര്‍ധിപ്പിച്ചാല്‍ മറ്റ് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്
10 വര്‍ഷ സേവനത്തിനു ശേഷം പിരിഞ്ഞുപോയവര്‍ക്കൊന്നും വിരമിക്കല്‍ ആനുകൂല്യമായ 20,000 രൂപ ലഭിച്ചിട്ടില്ലെന്നുമാണ് ആശാ സമരസമിതി ചൂണ്ടിക്കാട്ടുന്നത്.
ആരും അപേക്ഷിക്കാത്തതു കൊണ്ടാണ് പണം നല്‍കാത്തതെന്നാണ് സംസ്ഥാനത്തെ എന്‍എച്ച്എം അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരു ആനുകൂല്യം കേന്ദ്രസര്‍ക്കാര്‍ 2018ല്‍ പുറപ്പെടുത്തിച്ച മാനദണ്ഡത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന കാര്യം ആശമാരില്‍നിന്നു മറച്ചു വച്ചിരിക്കുകയായിരുന്നു.
കേരളത്തില്‍നിന്നുള്ള എംപിമാര്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ ഉള്‍പ്പെടെ സമീപിച്ച് ഇതു സംബന്ധിച്ച് ഉത്തരവ് ലഭ്യമാക്കാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായിട്ടില്ല.
മാര്‍ച്ച് 4ന് ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റിയുടെ മിനിട്‌സ് പുറത്തുവരുന്നത് ഏപ്രിലിലാണ്. എന്നാല്‍ ഓഗസ്റ്റില്‍ മാത്രമാണ് പാര്‍ലമെന്റില്‍ വിരമിക്കല്‍ ആനുകൂല്യം വര്‍ധിപ്പിച്ചതു സംബന്ധിച്ച് അറിയിപ്പു നല്‍കുന്നത്. ഇത്ര നാള്‍ കഴിഞ്ഞിട്ടും ഔദ്യോഗികമായി സംസ്ഥാനങ്ങള്‍ക്കു സര്‍ക്കുലര്‍ നല്‍കാനും കേന്ദ്രം തയാറായിട്ടില്ല.കേന്ദ്ര ആരോഗ്യ മന്ത്രാലയവും ആശമാരുടെ കാര്യത്തില്‍ മെല്ലെപ്പോക്കു നയമാണ് സ്വീകരിക്കുന്നത്.
കേന്ദ്ര മാനദണ്ഡപ്രകാരം ഇവര്‍ വനിതാ വൊളണ്ടിയര്‍മാര്‍ ആയതിനാല്‍ വിരമിക്കല്‍ എന്ന ആനുകൂല്യം ബാധകമല്ല. ആ സാഹചര്യത്തില്‍ വിടുതല്‍ പ്രായപരിധി സംബന്ധിച്ച് അന്തിമതീരുമാനം സംസ്ഥാന സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നും വിരമിക്കല്‍ ആനുകൂല്യം നിശ്ചയിച്ചിട്ടില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. പല പദ്ധതികളിലും 2018 മുതല്‍ ആശമാരെ കേന്ദ്രം അംഗങ്ങള്‍ ആക്കിയിട്ടുണ്ടെങ്കിലും അതിന്റെ ഒന്നും ആനുകൂല്യം ആര്‍ക്കും ലഭിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് എന്‍എച്ച്എം സംസ്ഥാന അധികൃതര്‍ ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയും വര്‍ധിപ്പിക്കണമെന്നും 5 ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ആശമാര്‍ ദിവസങ്ങളായി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടരുകയാണ്.
ഒരു തരത്തിലുള്ള അനുകൂല സമീപനവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇതിനിടയിലാണ് ആശമാരുടെ ഇന്‍സന്റീവും വിരമിക്കല്‍ ആനുകൂല്യവും വര്‍ധിപ്പിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പുറത്തുവന്നത്.എന്നാല്‍ ഇതിലും ആശയക്കുഴപ്പം തുടരുന്നതിനാല്‍ ആനുകൂല്യങ്ങള്‍ എപ്പോള്‍ കിട്ടുമെന്ന് അറിയാതെ വലയുകയാണ് ആശമാര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്