കേന്ദ്രം 3300 കോടി വെട്ടി! കടമെടുപ്പില്‍ കേരളത്തിന് വന്‍ തിരിച്ചടി; ഇത്തവണ പുതിയ കാരണം

MAY 16, 2025, 8:04 PM

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് ഈ വര്‍ഷം കടമെടുക്കാവുന്ന തുകയില്‍ നിന്ന് 3300 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു. ഈ വര്‍ഷം ഡിസംബര്‍ വരെ കടമെടുക്കാവുന്ന തുക 29,529 കോടി രൂപയാണെന്നറിയിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രാലയം കത്ത് നല്‍കിയതിന് പിന്നാലെയാണ് 3300 കോടി രൂപ വെട്ടിക്കുറയ്ക്കുന്നതായുള്ള അറിയിപ്പ് എത്തിയത്.

വിവിധ സ്ഥാപനങ്ങളുടെ വായ്പയ്ക്ക് സര്‍ക്കാര്‍ ഗാരന്റി നില്‍ക്കുന്നതിനുള്ള റിഡംപ്ഷന്‍ ഫണ്ട് രൂപീകരിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഈ വെട്ടിക്കുറയ്ക്കല്‍. ഫണ്ട് രൂപീകരിച്ച് അതിലേക്ക് 600 കോടി രൂപ നിക്ഷേപിച്ചാലേ 3300 കോടി രൂപ കടമെടുക്കാന്‍ ഇനി കേന്ദ്രം അനുമതി നല്‍കൂ എന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷം 21,251 കോടി രൂപയാണ് ഡിസംബര്‍ വരെ കടമെടുക്കാന്‍ അനുമതി നല്‍കിയത്. ഇത്തവണ 29,529 കോടി രൂപ അനുവദിച്ചപ്പോള്‍ 8000 കോടിയിലേറെ രൂപ അധികം ലഭിക്കുന്നതിന്റെ ആശ്വാസത്തിലായിരുന്നു സര്‍ക്കാര്‍. സര്‍ക്കാരിന്റെ അവസാന വര്‍ഷമായതിനാല്‍ ചെലവുകള്‍ കുതിച്ചുയരുകയും ചെയ്യും.

സ്വപ്ന പദ്ധതികള്‍ പലതും പൂര്‍ത്തിയാക്കാന്‍ ആവശ്യത്തിന് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുമ്പോഴാണ് വീണ്ടും കുറവ് വരുത്തിയത്. ബജറ്റിന് പുറത്ത് കിഫ്ബി പോലുള്ള സ്ഥാപനങ്ങള്‍ വഴിയെടുത്ത വായ്പയും സര്‍ക്കാര്‍ സ്വീകരിക്കുന്ന നിക്ഷേപങ്ങളും ഒക്കെ കടമെടുക്കാവുന്ന തുകയില്‍ നിന്ന് കുറച്ചതിന് പിന്നാലെയാണ് പുതിയ നടപടി.

സര്‍ക്കാര്‍ ഗാരന്റിയുടെ പുറത്താണ് സംസ്ഥാന സര്‍ക്കാരിന് കീഴിലെ വിവിധ സ്ഥാപനങ്ങള്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുക്കുന്നത്. വായ്പ തിരിച്ചടച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കണമെന്നതാണ് ഗാരന്റി. സ്ഥാപനങ്ങള്‍ പണം അടയ്ക്കുന്നതിനാല്‍ സര്‍ക്കാരിന് ബാധ്യത വരാറില്ല. ഏതെങ്കിലും സാഹചര്യത്തില്‍ പണം തിരിച്ചടയ്‌ക്കേണ്ടി വന്നാല്‍ അതിനായി ഗാരന്റി റിഡംപ്ഷന്‍ ഫണ്ട് രൂപീകരിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. 61 സ്ഥാപനങ്ങള്‍ക്കായി 40,000 കോടിയുടെ ഗാരന്റിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam