കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നടത്തിയ മികച്ച പ്രകടനത്തിന് പിന്നിൽ പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ ടീമിന്റെയും എ.ഐ.സി.സി. സെക്രട്ടറി ദീപാ ദാസ്മുൻഷിയുടെയും സജീവ ഇടപെടലുകൾ നിർണായകമായി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിർണായകമായ ഈ പോരാട്ടത്തിൽ 'ഡൂ ഓർ ഡൈ' (ചെയ്ത് വിജയിക്കുക അല്ലെങ്കിൽ ഇല്ലാതാവുക) എന്ന മുദ്രാവാക്യം മുന്നോട്ട് വെച്ച് കോൺഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തെ സജ്ജമാക്കുകയായിരുന്നു.
പ്രചാരണ രംഗത്ത് വരുത്തേണ്ട മാറ്റങ്ങൾ, ജനങ്ങളുമായി ബന്ധപ്പെടേണ്ട വിഷയങ്ങൾ, പ്രാദേശിക പ്രശ്നങ്ങൾ കൂടുതൽ ഊന്നിപ്പറയേണ്ടതിന്റെ ആവശ്യം തുടങ്ങിയവയെക്കുറിച്ച് സിറ്റിങ് എം.എൽ.എമാർക്ക് നേരിട്ട് നിർദ്ദേശങ്ങൾ നൽകി. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ എം.എൽ.എമാരുടെ യോഗം വിളിച്ചുചേർത്ത് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിന് അത്യന്താപേക്ഷിതമാണെന്ന സന്ദേശം ശക്തമായി നൽകി.
ദീപാ ദാസ്മുൻഷി കേരളത്തിലെ പാർട്ടി കാര്യങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. കൃത്യമായ ഇടവേളകളിൽ കനുഗോലു ടീമിന്റെ റിപ്പോർട്ടുകൾ അവർക്ക് ലഭിച്ചിരുന്നു. പാർട്ടിയിലെ ആഭ്യന്തര വിഷയങ്ങളിൽ അടക്കം സജീവമായി ഇടപെടുകയും വിവാദമായ പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കാനും ശ്രദ്ധിച്ചു. കൂടാതെ, ജനങ്ങളിൽ നിന്നും സർക്കാരിനെതിരായ പരാതികൾ നേരിട്ട് സ്വീകരിക്കാനായി വിവിധ ജില്ലകളിൽ 'പരാതിപ്പെട്ടി' ക്യാമ്പയിനും കോൺഗ്രസ് നടത്തി. പ്രവർത്തകർ വീടുകൾ കയറി ഇറങ്ങി പരാതികൾ ശേഖരിച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. കർണാടകയിലും തെലങ്കാനയിലും കോൺഗ്രസിന് വിജയം നേടിക്കൊടുത്ത കനുഗോലുവിന്റെ തന്ത്രപരമായ നീക്കങ്ങളാണ് കേരളത്തിലെ തദ്ദേശ പോരാട്ടത്തിലും നിർണായക വിജയം നേടാൻ യു.ഡി.എഫിന് സഹായകമായതെന്നാണ് വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
