സൗന്ദര്യ ചികിത്സാ കേന്ദ്രത്തിലെ ശസ്ത്രക്രിയ; അണുബാധയേറ്റ വനിതാ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ വിരലുകള്‍ മുറിച്ചുമാറ്റി

MAY 5, 2025, 8:08 PM

തിരുവനന്തപുരം: സ്വകാര്യ സൗന്ദര്യ ചികിത്സാ കേന്ദ്രത്തില്‍ വച്ച് നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അണുബാധയേറ്റ്  ഗുരുതാരവസ്ഥയിലായിരുന്ന വനിതാ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ വിരലുകള്‍ മുറിച്ചുമാറ്റി. മുട്ടത്തറ ശ്രീവരാഹം ഹിമം വീട്ടില്‍ പത്മജിത്തിന്റെ ഭാര്യ എം.എസ് നീതു (31) വിന്റെ ഇടതു കൈകാലുകളിലെ വിരലുകളാണ് സ്വകാര്യ ആശുപ്രതിയില്‍ ശസ്ത്രക്രിയയിലൂടെ നീക്കിയത്. നീതുവിന്റെ ഭര്‍ത്താവ് പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയില്‍ കഴക്കൂട്ടം അരശുംമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന 'കോസ്മറ്റിക് ഹോസ്പിറ്റല്‍' എന്ന സ്ഥാപനത്തിന് എതിരെ തുമ്പ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

ഫെബ്രുവരി 22 നാണ് നീതു അടിവയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്. 23 ന് ഡിസ്ചാര്‍ജ് ആയി. വീട്ടില്‍ എത്തി ഉച്ചയോടെ അമിത ക്ഷീണം ഉണ്ടാവുകയും ക്ലിനിക്കിലെ ഡോക്ടറെ ഫോണില്‍ വിളിച്ചു വിവരം അറിയിക്കുകയുമായിരുന്നു. ഉപ്പിട്ട് കഞ്ഞിയും വെള്ളവും കുടിക്കാനായിരുന്നു ഡോക്ടറുടെ ഉപദേശം.

രാത്രിയോടെ അവശയായ നീതുവിനെ 24 ന് ക്ലിനിക്കില്‍ എത്തിച്ചു പരിശോധന നടത്തി. രക്തസമ്മര്‍ദം കുറഞ്ഞെന്നും മറ്റും പറഞ്ഞ് ക്ലിനിക്കിലെ ഡോക്ടര്‍ സ്വന്തം നിലയ്ക്ക് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും അവിടെ വച്ച് ഹൃദയാഘാതം സംഭവിച്ചതായി പറഞ്ഞു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പരിശോധനയില്‍ ആന്തരിക അവയവങ്ങളില്‍ അണുബാധയുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നു 21 ദിവസം വെന്റിലേറ്ററില്‍ കഴിയേണ്ടി വന്നു. ഡയലാസിസിന് വിധേയമായി കഴിയുന്ന നീതുവിന്റെ ഇടതുകാലിലെ ആര്‍ട്ടറി ബ്ലോക്കായതിനെ തുടര്‍ന്ന് പാദത്തിലേക്കുള്ള രക്തയോട്ടം കുറഞ്ഞ് ചലനശേഷി നഷ്ടമായി.

10 ലക്ഷം രൂപയാണ് ചികിത്സയ്ക്കായി ഇതിനോടകം ചെലവായതെന്നും നീതുവിന്റെ കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു. മെഡിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനത്തിന് നോട്ടിസ് നല്‍കി അടപ്പിച്ചെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടു കഴക്കൂട്ടം അസി.കമ്മിഷണര്‍ ജെ.കെ ദിനില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു കത്തു നല്‍കിയിട്ടും മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.

മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, കളക്ടര്‍ എന്നിവര്‍ക്കും നല്‍കിയ പരാതികള്‍ തുടര്‍ നടപടിക്കായി ഡിഎംഇ ഓഫിസിലേക്ക് കൈമാറി ആഴ്ചകളായിട്ടും നടപടിയില്ലെന്നു അച്ഛന്‍ കെ.കെ ശശിധരന്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam