കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹർജിയിൽ വിധി 29ന്. നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുവാണ് കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിച്ചത്.
പൊലീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ളതായിരുന്നു ഹർജി. പ്രതിക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കുറ്റം തെളിയിക്കാൻ ആവശ്യമായ രേഖകൾ മറച്ചുവെച്ചുവെന്നും നവീൻ ബാബുവിന്റെ മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും ഹർജിയിൽ കുടുംബം ആവശ്യപ്പെടുന്നുണ്ട്.
പി പി ദിവ്യയുടെയും ജില്ലാ കളക്ടറുടെയും രണ്ടിൽ ഒരു മൊബൈൽ മാത്രമാണ് പൊലീസ് പരിശോധിച്ചത്. അന്വേഷണം പൂർണ്ണമല്ലെന്നും ഇവരുടെ ഫോൺ കോൾ രേഖകൾ ഹാജരാക്കിയിട്ടില്ലെന്നും നവീൻ ബാബുവിന്റെ കുടുംബം കോടതിയില്‍ ആരോപിച്ചു. അതേസമയം കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോകരുതെന്നും തുടർ അന്വേഷണ ഹർജി നിലനിൽക്കില്ലെന്നുമാണ് ദിവ്യയുടെ അഭിഭാഷകൻ വാദിച്ചത്.
കുറ്റപത്രത്തിലെ പതിമൂന്ന് പിഴവുകൾ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. പ്രശാന്തനിൽ നിന്ന് നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് പ്രചരിപ്പിച്ചതായി കുറ്റപത്രത്തിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്