തിരുവനന്തപുരം: കെ-സ്വിഫ്റ്റ് (കേരള സിംഗിൾ വിൻഡോ ഇൻറർഫേസ് - ഫാസ്റ്റ് ആൻഡ് ട്രാൻസ്പരൻറ് ക്ലിയറൻസ്) https://kswift.kerala.gov.in/index/ പ്ലാറ്റ് ഫോം വഴി രജിസ്റ്റർ ചെയ്ത സംരംഭങ്ങൾക്ക് താല്ക്കാലിക കെട്ടിട നമ്പറുകൾ ഉടൻ ലഭ്യമാകും.
പുതിയ സംരംഭകർക്ക് ബാങ്ക് വായ്പകളും മറ്റ് അവശ്യ സേവനങ്ങളും കാലതാമസം കൂടാതെ ലഭ്യമാക്കാൻ താല്ക്കാലിക കെട്ടിട നമ്പറുകൾ നല്കുന്നതിലൂടെ സാധിക്കും. സംരംഭകർക്ക് ബാങ്ക് വായ്പകളും മറ്റ് അവശ്യ സേവനങ്ങളും ലഭ്യമാകണമെങ്കിൽ കെട്ടിടങ്ങൾക്ക് ഔദ്യോഗിക തിരിച്ചറിയൽ നമ്പർ ആവശ്യമാണ്.
സംരംഭങ്ങൾ തുടങ്ങാനും വിപുലീകരിക്കാനും ആഗ്രഹിക്കുന്നവർക്കായി പ്രവർത്തിക്കുന്ന ഓൺലൈൻ ഏകജാലക ക്ലിയറൻസ് സംവിധാനമാണ് കെസ്വിഫ്റ്റ്. നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കി ക്ലിയറൻസുകളും സർട്ടിഫിക്കറ്റുകളും വേഗത്തിൽ ലഭിക്കാനും ബിസിനസുകളുടെ പ്രവർത്തനം സുഗമമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
കെ-സ്വിഫ്റ്റ് വഴി രജിസ്റ്റർ ചെയ്ത 50 കോടി വരെ നിക്ഷേപമുള്ള സംരംഭങ്ങൾക്ക് മൂന്നര വർഷം വരെ സാധുതയുള്ള താല്ക്കാലിക കെട്ടിട നമ്പറാണ് ലഭിക്കുക. ഈ കാലയളവിൽ സംരംഭങ്ങൾ സ്ഥിരമായ ഒരു കെട്ടിട നമ്പർ നേടണം. നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കി സംസ്ഥാനത്ത് സംരംഭക സൗഹൃദാന്തരീക്ഷം വിപുലീകരിക്കാൻ ലക്ഷ്യമിട്ട് നിയമഭേദഗതി സർക്കാർ കൊണ്ടുവന്നിരുന്നു.
കെ-സ്വിഫ്റ്റ് വഴി അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന അക്നോളജ്മെൻറ് സർട്ടിഫിക്കറ്റിലെ നമ്പറിനെ താല്ക്കാലിക കെട്ടിട നമ്പറായി കണക്കാക്കാം. സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള (എംഎസ്എംഇ) ഒരു നിർണായക രേഖയാണ് അക്നോളജ്മെൻറ് സർട്ടിഫിക്കറ്റ്. മലിനീകരണ നിയന്ത്രണ ബോർഡ് മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് 'റെഡ്' വിഭാഗത്തിൽ പെടുത്തിയിട്ടില്ലാത്ത സംരംഭങ്ങൾക്ക് വിവിധ സംസ്ഥാന നിയമങ്ങൾ പ്രകാരം മുൻകൂർ അനുമതി നേടാതെ പ്രവർത്തനം ആരംഭിക്കാൻ ഈ സർട്ടിഫിക്കറ്റ് അനുവദിക്കുന്നു.
എംഎസ്എംഇ മുതൽ വൻകിട വ്യവസായങ്ങൾ വരെയുള്ള സംരംഭങ്ങൾക്ക് പ്രവർത്തനമാരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി ലൈസൻസുകളും സർട്ടിഫിക്കറ്റുകളും വേഗത്തിൽ ലഭ്യമാക്കുന്ന സമഗ്ര ഓൺലൈൻ പോർട്ടലാണ് കെസ്വിഫ്റ്റ് . പ്രൊഫഷണലുകൾ, വ്യാപാരികൾ, സ്റ്റാർട്ടപ്പുകൾ, പുതുസംരംഭകർ എന്നിവർക്കും കെസ്വിഫ്റ്റ് ഉപയോഗപ്രദമാണ്.
രജിസ്ട്രേഷനും ലൈസൻസിനുമുള്ള അപേക്ഷാ ഫോമുകൾ സമർപ്പിക്കുന്നതിനും തൊഴിൽ, മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ 22 ലധികം വകുപ്പുകളിൽ നിന്നും ബോർഡുകളിൽ നിന്നും സർട്ടിഫിക്കറ്റുകളും ക്ലിയറൻസുകളും നേടുന്നതിനും കെസ്വിഫ്റ്റ് പ്രയോജനപ്പെടുത്താനാകും.
വിവിധ സർക്കാർ വകുപ്പുകളിൽ സമർപ്പിച്ചിട്ടുള്ള അപേക്ഷയുടെ തത്സമയ ട്രാക്കിംഗ്, സർട്ടിഫിക്കറ്റുകളുടെ ഡൗൺലോഡിംഗ്, പരിശോധനകളുടെ ഷെഡ്യൂൾ തിരഞ്ഞെടുക്കൽ, ലൈസൻസ് പുതുക്കൽ തുടങ്ങിയവയും കെസ്വിഫ്റ്റിലൂടെ സാധ്യമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്