ലീഡർ കെ.കരുണാകരന്റെ ജന്മദിനത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച്   കെ.സി.വേണുഗോപാൽ

JULY 5, 2025, 2:55 AM

 ലീഡർ കെ.കരുണാകരന്റെ ജന്മദിനത്തിൽ വൈകാരികമായ അനുഭവക്കുറിപ്പ് പങ്കുവെച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. 

കോൺഗ്രസ് പ്രവർത്തകരെ ചേർത്തു നിർത്തുന്നതിനും അവരുടെ അത്മവിശ്വാസം ചോരാതിരിക്കുന്നതിനും ലീഡർ കെ.കരുണാകരൻ എടുത്ത ആർജ്ജവമുള്ള നിലപാടുകളും നടപടികളും ഓർത്തെടുക്കുന്നതാണ് കെ.സി.വേണുഗോപാലിന്റെ പോസ്റ്റ്. 

കെ.സി.വേണുഗോപാൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് വർഗീയതക്കെതിരെ  യുവസാഗരം എന്ന പേരിൽ സംഘടിപ്പിച്ച മഹാറാലിയിൽ അന്നത്തെ പ്രധാനമന്ത്രി പി.വി.നരംസിംഹ റാവുവിനെ പങ്കെടുപ്പിക്കുന്നതിൽ ലീഡർ കെ.കരുണാകരൻ നടത്തിയ ഇടപെടലുകളാണ് പോസ്റ്റിന്റെ ഉള്ളടക്കം. 

vachakam
vachakam
vachakam

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കാൻ തീരുമാനിക്കുകയും ആ ആഗ്രഹം ലീഡറെ ധരിപ്പിക്കുകയും ചെയ്തപ്പോൾ അദ്ദേഹം അനുമതി വാങ്ങി നൽകിയെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് നരംസിംഹ റാവുവിന്റെ ഓഫീസ് പരിപാടി റദ്ദാക്കാൻ നിശ്ചയിച്ചപ്പോൾ കരുണാകരൻ നടത്തിയ ഇടപെടലുകളെ നന്ദിയോടെ ഓർത്തെടുക്കുകയാണ് വേണുഗോപാൽ. കനത്ത മഴയും റോഡുകളിൽ വെള്ളക്കെട്ടും ബ്ലോക്കുമാണെന്നും പ്രവർത്തകർക്ക് ഉൾപ്പെടെ എത്തിച്ചേരാൻ കഴിയില്ലെന്നും അതിനാൽ പ്രധാനമന്ത്രി പരിപാടിയിൽ പങ്കെടുക്കുന്നത് റിസ്‌കാണെന്നും മുൻ ഡിജിപി ടിവി മധുസൂദൻ ഉൾപ്പെടെ നിലപാടെടുത്തു. പ്രധാനമന്ത്രി വന്നില്ലെങ്കിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആത്മവിശ്വാസത്തിനും പ്രതീക്ഷയ്ക്കും  പോറൽ ഏൽക്കുമെന്ന് തിരിച്ചറിഞ്ഞ ലീഡർ കരുണാകരൻ പരിപാടിയിലേക്ക് നരംസിംഹ റാവുവിനെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് പങ്കെടുപ്പിക്കാൻ കാട്ടിയ ധീരതയെയാണ് കെസി. വേണുഗോപാൽ ചൂണ്ടിക്കാട്ടുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഓർമ്മകൾ ഒരുപാട് പിന്നോട്ട് സഞ്ചരിക്കുകയാണ് ഈ ദിവസം. ഞാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കുന്ന കാലമാണ്. വർഷം 1994. യുവജന പ്രസ്ഥാനത്തിന്റെ കരുത്ത് കാണിക്കാൻ അന്നത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് വർഗീയതക്കെതിരെ ഒരു മഹാറാലി സംഘടിപ്പിക്കാൻ തീരുമാനിക്കുന്നു. പേര്, യുവസാഗരം. അന്നൊപ്പമുണ്ടായിരുന്ന പ്രവർത്തകർക്ക് ഒരിക്കലും അത് മറക്കാൻ കഴിയുന്നതല്ല. അന്ന് മുഖ്യമന്ത്രി കെ.കരുണാകരനാണ്, പ്രധാനമന്ത്രി പി.വി.നരസിംഹ റാവുവും. കരുണാകരൻ പറഞ്ഞാൽ റാവു എന്തും കേൾക്കുന്ന കാലമാണ്. അതുകൊണ്ടുതന്നെ യുവസാഗരത്തിന് പ്രധാനമന്ത്രിയെ കൊണ്ടുവരാൻ സംസ്ഥാന കമ്മിറ്റി ആവേശപൂർവം തീരുമാനിച്ചു. ആ തീരുമാനം കൈക്കൊണ്ട സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം ഞാൻ ലീഡറെ കണ്ടു. പ്രധാനമന്ത്രിയെ ക്ഷണിക്കുന്ന കാര്യം അറിയിച്ചു. ലീഡർ അപ്പോൾത്തന്നെ സമ്മതവും അനുവാദവും നൽകി. അദ്ദേഹം തന്നെ നേരിട്ട് പ്രധാനമന്ത്രിയെ വിളിച്ചു. ലീഡർ ആവശ്യപ്പെട്ടാൽ പ്രധാനമന്ത്രി ഒഴിവ് പറയില്ല. വരാമെന്നുറപ്പ് നൽകി. അതോടെ ഞങ്ങൾ ഒരുക്കങ്ങൾ തകൃതിയായി നടത്തി. സംസ്ഥാനമൊട്ടാകെയുള്ള പ്രവർത്തകർ ആവേശത്തിലാകാൻ മറ്റൊന്നും വേണ്ടിയിരുന്നില്ല. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള പ്രവർത്തകർ ആഴ്ചകൾക്ക് മുൻപേ ഒരുക്കങ്ങൾ തുടങ്ങി. യൂത്ത് കോൺഗ്രസിന്റെ മണ്ഡലം വരെ താഴെത്തട്ടിലുള്ള കമ്മിറ്റികൾ ബസുകളിൽ പ്രവർത്തകരെ കൊണ്ടുവരുന്നതിന് വേണ്ട തയ്യാറെടുപ്പുകളും തുടങ്ങി. ഇന്നത്തെ പോലെ സൗകര്യങ്ങൾ അന്നില്ലല്ലോ. കത്തുകളയച്ചും പരിമിതമായ ഫോൺ സൗകര്യങ്ങൾ ഉപയോഗിച്ചും ഈ ഒരുക്കങ്ങളെല്ലാം ഞങ്ങൾ തിരുവനന്തപുരത്ത് നിന്ന് ഏകീകരിച്ചു. മലബാർ മേഖലയിൽ നിന്നുള്ളവർ രണ്ടും മൂന്നും ദിവസം മുൻപേ യാത്രയും തിരിച്ചു.

vachakam
vachakam
vachakam

അങ്ങനെ പരിപാടി നടക്കുന്ന ദിവസമെത്തി. രാവിലെ മുതൽ പെരുമഴ തുടങ്ങി. ഒട്ടും പ്രതീക്ഷിക്കാത്ത കാലാവസ്ഥയായിരുന്നു. മഴ ശമിക്കുമെന്നും പരിപാടി നടക്കുമെന്നും ഞങ്ങൾ പ്രതീക്ഷിച്ചു. പുലർച്ചെ തുടങ്ങിയ മഴ 11 മണിയെത്തിയിട്ടും കുറഞ്ഞില്ല, കൂടിയതേയുള്ളൂ. പ്രളയ സമാനമായ സാഹചര്യമായിരുന്നു റോഡുകളിൽ. വാഹനങ്ങൾ കടപ്പുറത്തേക്കെത്താൻ ഒരുപാട് ബുദ്ധിമുട്ടി. മഴ തുടരുകയാണ്. അതിനിടയിൽ ഒരു മണിയോടെ മുഖ്യമന്ത്രി എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിച്ചു. അദ്ദേഹത്തിന്റെ മുഖത്ത് ഒരാശങ്കയുള്ളതായി കണ്ടപ്പോൾത്തന്നെ തോന്നി. അങ്ങനെയല്ല ലീഡറെ കാണാറുണ്ടായിരുന്നത്. എന്തോ പറയാൻ മടിയുള്ളത് പോലെ തോന്നി. ഒടുവിൽ അദ്ദേഹം പറഞ്ഞുതുടങ്ങി. പ്രധാനമന്ത്രി ബോംബെയിലാണ്. പ്രളയസമാനമായ സാഹചര്യമായതിനാൽ പരിപാടി നടക്കാൻ സാധ്യതയില്ലെന്ന ഐബി റിപ്പോർട്ട് അദ്ദേഹത്തിന് ലഭിച്ചു. പരിപാടി ഒഴിവാക്കാമെന്ന് എസ്പിജിയും അദ്ദേഹത്തെ അറിയിച്ചിരുന്നു. ഈ മഴയത്ത് ആളുണ്ടാവില്ലെന്നായിരുന്നു അവരുടെയൊക്കെ ആശങ്ക. പ്രധാനമന്ത്രിയുടെ പരിപാടിക്ക് ആളില്ലെങ്കിൽ ക്ഷീണമാകുമല്ലോ. പ്രധാനമന്ത്രി പങ്കെടുക്കുന്ന കാര്യം പ്രയാസമാണെന്ന് വിഷമത്തോടെയെങ്കിലും മുഖ്യമന്ത്രി പറഞ്ഞു. പിന്നാലെ അദ്ദേഹം ഡിജിപിയെ വിളിച്ചുവരുത്തി. ടി.വി. മധുസൂദനനാണ് അന്ന് ഡിജിപി. അദ്ദേഹവും മുഖ്യമന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചു. റോഡിലൊക്കെ വെള്ളമാണ്, ബ്ലോക്കുണ്ട്. പരിപാടി നടക്കുന്ന ശംഖുമുഖത്ത് നൂറിൽത്താഴെ ആളുകൾ മാത്രമേയുള്ളൂ എന്നൊക്കെ അദ്ദേഹം പറഞ്ഞു. എന്നാൽ പരിപാടി എന്ത് വന്നാലും നടത്തുമെന്നൊരു വാശി എനിക്കന്നുണ്ടായിരുന്നു. ദൂരെനിന്ന് ദിവസങ്ങൾക്ക് മുമ്പേ പ്രവർത്തകർ ബസുകളിലും മറ്റുമൊക്കെയായി പുറപ്പെട്ട കാര്യവും, നാടൊട്ടാകെയുള്ള പ്രവർത്തകർ ഈ പരിപാടിയെ എത്രകണ്ട് ആവേശത്തിലാണ് സ്വീകരിച്ചത് എന്നൊക്കെ എനിക്കറിയാമായിരുന്നു. അത് ഞങ്ങളിലുള്ള പ്രതീക്ഷ കൊണ്ടുകൂടിയാണ്. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ റിസ്‌ക് ലീഡർ വീണ്ടും എന്നെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എന്റെ വാശി കൊണ്ടുതന്നെ അദ്ദേഹം ഒന്നുകൂടി ആലോചിച്ച ശേഷം, പരിപാടി വിജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മുന്നോട്ടുപൊയ്‌ക്കോളൂ എന്ന് പറഞ്ഞു. തൊട്ടുപിന്നാലെ എന്റെ മുൻപിൽ വെച്ച് പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ച്, എത്ര മഴയാണെങ്കിലും പരിപാടിക്ക് എത്തണമെന്ന് പറഞ്ഞു. 

പരിപാടി നടക്കേണ്ട സമയമടുത്തു. നാലുമണിയായപ്പോൾ മുന്നൂറോ നാനൂറോ ആളുകൾ മാത്രമേ ശംഖുമുഖത്തുണ്ടായിരുന്നുള്ളൂ. പക്ഷേ, അഞ്ചുമണിയായപ്പോഴേക്കും കടപ്പുറം നിറഞ്ഞു. ആറുമണിയായപ്പോൾ ഡിജിപിയുടെ സന്ദേശമെത്തി. അഭിനന്ദനമായിരുന്നു അത്. അവർ പോലും പ്രതീക്ഷിച്ചില്ലത്രേ. ഒടുവിൽ പ്രധാനമന്ത്രിയെത്തി. ലക്ഷക്കണക്കിന് യുവാക്കളെ സാക്ഷിയാക്കി പ്രധാനമന്ത്രി പ്രസംഗം തുടങ്ങി. പ്രസംഗം പൂർത്തിയാകുമ്പോഴും മ്യൂസിയം ജംഗ്ഷനിൽ നിന്ന് റാലിയുടെ അവസാന നിര പുറപ്പെട്ടിട്ടുണ്ടായിരുന്നില്ല. കേരളം കണ്ട ഒരു യുവജന പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ പരിപാടിക്കാണ് അന്ന് തലസ്ഥാനം സാക്ഷ്യം വഹിച്ചത്. ചെറുപ്പക്കാരിലുള്ള, ഒപ്പം നിൽക്കുന്ന പ്രവർത്തകരിലുള്ള, അവരുടെ ആത്മവിശ്വാസത്തിന് ലീഡർ നൽകിയ വിലയുടെ ഫലം കൂടിയായിരുന്നു അത്. ഒരുപാട് എതിർ ഘടകങ്ങളുണ്ടായിട്ടും പ്രധാനമന്ത്രിയെ വിളിച്ചുവരുത്തുന്നതിന് ലീഡർക്കുണ്ടായിരുന്ന വിശ്വാസം എന്റെ ഉറപ്പ് മാത്രമായിരുന്നു.

ഇതായിരുന്നു ലീഡർ. ഒപ്പമുണ്ടായിരുന്നവരെ വിശ്വസിക്കുന്നത് മാത്രമല്ല, പ്രവർത്തകരിലും യുവാക്കളിലും ഒരണു പോലും ആത്മവിശ്വാസക്കുറവോ, നിരാശയോ ഉണ്ടാകരുതെന്ന നിർബന്ധം കൂടി ലീഡർക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് കെ.കരുണാകരൻ എന്ന ലീഡർ എക്കാലത്തും ഒരോ കോൺഗ്രസ് പ്രവർത്തകന്റെയും കരുത്തും വികാരവുമാകുന്നത്. കേരളാ രാഷ്ട്രീയത്തിൽ കെ.കരുണാകരൻ ഒരു ശൈലി കൂടിയായി മാറുന്നത് അങ്ങനെയാണ്. അതിന് പിറകെ നടക്കുന്നതിനോളം വലിയ ഭാഗ്യവും സന്തോഷവും മറ്റൊന്നിന് നൽകാനാവില്ല. ലീഡറുടെ ഈ ജന്മവാർഷികത്തിൽ ഓർമ്മകൾ പുതുക്കുന്ന ദിവസമല്ല ഇന്നെനിക്ക്. നിനക്കുറപ്പെണ്ടെങ്കിൽ മുൻപോട്ടുപൊയ്‌ക്കോളൂ എന്നെനിക്ക് ആത്മവിശ്വാസം നൽകാറുള്ളയാൾ ഒപ്പമുണ്ടെന്ന ധൈര്യം ഊട്ടിയുറപ്പിക്കുന്ന ദിനം കൂടിയാണിന്ന്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam