തൃശൂർ: തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിൽ ഒരു രാഷ്ട്രീയപാർട്ടിയുടെ ഇടപെടലെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. രണ്ടരവർഷം മുൻപ് പ്രവർത്തനം ആരംഭിക്കേണ്ട മാളിന്റെ തുടർപ്രവർത്തനവുമായി മുന്നോട്ട് പോകാൻ കഴിയാത്തത് ഒരു രാഷ്ട്രീയ പാർട്ടിയിലുള്ള ആൾ അനാവശ്യമായ കേസുമായി മുന്നോട്ട് പോകുന്നതിനാലാണ്.
3000 പേർക്ക് ജോലി ലഭിക്കേണ്ട വലിയ പ്രോജക്ടാണ് തൃശൂരിലെ ലുലു ഷോപ്പിങ്ങ് മാളിലൂടെ മുന്നോട്ട് വെച്ചതെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ചിയ്യാരത്ത് തൃശ്ശൂർ മാനേജ്മെന്റ് അസോസിയേഷൻ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാൾ നിർമ്മിക്കാൻ സ്ഥലം ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങിയ ഘട്ടത്തിലാണ് ലുലുവിനെതിരെ കേസെത്തിയത്. ഇപ്പോഴും ആ കേസ് ഹൈക്കോടതി പരിഗണനയിലാണ്. രണ്ടരവർഷമായി ആ കേസ് മുന്നോട്ട് പോകുകയാണ്. ഈ രാജ്യത്ത് ബിസിനസ് സംരംഭം മുന്നോട്ട് പോകണമെങ്കിൽ പല തരത്തിലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമെന്നും ആ തടസ്സങ്ങൾ മാറിയാൽ തൃശൂരിൽ ലുലുവിന്റെ മാൾ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരുപാട് ബിസിനസുകാരുടെ പാദസ്പർശം കൊണ്ട് അനുഗ്രഹീതമാണ് തൃശൂർ. കേരളത്തിലെ എല്ലാ അറിയപ്പെടുന്ന ബിസിനസുകാരും തൃശൂരിന്റെ സംഭാവനയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. പുതിയ തലമുറയ്ക്കായി തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ കരുതിവയ്ക്കുന്ന സാംസ്കാരിക പരമായും പ്രൊഫഷണൽപരവുമായി മികവ് എടുത്ത് പറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിസിനസും വളർച്ചയുമായി മുന്നേറുമ്പോഴും മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം സദസിലിരിക്കുന്ന കുട്ടികളോട് വ്യക്തമാക്കി. ടിഎംഎ പ്രസിഡന്റ് സി. പത്മകുമാർ ചടങ്ങിൽ അധ്യക്ഷനായി.മണപ്പുറം ഗ്രൂപ്പ് ചെയർമാൻ പി.വി നന്ദകുമാർ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ. പോൾ തോമസ്, ടി.എസ് അനന്തരാമൻ, വി വേണുഗോപാൽ,ടി.ആർ. അനന്തരാമൻ, സിജോ പോന്നോർ, പി.കെ ഷാജി എന്നിവർ പ്രസംഗിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്