മലപ്പുറം: പ്രവാസി യാത്രക്കാർ ഏറെയുള്ള ജിദ്ദ, റിയാദ് സെക്ടറിലേക്ക് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ തുടങ്ങും. എയർ ഇന്ത്യ എക്സ്പ്രസിന് പുറമെ ഒക്ടോബർ മുതൽ സൗദി എയർലൈൻസും സർവീസ് ആരംഭിക്കും. 180 പേർക്ക് സഞ്ചരിക്കാവുന്ന ചെറിയ വിമാനങ്ങളുമായി ഒക്ടോബർ 28 മുതലാണ് സൗദി സർവീസ് തുടങ്ങുക.
ഒക്ടോബറിലെ ശൈത്യകാല ഷെഡ്യൂളിൽ സൗദി എയർലൈൻസിന്റെ സർവീസ് ഇടം പിടിച്ചിട്ടുണ്ട്. സർവീസിന് എയർപോർട്ട് അതോറിറ്റി പച്ചക്കൊടി കാണിച്ചിട്ടുണ്ടെങ്കിലും ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ എവിയേഷന്റെ അന്തിമാനുമതി കൂടി ലഭിക്കണം. നിലവിൽ കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് എയർ ഇന്ത്യയുടെ ചെറിയ വിമാനം സർവീസ് നടത്തുന്നുണ്ട്.
180 യാത്രക്കാരെ മാത്രമേ ഉൾക്കൊള്ളാനാവൂ. യാത്രക്കാരുടെ ബാഹുല്യം മൂലം പല ദിവസങ്ങളിലും ടിക്കറ്റ് ലഭ്യമല്ല. ഇതുമൂലം യാത്രക്കാർക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് ദിവസവും സർവീസ് ഉണ്ടെങ്കിലും റിയാദ് വിമാനത്താവളം വഴി കണക്ടിംഗ് വിമാനത്തിൽ സഞ്ചരിക്കണം. 10 മുതൽ 19 മണിക്കൂർ വരെ സമയമെടുക്കും. കൊച്ചിയിൽ നിന്ന് റിയാദിലേക്ക് അഞ്ചര മണിക്കൂർ മതി. ഇവിടെ നിന്ന് പല സമയങ്ങളിലായുള്ള കണക്ടിംഗ് വിമാനങ്ങളിലാണ് ജിദ്ദയിലേക്കുള്ള യാത്രക്കാരുടെ തുടർ യാത്ര.
സൗദി എയർലൈൻസിന്റെ എയർബസ് എ 330 എന്ന വലിയ വിമാനമാണ് കൊച്ചിയിൽ നിന്ന് റിയാദിലേക്ക് സർവീസ് നടത്തുന്നത്. കരിപ്പൂരിൽ റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ (റെസ) നിർമ്മാണം പൂർത്തിയാവുന്നതോടെ വലിയ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കാനാവും.
അടുത്ത വർഷം മേയ് മാസത്തോടെ നിർമ്മാണം പൂർത്തിയാകും. ഇതോടെ കരിപ്പൂരിൽ നിന്നും വലിയ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കാൻ സൗദി എയർലൈൻസ് ഉൾപ്പെടെയുള്ള വിമാന കമ്പനികൾക്ക് സാധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്