ആലപ്പുഴ: കഴിഞ്ഞ ദിവസമാണ് ഒരു നാടിനെ തന്നെഞെട്ടിച്ച് മാരാരിക്കുളത്ത് മകളെ അച്ഛൻ തോർത്ത് ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്. ഇതിന് പിന്നിൽ എന്താണ് കാരണം എന്ന് സംബന്ധിച്ച വിവരങ്ങൾ ആദ്യഘട്ടത്തിൽ പുറത്ത് വന്നിരുന്നില്ല.
മകളുടെ രാത്രിയാത്രയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാർഡ് കുടിയാംശേരി വീട്ടിൽ എയ്ഞ്ചൽ ജാസ്മിനാണ് (28) കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഫ്രാൻസിസിനെ (ജോസ് മോൻ, 53) ഇന്നലെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നിഷ്യനായ എയ്ഞ്ചൽ ഭർത്താവുമായി പിണങ്ങി ആറു മാസമായി സ്വന്തം വീട്ടിലായിരുന്നു താമസം. രാത്രി സ്കൂട്ടറുമായി പുറത്തു പോകാറുള്ള എയ്ഞ്ചൽ ചൊവ്വാഴ്ച രാത്രി 9ന് പുറത്തു പോയി പത്തരയോടെയാണ് തിരിച്ചെത്തിയത്. പിടിവലിക്കിടെ എയ്ഞ്ചലിന്റെ കഴുത്തിനു കുത്തിപ്പിടിക്കുകയും തോർത്ത് ഉപയോഗിച്ച് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് ഫ്രാൻസിസ് പൊലീസിനു നൽകിയ മൊഴി.
എയ്ഞ്ചൽ സ്ഥിരമായി രാത്രി ഒറ്റയ്ക്കു പുറത്തു പോകുന്നതിനെ ചൊല്ലി ഇതിനു മുൻപും വീട്ടിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. നാട്ടുകാരിൽ ചിലർ എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന മട്ടിൽ ഫ്രാൻസിസിനോട് പറയുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.
സംഭവസമയത്ത് ഫ്രാൻസിസിന്റെ പിതാവ് സേവ്യറും, മാതാവ് സൂസിയും, ഭാര്യ സിന്ധുവും വീട്ടിലുണ്ടായിരുന്നു.
എയ്ഞ്ചൽ മരിച്ചുവെന്ന് ഉറപ്പായതോടെ ഭയപ്പെട്ട കുടുംബം രാവിലെ വരെ വീടിനുള്ളിൽത്തന്നെ ഇരുന്നു. പുലർച്ചെ 6 മണിയോടെ എയ്ഞ്ചലിനെ മരിച്ച നിലയിൽ കണ്ടെത്തിയെന്നു പറഞ്ഞു ഇവർ കരഞ്ഞതോടെയാണ് അയൽവാസികൾ വിവരം അറിഞ്ഞതെന്നു പൊലീസ് പറയുന്നു. കരച്ചിൽ കേട്ടെത്തിയ അയൽവാസികളോട് മകൾ വിളിച്ചിട്ട് അനങ്ങുന്നില്ലെന്നാണ് കുടുംബം പറഞ്ഞത്. ഫ്രാൻസിസിന്റെ ഭാര്യ സിന്ധുവിനെയും കേസിൽ പ്രതി ചേർത്തേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്