തിരുവനന്തപുരം: തദ്ദേശ ഭരണ തിരഞ്ഞെടുപ്പും അതിനു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ സംസ്ഥാനത്ത് മന്ത്രിസഭാ പുനസ്സംഘടന ഉണ്ടാവുമെന്ന് സൂചന. എ പ്രദീപ് കുമാര്‍ അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയോഗിക്കപ്പെട്ടതോടെ പുനസ്സംഘടനാ ചര്‍ച്ച വീണ്ടും സജീവമായി.
സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ പുതിയ നിയമനം ഉണ്ടാവില്ലെന്ന വിലയിരുത്തലിനിടെയാണ്, പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നിയോഗിച്ചുകൊണ്ടുള്ള തീരുമാനം. എല്‍ഡിഎഫിന് തുടര്‍ച്ചയായ മൂന്നാം ടേം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടുതല്‍ രാഷ്ട്രീയ നീക്കങ്ങളിലേക്ക് കടക്കുമെന്നാണ് ഇടതു രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. മന്ത്രിസഭാ പുനസ്സംഘടന അതിലൊന്നായിരിക്കുമെന്നും അവര്‍ കരുതുന്നു.
പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസിനെയും ഫിഷറീസ് മന്ത്രി സജി ചെറിയാനെയും മന്ത്രി സ്ഥാനത്ത് നിന്നു മാറ്റി പാര്‍ട്ടിയില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുന്നത് പിണറായി പരിണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മകളുടെ ഭര്‍ത്താവ് കൂടിയായ റിയാസ് മുതിര്‍ന്ന നേതാക്കളെ മറികടന്നാണ് മന്ത്രിപദത്തില്‍ എത്തിയതെന്ന വിമര്‍ശനം എതിരാളികള്‍ ഉന്നയിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിനു മുമ്പായി ഇതിന്റെ മുനയൊടിക്കാന്‍ പുനസ്സംഘടയിലൂടെയാവും. റിയാസിനൊപ്പം പാര്‍ട്ടിയില്‍ വിശ്വസ്തനായ സജി ചെറിയാനും തിരഞ്ഞെടുപ്പു ലക്ഷ്യമിട്ട് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കിയേക്കും.
സ്പീക്കര്‍ എ.എന്‍ ഷംസീറിനെ മന്ത്രിസഭയില്‍ എത്തിച്ച് കെകെ ശൈലജയെ സ്പീക്കറാക്കുമെന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സജി ചെറിയാനു പകരം പിപി ചിത്തരഞ്ജന്‍ മന്ത്രിസഭയില്‍ എത്തിയേക്കും. തോട്ടത്തില്‍ രവീന്ദ്രന്‍, കെ ആന്‍സലന്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്