തിരുവനന്തപുരം: ഈ വർഷത്തെ തൃശ്ശൂർ പൂരം മികച്ച രീതിയിൽ സംഘടിപ്പിക്കാനായെന്ന പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെ ആണ് അദ്ദേഹത്തിന്റെ പ്രതികരണം.
ആചാരപരമായ കാര്യങ്ങൾക്ക് കോട്ടം തട്ടാതെ പൂരം വിജയമാക്കാനുതകുന്ന മുന്നൊരുക്കങ്ങൾ ഉറപ്പാക്കിയിരുന്നുവെന്നും മാസങ്ങൾക്ക് മുമ്പ് തന്നെ പൂരം സംഘടിപ്പിക്കാൻ ആവശ്യമായ ഒരുക്കങ്ങൾ നടത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
വർണ്ണ വിസ്മയം തീർത്ത് ഈ വർഷത്തെ തൃശ്ശൂർ പൂരം സമാപിച്ചു. മതപരമായ ചടങ്ങ് എന്നതിനപ്പുറത്തേക്ക് കേരളത്തിന്റെ സാംസ്കാരിക പൈതൃകം കൂടി അടയാളപ്പെടുത്തുന്ന ജനകീയ ഉത്സവമാണ് തൃശ്ശൂർ പൂരം. ഈ പ്രത്യേകതകൾ കേരളത്തിന് പുറത്തും അതിന്റെ പെരുമ വർദ്ധിപ്പിക്കുന്നു. ഏറ്റവും മികച്ച രീതിയിൽ പൂരം സംഘടിപ്പിക്കാൻ ആവശ്യമായ ഒരുക്കങ്ങൾ മാസങ്ങൾക്ക് മുമ്പ് തന്നെ സർക്കാർ ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാർച്ച് ഒന്നിന് പ്രത്യേക യോഗം ചേരുകയും ഓരോ വിഷയവും പരിശോധിച്ച് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.
ആചാരപരമായ കാര്യങ്ങൾക്ക് കോട്ടം തട്ടാതെ പൂരം വിജയമാക്കാനുതകുന്ന മുന്നൊരുക്കങ്ങൾ ഉറപ്പാക്കി. സുരക്ഷാ ആക്ഷൻ പ്ലാനിന്റെ ഭാഗമായി 4000 പോലീസുകാരെ വിന്യസിച്ചു. നഗരത്തിലും പൂരപ്പറമ്പിലും തന്ത്രപ്രധാനമായ എല്ലാ സ്ഥലങ്ങളിലും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചു. ലഹരി വ്യാപനം തടയുന്നതിനായി പോലീസും എക്‌സൈസ് വകുപ്പും ചേർന്ന് സംയുക്ത പരിശോധനകൾ ശക്തമാക്കി.
വിവിധ വകുപ്പുകളുടെ ഏകോപനം, തറവാടക സംബന്ധിച്ച കാര്യങ്ങൾ, ഡ്യൂട്ടിക്കായി പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ നിയോഗിക്കുന്ന വിഷയം, മാലിന്യ സംസ്കരണം, വെടിക്കെട്ട്, ആന എഴുന്നള്ളിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിലവിലുള്ള നിയമങ്ങളും കോടതി ഉത്തരവുകളും പാലിക്കൽ എന്നിവയെല്ലാം ഉൾപ്പെടെ ഓരോ വിഷയത്തിലും കൃത്യമായ വീക്ഷണത്തോടുകൂടിയുള്ള പ്രവർത്തനമാണ് ഉണ്ടായത്. ആക്ഷേപങ്ങൾക്കും അനിശ്ചിതത്വത്തിനും ഇടവരുത്താതെ പൂരം വിജയിപ്പിക്കാൻ പ്രയത്നിച്ച ജില്ലാ ഭരണ സംവിധാനത്തിനും, പൊലീസ്, ഫയർ ഫോഴ്സ്, ശുചീകരണ തൊഴിലാളികൾ, സന്നദ്ധപ്രവർത്തകർ, തൃശ്ശൂർ നിവാസികൾ ഉൾപ്പെടെയുള്ള എല്ലാവർക്കും അഭിനന്ദനങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്