തിരുവനന്തപുരം: അയല്‍വാസികള്‍ക്കിടയിലെ അതിര്‍ത്തിതര്‍ക്കം തിരുവനന്തപുരത്ത് വര്‍ധിക്കുന്നതായി കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി. നിസാരമായ കാര്യങ്ങളില്‍ തുടങ്ങുന്ന തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്കും കോടതി നടപടികളിലേക്കും നീളുകയാണ്. ഇതുമായി ബന്ധപ്പെട്ട നിരവധി കേസുകളാണ് വനിതാ കമ്മീഷന്റെ പരിഗണനയ്ക്കും വരുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ദ്വിദിന ജില്ലാതല അദാലത്തിന്റെ ആദ്യദിന സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍.
സ്ഥലപരിമിതി കാരണം ഇവിടെ വീടുകള്‍ അടുത്തടുത്തായാണ് നിര്‍മ്മിക്കുന്നത്. മരത്തിന്റെ ഇല വീഴുന്നത്, മഴവെള്ളം വീഴുന്നത്, ചെടി വയ്ക്കുന്നത് തുടങ്ങിയ ചെറിയകാര്യങ്ങളിലാവും അഭിപ്രായ ഭിന്നത ആരംഭിക്കുക. ഇത് പിന്നീട് അസഭ്യവര്‍ഷത്തിലും കയ്യാങ്കളിയിലുമാണ് ചെന്നുനില്‍ക്കുന്നത്. രക്തബന്ധമുള്ളവര്‍ക്കിടയില്‍പോലും ഈ ഭിന്നത വര്‍ധിക്കുന്നതായി കാണുന്നു.
ഗാര്‍ഹികപീഡനം സംബന്ധിച്ച പരാതികളും വര്‍ധിച്ചുവരുന്നുണ്ട്. സഹോദരങ്ങള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍പോലും പരാതിയായി മാറുന്നു. അത്തരമൊരു പരാതിയും ഇന്ന് പരിഗണനയ്ക്ക് എത്തി. അമ്മ രണ്ട് സഹോദരങ്ങളില്‍ മൂത്തയാളുടെ കൂടെയാണ്. ഇളയ മകന്റെ ഭാര്യക്കെതിരെ അമ്മയുടെ പേരില്‍ മൂത്തയാള്‍ പരാതി നല്‍കി. പകരം ഇളയമകന്റെ ഭാര്യ മൂത്ത സഹോദരനും അമ്മയ്ക്കുമെതിരെ ഗാര്‍ഹിക പീഡനത്തിനും പരാതി നല്‍കുകയായിരുന്നുവെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. മദ്യപിച്ചു വരുന്ന ഭര്‍ത്താവ് മര്‍ദ്ദിക്കുന്നതായ ഭാര്യമാരുടെ പരാതിയും കൂടുന്നുണ്ട്. ഇത്തരം കേസുകളില്‍ അദാലത്ത് വേദിയിലും തുടര്‍ന്ന് കമ്മീഷന്‍ ആസ്ഥാനത്തും കൗണ്‍സിലിംഗ് നല്‍കുന്നുണ്ട്. ചിലകേസുകള്‍ ഡി-അഡിക്ഷന്‍ സെന്ററുകളിലേക്ക് നിര്‍ദ്ദേശിക്കാറുണ്ട്.
ജില്ലയില്‍ തൊഴിലിടങ്ങളില്‍ ഇന്റേണല്‍ കമ്മിറ്റികളുടെ രൂപീകരണം പൂര്‍ത്തിയായിവരുന്നു. ഇവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കമ്മീഷന്‍ തുടര്‍ന്നും ഉറപ്പാക്കുമെന്നും ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയം ഹാളില്‍ നടക്കുന്ന അദാലത്തിന് ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി, അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ എന്നിവര്‍ നേതൃത്വം നല്‍കി. വനിതാ കമ്മീഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍ ഐപിഎസ്, സി.ഐ. ജോസ് കുര്യന്‍, അഭിഭാഷകരായ എസ്. സിന്ധു, സരിത, അശ്വതി, കൗണ്‍സിലര്‍ സിബി എന്നിവരും പരാതികള്‍ പരിഗണിച്ചു.
ആദ്യദിനമായ ഇന്ന് 200 പരാതികളാണ് പരിഗണനയ്ക്ക് എത്തിയത്. ഇതില്‍ 21 എണ്ണം പരിഹരിച്ചു. 15 എണ്ണത്തില്‍ റിപ്പോര്‍ട്ട് തേടി. രണ്ടെണ്ണം കൗണ്‍സിലിംഗിനയച്ചു. 162 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്