കോട്ടയം: രാജ്യത്ത് ആദ്യമായി ആൻജിയോപ്‌ളാസ്റ്റി നടത്തി ചരിത്രം കുറിച്ച ഡോ. മാത്യു സാമുവൽ കളരിക്കൽ (77) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം.
മൃതദേഹം ഏപ്രിൽ 21ന് രാവിലെ 8ന് കോട്ടയം മാങ്ങാനത്തെ വീട്ടിലെത്തിക്കും. സംസ്‌കാര ശുശ്രൂഷകൾക്കു ശേഷം വൈകിട്ട് മൂന്നിന് മാങ്ങാനം സെന്റ് പീറ്റേഴ്‌സ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും.
1986ൽ ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആൻജിയോപ്ലാസ്റ്റി നടത്തി പ്രസിദ്ധനായ ഡോ. മാത്യു സാമുവലിനെ 2000ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു. 1948 ജനുവരി ആറിന് കോട്ടയം മാങ്ങാനത്തായിരുന്നു ജനനം. ആലുവ യു.സി കോളേജിലെ പഠനത്തിനുശേഷം 1974ൽ കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് നേടി. ചെന്നൈയിലെ സ്റ്റാൻലി കോളേജിൽ നിന്ന് എം.ഡിയും മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് ഡി.എമ്മും പാസായി. തുടർന്ന് പീഡിയാട്രിക് സർജറി ട്യൂട്ടറായി ജോലി തുടങ്ങി.
അക്കാലത്ത്, ആൻജിയോപ്ലാസ്റ്റിയുടെ തലതൊട്ടപ്പനായി അറിയപ്പെട്ടിരുന്ന ഡോ. ആൻഡ്രിയാക് ജെൻസിക്കിന്റെ ക്ഷണപ്രകാരം സ്‌കോളർഷിപ്പ് നേടി മാത്യു സൂറിക്കിലേക്ക് പോയി. വൈകാതെ ജെൻസിക്കിനൊപ്പം യു.എസിലെത്തി. അറ്റ്‌ലാന്റയിലെ എമറി സർവകലാശാലയിൽ ആൻജിയോപ്ലാസ്റ്റിയിൽ ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തി. 1986ൽ ചെന്നൈയിൽ തിരിച്ചെത്തി.
ഇലക്ട്രോണിക് അൽജെസിമീറ്റർ, ജുഗുലാർ വെനസ് പ്രഷർ സ്‌കെയിൽ തുടങ്ങിയവയ്ക്ക് അദ്ദേഹത്തിന് പേറ്റന്റുണ്ട്. ഹൃദയ ധമനികളിലെ തടസം നീക്കുന്ന ആൻജിയോപ്ലാസ്റ്റിയിൽ ലോഹ സ്‌റ്റെന്റുകൾക്കുപകരം സ്വയം വിഘടിച്ച് ഇല്ലാതാകുന്ന ബയോ സ്‌റ്റെന്റുകൾ ഉപയോഗിച്ചുള്ള ചികിത്സയുടെ അമരക്കാരിലൊരാളാണ്.
ചെന്നൈ അപ്പോളോ ആശുപത്രി, മുംബയ് ലീലാവതി ഹോസ്പിറ്റൽ, ബ്രീച്ച് കാൻഡി ഹോസ്പിറ്റൽ, സൈഫി ഹോസ്പിറ്റൽ തുടങ്ങിയിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണം അന്വേഷിച്ച അറുമുഖസ്വാമി കമ്മിഷൻ മൊഴി രേഖപ്പെടുത്തിയ ഡോക്ടർമാരിൽ ഒരാളായിരുന്നു.
ഭാര്യ: എടത്വ കടമാട്ട് ബീന മാത്യു.
മക്കൾ: സാം മാത്യു, നിധി.
മരുമക്കൾ: മെറിൻ, ടാജർ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1