ബെയ്ജിങ്: ഷാങ്ഹായ് വിമാനത്താവളത്തില്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ച് അപമാനിച്ചെന്ന അരുണാചല്‍ പ്രദേശ് സ്വദേശിനിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ചൈന. ഇമിഗ്രേഷന്‍ കൗണ്ടറിലെ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് സാധുതയില്ലെന്ന് പറയുകയും മണിക്കൂറുകളോളം തടഞ്ഞുവെക്കുകയും ചെയ്‌തെന്ന യുവതിയുടെ ആരോപണമാണ് ചൈന നിഷേധിച്ചത്.
യു.കെയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജയായ പ്രെമ വാങ്‌ജോം തോങ്‌ഡോക് എന്ന യുവതിയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ദുരനുഭവം പങ്കുവെച്ചത്. നവംബര്‍ 21 നായിരുന്നു സംഭവം. ലണ്ടനില്‍ നിന്ന് ജപ്പാനിലേക്കുള്ള യാത്രാമധ്യേ ഷാങ്ഹായ് പുഡോങ് വിമാനത്താവളത്തില്‍ മൂന്ന് മണിക്കൂര്‍ ട്രാന്‍സിറ്റിനിടെയായിരുന്നു ഇത്.
പാസ്‌പോര്‍ട്ടില്‍ ജന്മസ്ഥലമായി അരുണാചല്‍ പ്രദേശ് രേഖപ്പെടുത്തിയിരിക്കുന്നതാണ് ചൈനീസ് അധികൃതരെ പ്രകോപിപ്പിച്ചത്. ഇതോടെ തന്റെ മൂന്ന് മണിക്കൂര്‍ യാത്ര 18 മണിക്കൂര്‍ നീണ്ട ദുരിതമായി മാറിയെന്നും യുവതി ആരോപിച്ചിരുന്നു. അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗമാണെന്നും ചൈനീസ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനും ഉദ്യോഗസ്ഥര്‍ പറഞ്ഞതായും യുവതി വെളിപ്പെടുത്തി.
യുവതിയെ നിര്‍ബന്ധിത നടപടികള്‍ക്കോ തടങ്കലിനോ പീഡനത്തിനോ വിധേയമാക്കിയിട്ടില്ലെന്നാണ് സംഭവത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് വ്യക്തമാക്കിയത്. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും വിമാനക്കമ്പനി യുവതിക്ക് വിശ്രമിക്കാന്‍ സ്ഥലം ഒരുക്കുകയും ഭക്ഷണവും വെള്ളവും നല്‍കുകയും ചെയ്തിരുന്നുവെന്നും മാവോ നിങ് വ്യക്തമാക്കി.
മാത്രമല്ല സാങ്‌നാന്‍ ചൈനയുടെ പ്രദേശമാണെന്ന അവകാശവാദവും മാവോ നിങ് ഉന്നയിച്ചു. ഇന്ത്യ നിയമവിരുദ്ധമായി സ്ഥാപിച്ച അരുണാചല്‍ പ്രദേശ് എന്ന് വിളിക്കപ്പെടുന്ന പ്രദേശം ചൈന ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും മാവോ നിങ് പറഞ്ഞു. യുവതിയെ തടഞ്ഞുവെച്ച സംഭവത്തില്‍ ഇന്ത്യ, ചൈനയെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യക്കാരിയെ തടഞ്ഞുവയ്ക്കുകയും അപമാനിക്കുകയും ചെയ്ത നടപടി അസംബന്ധവും അസ്വീകാര്യവുമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണെന്നും യാത്രക്കാരിയെ തടഞ്ഞുവച്ച നടപടി രാജ്യാന്തര വ്യോമയാന കണ്‍വെന്‍ഷന്‍ തീരുമാനങ്ങളുടെ ലംഘനമാണെന്നും ഇന്ത്യ ചൈനയെ അറിയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
