കൊല്‍ക്കത്ത: ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന നേതാക്കള്‍ മന്ത്രിസഭയിലല്ല ജയിലിലാണ് ഉണ്ടാവേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജയിലിനുള്ളില്‍ നിന്ന് ഭരണം നടത്തുന്നത് നാണക്കേടാണെന്നും പശ്ചിമ ബംഗാളില്‍ ബിജെപി റാലിയില്‍ പങ്കെടുത്ത് മോദി പറഞ്ഞു. പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ കേസുകളില്‍ പെട്ട് 30 ദിവസത്തിലധികം ജയിലിലായാല്‍ അധികാര സ്ഥാനത്തു നിന്ന് പുറത്താക്കുന്ന ബില്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു. ഇതിനെ പിന്തുണച്ചാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍. ബില്ലിനെ എതിര്‍ത്ത തൃണമൂല്‍ കോണ്‍ഗ്രസിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
'ഒരു പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ മന്ത്രിയോ ജയിലിലായാല്‍, അവരെ പിരിച്ചുവിടാന്‍ നിയമപരമായ വ്യവസ്ഥയില്ല. ജയിലിനുള്ളില്‍ നിന്ന് അവര്‍ സര്‍ക്കാരുകള്‍ നടത്തുന്നത് എത്ര നാണക്കേടാണെന്ന് നോക്കൂ. അധ്യാപക നിയമന അഴിമതിയില്‍ ഒരു ടിഎംസി മന്ത്രി ഇപ്പോഴും ജയിലിലാണ്. എന്നിട്ടും മന്ത്രി തന്റെ സ്ഥാനം ഉപേക്ഷിക്കാന്‍ തയ്യാറായില്ല,' സ്‌കൂള്‍ റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് ജയിലിലുള്ള ബംഗാള്‍ കറക്ഷണല്‍ സര്‍വീസസ് മന്ത്രി ചന്ദ്രനാഥ് സിന്‍ഹയെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറില്‍ നടത്തിയ സന്ദര്‍ശനത്തില്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിക്കെതിരെ സമാനമായ ആക്രമണം പ്രധാനമന്ത്രി നടത്തിയിരുന്നു. ജയിലില്‍ നിന്ന് ആരും ഉത്തരവുകളിടില്ലെന്ന് ഉറപ്പാക്കുമെന്ന് മോദി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്