റാഞ്ചി: പഹല്‍ഗാം ഭീകരാക്രമണത്തിന് മൂന്ന് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ കശ്മീര്‍ സന്ദര്‍ശനം റദ്ദാക്കിയതായി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.
ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച 'സംവിധാന്‍ ബച്ചാവോ' റാലിയെ അഭിസംബോധന ചെയ്യവെയാണ് ഖാര്‍ഗെ ആരോപണം ഉന്നയിച്ചത്. കശ്മീരില്‍ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ എന്തുകൊണ്ട് ഉചിതമായ നടപടികള്‍ സ്വീകരിച്ചില്ല എന്ന് അദ്ദേഹം ചോദിച്ചു.
''ആക്രമണത്തിന് മൂന്ന് ദിവസം മുമ്പ് പ്രധാനമന്ത്രി മോദിക്ക് ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതായും അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം തന്റെ കശ്മീര്‍ സന്ദര്‍ശന പരിപാടി റദ്ദാക്കിയതായും എനിക്ക് വിവരം ലഭിച്ചു. ഞാന്‍ ഇത് ഒരു പത്രത്തില്‍ വായിച്ചു. അവിടെ പോകുന്നത് സുരക്ഷിതമല്ലെന്ന് ഇന്റലിജന്‍സിന് മുന്നറിയിപ്പ് നല്‍കാന്‍ കഴിയുമെങ്കില്‍, വിനോദസഞ്ചാരികളെയും സാധാരണക്കാരെയും സംരക്ഷിക്കാന്‍ നിങ്ങള്‍ ശരിയായ നടപടികള്‍ സ്വീകരിക്കാത്തത് എന്തുകൊണ്ട്?'' അദ്ദേഹം ചോദിച്ചു.
പാകിസ്ഥാനെതിരെ സര്‍ക്കാര്‍ എടുക്കുന്ന ഏത് തീരുമാനത്തിലും തങ്ങള്‍ ഒപ്പം നില്‍ക്കുമെന്ന് ഖാര്‍ഗെ പറഞ്ഞു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവനയെ വഞ്ചനാപരമാണെന്ന് ബിജെപി പ്രതികരിച്ചു. ആധുനിക കാലത്തെ മിര്‍ ജാഫര്‍ ആണ് ഖാര്‍ഗെയെന്നും ബിജെപി നേതാവ് സിആര്‍ കേശവന്‍ പറഞ്ഞു.
'പ്രധാനമന്ത്രിക്കെതിരായ അദ്ദേഹത്തിന്റെ വിഷലിപ്തവും അടിസ്ഥാനരഹിതവുമായ പ്രസ്താവന ഏറ്റവും നിന്ദ്യവും അപലപനീയവുമാണ്. ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ മാപ്പര്‍ഹിക്കാത്തതും ന്യായീകരിക്കാനാവാത്തതും ക്ഷമിക്കാന്‍ കഴിയാത്തതുമാണ്,' സിആര്‍ കേശവന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്