തിരുവനന്തപുരം: പ്രതീക്ഷിച്ചത് പോലെ ക്രിസ്ത്യന്‍ വോട്ടുകള്‍ ബിജെപിയ്ക്ക് ലഭിച്ചില്ലെന്ന് സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെ.എസ് രാധാകൃഷ്ണന്. മുനമ്പം സമരം നടന്ന എറണാകുളം ജില്ലയില്‍ അടക്കം ബിജെപിക്ക് ക്രിസ്ത്യന്‍ വോട്ട് ലഭിച്ചില്ലെന്നും ചെല്ലാനത്ത് താനും പ്രചാരണത്തിന് പോയിരുന്നെന്നും അവിടെയും ബിജെപി തോറ്റെന്നും രാധാകൃഷ്ണന് പറഞ്ഞു. ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തിലാണ് രാധാകൃഷ്ണന്റെ പ്രതികരണം.
ബിജെപി പ്രതീക്ഷിച്ചത്ര വോട്ടുകള്‍ ക്രിസ്ത്യന്‍ മേഖലകളില്‍ നിന്ന് ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നതാണ് വസ്തുത. 2000 ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചെങ്കിലും വളരെ കുറച്ച് പേരേ ജയിച്ചിട്ടുള്ളൂ. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ക്രിസ്ത്യന്‍ വോട്ടര്‍മാരുടെ വലിയ സ്വാധീനമുണ്ട്. ഇവിടങ്ങളിലെല്ലാം ബിജെപി സമര്‍ഥമായ രീതിയില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികള നിര്‍ത്തിയിരുന്നെങ്കിലും ഈ ജില്ലകളെല്ലാം യുഡിഎഫ് തൂത്തുവാരിയെന്നും സംസ്ഥാന ഉപാധ്യക്ഷന്‍ പറഞ്ഞു.
എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെല്ലാം യുഡിഎഫിനാണ് കൂടുതല്‍ സീറ്റ്. ഇതിന് കാരണം മുസ്ലിം- ക്രിസ്ത്യന്‍ ഏകീകരണമാണ്. ഇവരുടെ വോട്ടുകള്‍ യുഡിഎഫിനാണ് കിട്ടിയത്. അതൊരു ട്രെന്‍ഡാണ്. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ 75-80 സീറ്റുകള്‍ യുഡിഎഫിനും നാലഞ്ച് സീറ്റുകള്‍ ബിജെപിക്കും കിട്ടുമെന്നും കെ.എസ് രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു.
തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണം ജില്ലാ പ്രസിഡന്റായിരുന്ന അനീഷ് കുമാറിന്റെ പ്രവര്‍ത്തനമാണെന്നും ഉപാധ്യക്ഷന്‍ പറഞ്ഞു. അനീഷ് ആ മണ്ഡലത്തില്‍ 65,000 വോട്ട് ചേര്‍ത്തു. അത്രയും വോട്ട് ഒരു മണ്ഡലത്തില്‍ ചേര്‍ക്കുന്നത് ചെറിയ കാര്യമല്ല. 75,000 ആണ് സുരേഷ് ഗോപിയുടെ ഭൂരിപക്ഷം. അതില്‍ 65,000 വോട്ട് ഇദ്ദേഹം ചേര്‍ത്തിട്ടുണ്ട്. സുരേഷ് ഗോപിയുടെ ഗ്ലാമര്‍ മാത്രമല്ല വിജയകാരണം. വ്യക്തിപ്രഭാവം കൊണ്ട് കിട്ടാവുന്ന വോട്ടിന് കേരളത്തില്‍ പരിമിതികളുണ്ട്. കുറച്ച് ക്രിസ്ത്യന്‍ വോട്ടുകളും സുരേഷ് ഗോപിക്ക് കിട്ടിയിട്ടുണ്ട്. അല്ലാതെ ക്രിസ്ത്യന്‍ വോട്ട് കിട്ടിയതുകൊണ്ട് മാത്രം ബിജെപി ജയിച്ച മണ്ഡലമല്ല തൃശൂരെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
