തിരുവനന്തപുരം: എല്‍ഡിഎഫിനുണ്ടായത് അപ്രതീക്ഷിത തിരിച്ചടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ട് പോകും. തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോയ അനുഭവം എല്‍ഡിഎഫില്‍ ഉണ്ടെന്നും എല്‍ഡിഎഫിന്റെ അടിത്തറ തകര്‍ന്നിട്ടില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
രാഷ്ട്രീയമായ വിധി നിര്‍ണയിക്കുന്ന ജില്ലാ പഞ്ചായത്തുകളില്‍ ഏഴെണ്ണം എല്‍ഡിഎഫിനാണ്. പകുതിയിലും ജയിക്കാന്‍ സാധിച്ചുവെന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2010 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആറ് ജില്ലാ പഞ്ചായത്തുകള്‍ മാത്രമാണ് എല്‍ഡിഎഫ് വിജയിച്ചതെന്നും മറ്റ് കാര്യങ്ങളൊക്കെ പരിശോധിക്കേണ്ടതാണെന്നും എം.വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം വര്‍ഗീയ ശക്തികളുമായി പരസ്യമായും രഹസ്യമായും നീക്കുപോക്ക് നടത്തിയാണ് യുഡിഎഫ് മത്സരിച്ചതെന്നും എം.വി ഗോവിന്ദന്‍ ആരോപിച്ചു. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിനും തിരിച്ച് യുഡിഎഫ് വോട്ടുകള്‍ ബിജെപിക്കും ലഭിച്ച നിരവധിയിടങ്ങളുണ്ടെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
മതരാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്ന ശക്തികളുമായി നല്ല യോജിപ്പോടെയാണ് യുഡിഎഫ് മത്സരിച്ചത്. ഇത്തരം പ്രചാരണങ്ങള്‍ യഥാര്‍ഥത്തില്‍ ബിജെപിയേയും സഹായിച്ചു. ബിജെപിക്ക് തിരുവനന്തപുരം കോര്‍പറേഷന്‍ ജയിക്കാനായി എന്നതൊഴിച്ചാല്‍ കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടായില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കോര്‍പറേഷനുകളിലടക്കം ശക്തമായ മുന്നേറ്റമാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണ് ഇത്തവണ നേരിടേണ്ടിവന്നത്. നാല് കോര്‍പറേഷനുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. അഞ്ഞൂറോളം ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് ഭരണമുറപ്പിച്ചു. ജില്ലാ പഞ്ചായത്തിലും ബ്ലോക്കിലും മുനിസിപ്പാലിറ്റിയിലും യുഡിഎഫിന്റെ തേരോട്ടമാണ് കാണാന്‍ കഴിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
