എന്തുകൊണ്ടും ഇന്ന് കേരളത്തിന്റെ ആരോഗ്യമന്ത്രിയായിരിക്കാൻ യോഗ്യനായ
വ്യക്തി. അവധിദിനമായ ഞായറാഴ്ച ഉൾപ്പെടെ ആഴ്ചയിൽ ഏഴുദിവസവും ജോലിക്കെത്തുന്ന
ആദർശധീരൻ.
അംഗൻവാടി മുതൽ അപ്പോത്തിക്കിരി അയതുവരെയുള്ള പഠനം
പൊതുജനത്തിന്റെ നികുതിപ്പണം കൊണ്ടാണെന്നുള്ളതുകൊണ്ട് അതിനുള്ള നന്ദിയും
കടപ്പാടും കാണിക്കാൻ കച്ചകെട്ടിയിറങ്ങിയ വ്യക്തി. സംസ്ഥാനത്തെ സർക്കാർ
ആശുപത്രികളിൽ മാത്രം ജോലി ചെയ്ത് ഇക്കണ്ടകാലം വരെ ജീവിച്ച മനുഷ്യൻ.
വെയിലായാലും മഴയായാലും അത് ഗൗനിക്കതെ മോട്ടോർ ബൈക്കിൽ മാത്രം യാത്ര
ചെയ്യുന്ന 56 കാരൻ. സാധാരണക്കാരന് താമസിക്കാൻ കഴിയുന്ന തരത്തിലുള്ളൊരു
വീട്. ഇക്കാലത്തും ഇത്തരത്തിലുള്ളവർ ഉണ്ടെന്നത് വലിയ അത്ഭുതം തന്നെയാണ്.
ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയകൾ മുടങ്ങുന്ന സ്ഥിതി കണ്ടുനിൽക്കാൻ കരളിനുറപ്പില്ലാത്ത പച്ചമനുഷ്യനായിപ്പോയതുകൊണ്ട് പ്രതികരിച്ചതാണ് ഇദ്ദേഹം.
ഒരു സർക്കാർ ആശുപത്രിയിലെ മാത്രം കാര്യമല്ലെന്നും, എല്ലാ മെഡിക്കൽ കോളേജുകളുടെയും ജില്ലാ, താലൂക്ക്, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും സ്ഥിതി ഇതിലും പരിതാപകരമാണ്. അവിടെയൊന്നും ഹാരീസ് ഡോക്ടറിനെപ്പോലെ സഹജീവികളോട് മമതകാണിക്കാൻ മാത്രം കിറുക്കുള്ളവരാരും ഇല്ലെന്നു ചുരുക്കം..!
ഡോ. ഹാരീസിന്റെ വെളിപ്പെടുത്തൽ ആരോഗ്യ സംവിധാനത്തെ നാണം കെടുത്തിയെന്നും ഈ വിഷയത്തിൽ വിശദീകരണം തേടുമെന്നും പറഞ്ഞൊരു വിദ്വാനുണ്ട്. ഡി.എം.ഇ ഡോ. കെ.വി. വിശ്വനാഥൻ. അതുപറഞ്ഞ് നാക്കുവായിലിട്ടശേഷം അതിയാനെ കണ്ടവരാരുമില്ല. ഇത്തരത്തിലുള്ള ഇത്തിക്കണ്ണികളാണ് നാടിനാപത്ത്.
മന്ത്രി വീണാ ജോർജ് മിടുക്കിയാണ്. ആ മിടുക്ക് ആതുരസേവന രംഗത്തിനിണങ്ങിയതല്ല. പത്രപ്രവർത്തനം നടത്തേണ്ടവൾ പാട്ടുകുർബാനയ്ക്ക് പോയാലെങ്ങിനെയിരിക്കും...! നാട്ടിലെ അച്ചടി ദൃശ്യമാധ്യമങ്ങൾക്ക് വീമ്പുപറയാൻ അവകാശമുണ്ടോ..?പ്രതിപക്ഷത്തിന് ഇക്കാര്യത്തിൽ സമരംനടത്താനുമുള്ള യോഗ്യതയുണ്ടോ..? ആത്മപരിശോധന നടത്തേണ്ടതാണ്. ഇത്തരം ക്രമക്കേടുകൾ കണ്ടുപിടിച്ച് പൊതുരംഗത്തു കൊണ്ടുവരേണ്ടവർ അതിനു മുതിരാതെ, സ്ഥിരം പേക്കൂത്തുകൾ കാണിക്കുന്നത് ജനങ്ങളിൽ ചിരിപരത്താൻ മാത്രമേ ഇടയാക്കൂ. പ്രതിപക്ഷം എന്നെങ്കിലും ഭരണപക്ഷത്തു വരികയാണെങ്കിൽ ഡോ. ഹാരീസിനെയോ, അതുപോലുള്ളവരേയോ ആരോഗ്യമന്ത്രിയാക്കുമെന്നു ഇപ്പോഴെ പ്രഖ്യാപിക്കാൻ കഴിയുമോ..? അതുമല്ലെങ്കിൽ ദുർച്ചെലവുകളെല്ലാം ഒഴിവാക്കി പാവപ്പെട്ടവരുടെ ചികിത്സാ സംവിധനം നേരാവണ്ണം നടപ്പിലാക്കിയിട്ടേ അടങ്ങു എന്നു പറയാനുള്ള ചങ്കുറ്റമുണ്ടോ പ്രതിപക്ഷത്തിന്..? ഇതൊന്നുമില്ലെങ്കിൽ ഇടതുപക്ഷവും വലതുപക്ഷവും തമ്മിൽ എന്തുവ്യത്യാസം..?
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്